Discourse
മൂന്ന് (നോവല്‍), പതിനൊന്നാം ഭാഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Sep 26, 09:07 am
Wednesday, 26th September 2012, 2:37 pm


വി.എച്ച് നിഷാദിന്റെ നോവല്‍, പതിനൊന്നാം ഭാഗം

 

നോവല്‍/വി എച്ച് നിഷാദ്

വര/ മജ്‌നി തിരുവങ്ങൂര്‍


മൂന്നിന്റ ക്രൂരത കലര്‍ന്ന മുഷ്‌ക്കില്‍ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമായിരുന്നില്ല. ഓരോ മനുഷ്യ ജീവിയേയും അവരുടെ നിഴല്‍ എത്ര മാത്രം കടപ്പാടോടെ പിന്തുടരുന്നോ അതിനേക്കാള്‍ ഉഗ്രമായി മൂന്നിന്റെ നിബന്ധനകള്‍ പ്രേമരാജ്യത്തിലെ ജനതയെ അസംബന്ധങ്ങളോട് ഒട്ടിച്ച് വെച്ചു. യുക്തിയുടെ സാധ്യതയോ, കേവല തര്‍ക്കത്തിന്റെ മാന്യതയോ പാലിക്കാനാകാത്തതായിരുന്നു അവയില്‍ ഏറിയ കൂറും. ഒരു അസംബന്ധത്തെ പിന്തുടര്‍ന്ന് വന്ന  മറ്റൊരു അസംബന്ധം ചരടിലെ ഉറുക്കുകെട്ടുകള്‍ പോലെ  ആ രാജ്യത്ത് പിന്നേയും  മുന്നോട്ട്  തന്നെ നീണ്ടു പോയിക്കൊണ്ടിരുന്നു. []

പൊതു ഇടങ്ങളിലെ കര്‍ഫ്യൂകള്‍ അതി കഠിനമായിക്കൊണ്ടിരുന്നതിനാല്‍  പുറത്തിറങ്ങുക എന്ന കര്‍മ്മം ദിവസങ്ങള്‍ പിന്നിടുന്തോറും  കൂടുതല്‍ സ്വപ്‌നതുല്യമായി. റേഷന്‍ കുടിവെള്ളത്തിനും റൊട്ടികള്‍ക്കുമായി ആരും തന്നെ നഗരചത്വരങ്ങളില്‍ കാത്ത് നില്‍ക്കേണ്ട ആവശ്യമില്ലായിരുന്നു. ഓരോ മൂന്ന് ദിവസം പിന്നിടുമ്പോഴും ലിറ്റില്‍ ആര്‍മിയിലെ പട്ടാളക്കാര്‍ ബ്യൂഗിളുകള്‍ വായിച്ച് രാജ്യത്തെ ഓരോ വീടിനേയും സമീപിച്ചു. വാതില്‍ തുറന്ന് തങ്ങള്‍ക്ക് പുതുതായി അനുവദിക്കപ്പെട്ട  അക്കനാമത്തിന്റെ ഐഡന്റിറ്റി കാര്‍ഡ് അവര്‍ പട്ടാളക്കാര്‍ക്ക് മുന്നില്‍ നീട്ടിപ്പിടിക്കണം. അങ്ങനെ ഹാജറാകുന്ന ഓരോ കാര്‍ഡിനും മൂന്ന് ഉണങ്ങിയ റൊട്ടികള്‍ വീതം പകരം  ലഭിച്ചു.

തീയും അടുപ്പും നിഷേധിക്കപ്പെട്ടിരുന്നതിനാല്‍, രഹസ്യമായി ഭക്ഷണ സാമഗ്രികള്‍ല സൂക്ഷിച്ചു വെച്ചാല്‍ പോലും, അവ പാചകം ചെയ്യുക അസാധ്യമായിരുന്നു. എന്നിട്ടും ചിലര്‍, പാതിരാ നേരങ്ങളില്‍  വേവിക്കാത്ത പച്ചക്കറികള്‍ കൊണ്ടുള്ള വിഭവങ്ങള്‍ ഉണ്ടാക്കി മനസ്സിന്റെ ഭക്ഷ്യ വേദനയെ അടക്കി.

അടുത്ത മൂന്നു ദിവസത്തെ തങ്ങളുടെ രസന കാമനകളെ ഇങ്ങനെ ദാനമായി കിട്ടുന്ന റൊട്ടികള്‍ കൊണ്ട് അടക്കി നിര്‍ത്തണമായിരുന്നു  അവര്‍ക്ക്. പലരും വിശപ്പ് സഹിക്കാനാവാതെ പച്ചിലകള്‍  ചൂടുവെള്ളത്തിലിട്ട് വേവിച്ചും മേല്‍ക്കൂരകളില്‍ ചീറിപ്പായും എലികളെ കെണിയിട്ട് പിടിച്ച് തീയില്‍ ചുട്ടെടുത്തും വിശപ്പ് എന്ന പരമമായ സത്യത്തെ എതിരിട്ടു. അതിനും കഴിയാത്തവര്‍ സ്വന്തം ഭാര്യമാരിലും  വേലക്കാരികളിലും കാമം എന്ന ഉഗ്ര വാഹനത്തെ ദിക്കുനോക്കാതെ തുറന്നു വിട്ടു. ചുരുക്കത്തില്‍, രതി എന്നത് ആ ജനതയെ സംബന്ധിച്ചിടത്തോളം വായു പോലെ അനിവാര്യമായിത്തീര്‍ന്ന ഒരു കാലം അവിടെ വന്ന് ചേര്‍ന്നു.

തീയും അടുപ്പും നിഷേധിക്കപ്പെട്ടിരുന്നതിനാല്‍, രഹസ്യമായി ഭക്ഷണ സാമഗ്രികള്‍ല സൂക്ഷിച്ചു വെച്ചാല്‍ പോലും, അവ പാചകം ചെയ്യുക അസാധ്യമായിരുന്നു. എന്നിട്ടും ചിലര്‍, പാതിരാ നേരങ്ങളില്‍  വേവിക്കാത്ത പച്ചക്കറികള്‍ കൊണ്ടുള്ള വിഭവങ്ങള്‍ ഉണ്ടാക്കി മനസ്സിന്റെ ഭക്ഷ്യ വേദനയെ അടക്കി. വാഴപ്പിണ്ടി സാലഡും, കാരറ്റ് സാലഡും, തക്കാളി സാലഡും മത്തന്‍-പടവലങ്ങാ പച്ചടിയുമെല്ലാം ഈ വിധത്തില്‍ തയ്യാറാക്കപ്പെട്ടു.
വടക്കന്‍ പ്രവിശ്യയില്‍ താമസിച്ചിരുന്ന ബ്യൂട്ടിഷനായ സൂഫിയാന്റി ഇക്കാലത്തിന്റെ പാചക ഡയറിയില്‍ എഴുതിയിട്ട, ഇന്ധനം കൊണ്ട് പാചകം ചെയ്യേണ്ടതില്ലാത്ത, മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ കൊണ്ടുള്ള സാലഡിന്റെ റെസിപ്പിയിതാ:

മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ കൊണ്ടുള്ള സാലഡ്

ചേരുവകള്‍:
മുളപ്പിച്ച നിലക്കടല-അര കപ്പ്
മുളപ്പിച്ച ചെറുപയര്‍-രണ്ടു കപ്പ്
കാരറ്റ് ചിരവിയത്-അര കപ്പ്
വെള്ളരിക്ക ചിരവിയത്-അര കപ്പ്
തക്കാളി നുറുക്കി അരിഞ്ഞത് -അര കപ്പ്
നാളികേരം ചുരണ്ടിയത്-രണ്ടു കപ്പ്
കാബേജില നുറുക്കി അരിഞ്ഞത്-കാല്‍ കപ്പ്
ചുവന്നുള്ളി നുറുക്കി അരിഞ്ഞത്-കാല്‍ കപ്പ
മല്ലിയില നുറുക്കി അരിഞ്ഞത്-രണ്ടു ടീ സ്പൂണ്‍
ഇഞ്ചി നുറുക്കി അരിഞ്ഞത്-ഒരു ടീ സ്പൂണ്‍
പുളിയില്ലാത്ത തൈര്- രണ്ടു കപ്പ്
ഉപ്പ്- ആവശ്യത്തിന്

ചേരുവകളെല്ലാം ഒരുമിച്ചു ചേര്‍ത്ത് ഇളക്കിയ ശേഷം ആവശ്യമെങ്കില്‍ കടുക് വറത്തിട്ട് ഉപയോഗിക്കാവുന്നതാണ്. രോഗികള്‍ ഈ സാലഡ് കഴിക്കുമ്പോള്‍ ഉപ്പും കടുകും ഒഴിവാക്കേണ്ടതാണ്.

ചിലര്‍ അതിനെ ‘മൂന്നിന്റെ ബിരിയാണി’ എന്നു തന്നെ പേര്‍ വിളിച്ചു.

എന്നാല്‍ ഈ ചേരുവകളെല്ലാം ഒപ്പിച്ചെടുക്കാന്‍ സോഫിയാന്റി തന്നെ കഷ്ടപ്പെട്ടിരുന്നു. ഒരു പക്ഷെ മൂന്നു പിന്‍വലിച്ചു കഴിഞ്ഞാല്‍ മൂന്നിന്റെ സ്മരണയ്ക്കായി ഈ സാലഡ് പരീക്ഷിക്കാമെന്നും അവരും ഈ റെസിപ്പി രഹസ്യമായി കൈപ്പറ്റിയ ചില അയല്‍ക്കാരും മനസില്‍ കരുതിയിരുന്നു.
അതേ സമയം മൂന്ന് വാഗ്ദാനം ചെയ്ത ഉണക്കചപ്പാത്തിയും റൊട്ടിയും മടുത്ത ചില കൂട്ടര്‍ ഇത്തരത്തില്‍ കിട്ടിയ ചപ്പാത്തിയും റൊട്ടിയും കഷണങ്ങളായി പിന്നിയിട്ട്, അതില്‍ ഒറ്റയൂക്കിന് അടിച്ചു കൊല്ലുന്ന പാറ്റകളുടേയോ, ഉറുമ്പുകളുടേയോ കൊച്ചുദേഹങ്ങള്‍ കൂടി വിതറി, തക്കാളിയോ ഉള്ളിയോ അതില്‍ മേമ്പൊടി പോലെ വിതറിയിട്ട് ഒരു വിഭവം തയ്യാറാക്കിയിരുന്നു. ചിലര്‍ അതിനെ “മൂന്നിന്റെ ബിരിയാണി” എന്നു തന്നെ പേര്‍ വിളിച്ചു.

 

അന്തരീക്ഷത്തില്‍ ഏതു നിമിഷവും ലക്ഷ്യം തെറ്റി വീണേക്കാവുന്ന ബാരിഷിന്റെ ഒരു ചൂളമടിക്കായി സമീറയും വെറുതേ കാത്തിരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കാലമായി സമീറയെക്കുറിച്ചുള്ള ഒരു വിവരവും ബാരിഷും അറിയുന്നുണ്ടായിരുന്നില്ല.
എങ്കിലും തന്നേക്കാള്‍ എന്തു കൊണ്ടും സുരക്ഷിതയായിരിക്കും അവള്‍ എന്നൊരു  വീമ്പ് കൂടിയ ആത്മവിശ്വാസം അവന്‍ ബാക്കി വെച്ചു.
റേഡിയോ സ്റ്റേഷനിലെ ജീവനക്കാരെ സര്‍ക്കാരിന്റെ മുതല്‍ക്കൂട്ടായിട്ടാണ് മൂന്നിന്‍ഭരണകൂടം കണ്ടിരുന്നത്.
അവരെ കൊണ്ടുവരാനും കൊണ്ടുപോകാനുമായി റേഡിയോ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ ആര്‍മി ജീപ്പുകള്‍ സജ്ജമായി നിന്നിരുന്നു.
രാജ്യത്തെ ജനങ്ങള്‍ക്ക് പ്രതീക്ഷയോടെ ജീവിക്കാനാവാശ്യമായ പ്രോഗ്രാമുകള്‍ തയ്യാറാക്കി നല്‍കലായിരുന്നു അവരുടെ ചുമതല.
വാര്‍ത്തകള്‍  മൂന്ന് മാസത്തേക്ക് നിരോധിച്ചിരിക്കുന്നതിനാല്‍ പാട്ടുകള്‍ മാത്രമായിരുന്നു ആശ്രയം.

ആ ഗാനങ്ങളിലൂടെ സ്വപ്‌നങ്ങള്‍ ഇല്ലായ്മ ചെയ്യപ്പെട്ട ഒരു ജനത ഭൂതകാലക്കുളിരിലേക്കും വര്‍ത്തമാനകാല സത്യങ്ങളിലേക്കും  മാറിമാറി സഞ്ചരിച്ചു.
ഓര്‍മകളെ ചേര്‍ത്ത് പിടിക്കുന്നതും  മനസില്‍ ഗൃഹാതുരത കുത്തി നിറയ്ക്കുന്നതുമായ ഗാനങ്ങള്‍ റേഡിയോ സ്റ്റേഷനുകള്‍ ഇടതടവില്ലാതെ പ്രക്ഷേപണം
ചെയ്തു.

മുഖമില്ലാതായ ഒരു വലിയ ആള്‍ക്കൂട്ടത്തെ ഇത്തരം പാട്ടുകള്‍ അതിസാധാരണമായ ഇടപെടല്‍ കൊണ്ട് നിരന്തരം യാഥാര്‍ത്ഥ്യത്തിലേക്ക്
പ്രവേശിപ്പിച്ചു. ഹൃദയത്തോട് സംസാരിക്കുന്ന ഏതെങ്കിലുമൊന്നിനായി ഒരു ജനത കാത്തിരുന്നു.
എന്തിന്, ഏക കാലത്തിലുള്ള ഒരു ചൂളമടിയുടെ ശബ്ദം പോലും മതിയായിരുന്നു അക്കാലത്ത് അവരെ ഒന്നിപ്പിച്ചു നിര്‍ത്താന്‍.

അന്തരീക്ഷത്തില്‍ ഏതു നിമിഷവും ലക്ഷ്യം തെറ്റി വീണേക്കാവുന്ന ബാരിഷിന്റെ ഒരു ചൂളമടിക്കായി സമീറയും വെറുതേ കാത്തിരുന്നു.

 

(തുടരും)


മുന്‍ അദ്ധ്യായങ്ങള്‍

പ്രേമം എന്ന രാജ്യത്തെ വായിക്കുന്നതിനു മുമ്പ്…

മൂന്നിനു മുമ്പ്; വി.എച്ച് നിഷാദിന്റെ നോവല്‍ ആരംഭിക്കുന്നു

മൂന്ന് (നോവല്‍), ഒന്നാം ഭാഗം

മൂന്ന് (നോവല്‍), രണ്ടാം ഭാഗം

മൂന്ന് (നോവല്‍), മൂന്നാം ഭാഗം

മൂന്ന് (നോവല്‍),നാലാം ഭാഗം

മൂന്ന് (നോവല്‍), അഞ്ചാം ഭാഗം

മൂന്ന് (നോവല്‍), ആറാം ഭാഗം

മൂന്ന് (നോവല്‍), ഏഴാം ഭാഗം

മൂന്ന് (നോവല്‍), എട്ടാം ഭാഗം

മൂന്ന് (നോവല്‍), ഒന്‍പതാം ഭാഗം

മൂന്ന് (നോവല്‍), പത്താം ഭാഗം