| Wednesday, 5th September 2012, 11:22 am

മൂന്ന് (നോവല്‍), എട്ടാം ഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്


വി.എച്ച് നിഷാദിന്റെ നോവല്‍, എട്ടാം ഭാഗം

നോവല്‍/വി എച്ച് നിഷാദ്

വര/ മജ്‌നി തിരുവങ്ങൂര്‍


7-റദ്ദാക്കപ്പെട്ട സ്വാതന്ത്യം
(13-ാം വകുപ്പ്)

ഭരണഘടന അനുസരിച്ച് എല്ലാ പൗരന്മാരില്‍ നിന്നും പിന്‍വലിച്ച  “മൗലിക സ്വാതന്ത്യങ്ങള്‍” ഉള്‍ക്കൊണ്ട സുപ്രധാന വകുപ്പാണത്. താഴെപ്പറയുന്നവയാണ് ആ റദ്ദാക്കപ്പെട്ട സ്വാതന്ത്യങ്ങള്‍:
1.പ്രസംഗിക്കാനും അഭിപ്രായം പറയാനും എസ്.എം.എസുകള്‍ അയക്കാനുമുള്ള സ്വാതന്ത്യം.[]
2.കൂട്ടായ്മകള്‍ ചേരാനുള്ള സ്വാതന്ത്യം
3.അസോസിയേഷനുകളും ആക്ടിവിസ്‌ററ് ഗ്രൂപ്പുകളും രൂപവല്‍ക്കരിക്കാനുള്ള അവകാശം.
4.പ്രേമത്തിന്റെ എല്ലാ പ്രവിശ്യകളിലും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം.
5.പ്രേമ പ്രദേശത്തുള്ള ഏതു സ്ഥലങ്ങളിലും താമസിക്കാനും സ്ഥിരവാസമുറപ്പിക്കാനുമുള്ള അവകാശം.
6.ഏതു തൊഴില്‍ ചെയ്യാനും ഏതു തരം ബിസിനസ്സില്‍ ഏര്‍പ്പെടാനുമുള്ള അവകാശം.

1975-ല്‍ ഭരണഘടനയ്ക്ക് രൂപം കൊടുത്തപ്പോള്‍ പ്രണയിക്കുവാനും പ്രണയിനിയെ സ്വന്തമാക്കാനുമുള്ള അവകാശവും ഇക്കൂട്ടത്തില്‍ പെടുത്തിയിരുന്നു.

1975-ല്‍ ഭരണഘടനയ്ക്ക് രൂപം കൊടുത്തപ്പോള്‍ പ്രണയിക്കുവാനും പ്രണയിനിയെ സ്വന്തമാക്കാനുമുള്ള അവകാശവും ഇക്കൂട്ടത്തില്‍ പെടുത്തിയിരുന്നു.


എന്നാല്‍ 33-ാം ഭേദഗതി അനുസരിച്ച് ആ അവകാശം ഈ അധ്യായത്തില്‍ നിന്നു നീക്കം ചെയ്യപ്പെട്ടു.

(മൂന്നിന്റെ ഭരണഘടനയില്‍ നിന്ന്)

ഒരു സമരമോ ഉപേരാധമോ കൂടി നടത്താനാവാത്ത അവസ്ഥയായിരുന്നു പ്രേമത്തില്‍.  എന്നാല്‍ മൂന്നു പ്രഖ്യാപിക്കുന്നതിനു മുമ്പ് അവിടത്തെ സ്്ഥിതി മറ്റൊന്നായിരുന്നു. രാജ്യത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നിലവിലുണ്ടായിരുന്നു.

ഉള്ളത് മൂന്നിന്റെ ഭരണകൂടം മാത്രം. ഇനി ഏവരും മൂന്നിന്റെ ജനങ്ങള്‍.

രണ്ട്, ഏഴ് എന്നിങ്ങനെ അവ അറിയപ്പെട്ടു. കൂട്ടത്തില്‍ പ്രബലരായ രണ്ടിന്റെ കൂട്ടരുടെ കയ്യിലായിരുന്നു സ്വാഭാവികമായും അധികാരം.
തിണ്ണമിടുക്കും സ്വജനപക്ഷപാതവും അഴിമതിയുമെല്ലാം രണ്ടിനെ പിന്‍പറ്റി നടക്കുന്നവരുടെ കൂടപ്പിറപ്പുകളായി. അവര്‍ തങ്ങളെ മാത്രം  സ്‌നേഹിക്കാന്‍ പഠിച്ചവരായിരുന്നു.

എന്നാല്‍ ഏഴിന്റെ കൂട്ടം ജനങ്ങളോടൊപ്പം ഇണ നിഴലുകള്‍ പോലെ നിന്നു. അവര്‍ക്കാകട്ടെ ശബ്ദവും കുറവായിരുന്നു.

എന്നാല്‍ പൊടുങ്ങനെ മൂന്നു പ്രഖ്യാപിച്ചതോടെ മണ്ണിനടിയിലേക്ക് പിന്‍വലിക്കപ്പെട്ട രണ്ടു മരങ്ങള്‍ പോലെ രാജ്യത്തു നിന്ന് ഈ രണ്ടു രാഷ്ടീയ പാര്‍ട്ടികളും  നിഷ്‌കാസിതരായി. ഇനി മൂന്നു മാസത്തേക്ക് പ്രേമം എന്ന രാജ്യത്ത് രണ്ട്  രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇല്ല.പ്രസിഡന്റ് പ്രഖ്യാപിച്ചു.

ഉള്ളത് മൂന്നിന്റെ ഭരണകൂടം മാത്രം.
ഇനി ഏവരും മൂന്നിന്റെ ജനങ്ങള്‍.

എന്നാല്‍ രാഷ്ടീയത്തെ ഇത്തിള്‍ക്കണ്ണിയെന്ന വണ്ണം പറിച്ചു കളഞ്ഞ ഒരു നാട്ടില്‍ ചിലര്‍ക്കെങ്കിലും അവരുടേതായ ചില സമര മാര്‍ഗങ്ങളുണ്ടായിരുന്നു.
മൂന്നു പേ പോലെ ബാധിച്ച ആ രാജ്യത്ത് ഒരു നാല്‍പതുകാരന്‍ നടത്തിയ ഒരു   പ്രതിരോധത്തിന്റെ  കഥ കേള്‍ക്കാം-

അയാള്‍ ആയ കാലത്ത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. പില്‍ക്കാലത്ത് സ്വമേധയാ അടുത്തൂണ്‍ പറ്റി.
മനുഷ്യ ജീവിക്കു മേല്‍ അന്യായമായി നടത്തുന്ന ഒരക്രമവും ഒട്ടും തന്നെ വക വെച്ചു കൊടുക്കാത്ത ഒരിനമായിരുന്നു ആ മനുഷ്യന്‍. ഭൂമിയില്‍ അധികം കണ്ടു മുട്ടാത്ത  ഒരു പ്രത്യേക ജനുസ്സ്.

തന്റെ ജീവിതകാലത്തിനിടയ്ക്ക് നാലു മൂന്നുകള്‍ക്ക് അയാള്‍ ഇതിനകം ദൃക്‌സാക്ഷിയായിക്കഴിഞ്ഞിരിക്കുന്നു. ഒടുവിലത്തെ മൂന്നു പ്രഖ്യാപിച്ചപ്പോള്‍ അയാളും അറസ്റ്റിലായിരുന്നു.

രഹസ്യപ്പോലീസുകാര്‍ പതിവു പോലെ അയാളുടെ വീട് പരിശോധിക്കുകയായിരുന്നു. സ്വീകരണമുറിയിലിരുന്ന ഒരു ചെടിച്ചട്ടി അതിലൊരാള്‍ ശ്രദ്ധിച്ചത് അപ്പോഴാണ്.
അതെ, അതു തന്നെ. മറ്റൊരു പോലീസുകാരന്‍ ആ സംശയത്തിന് വാസ്തവത്തിന്റെ അടിവരയിട്ടു.

“എന്താണിത്?”
ചെടിച്ചെട്ടിയിലേക്ക് ആഭാസന്മാരെപ്പോലെ അശ്ലീലച്ചുവയില്‍ തുറിച്ചു നോക്കി അവരിലൊരാള്‍ ചോദിച്ചു.
“ഏത്?”

വളരെ ദുര്‍ബലനായി പിശകിക്കൊണ്ട് ,തനിക്ക് തീരെ അറിയാത്ത എന്തോ ഒന്നിനെപ്പറ്റിയാണ് ആ പോലീസുകാര്‍ സംസാരിക്കുന്നത്
എന്ന  മട്ടില്‍ , അയാള്‍ ചോദിച്ചു.
“ആ ചെടിച്ചട്ടിയില്‍ നില്‍ക്കുന്നത..”

“ഓ. അതോ…ഒരു പാവം നെല്‍ച്ചെടി.. !”

എന്ത് , മൂന്നിന്റെ കാലത്ത് ഒരു പൗരന്‍ സര്‍ക്കാരെ കബളിപ്പിച്ചു കൊണ്ട് സ്വന്തമായി ധാന്യം മുളപ്പിക്കുകയോ….!

അതിന്റെ പുല്‍നാമ്പുകള്‍ക്ക് തന്റെ വിരലുകളാല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് അയാള്‍ പറയുകയായിരുന്നു.എന്ത് , മൂന്നിന്റെ കാലത്ത് ഒരു പൗരന്‍ സര്‍ക്കാരെ കബളിപ്പിച്ചു കൊണ്ട് സ്വന്തമായി ധാന്യം മുളപ്പിക്കുകയോ….!

മൂന്നിന്റെ കടുത്ത ലംഘനമായിരുന്നു അത്. അയാളെ മൂന്നു വര്‍ഷത്തെ കഠിന തടവിനാണ് മൂന്നിന്റെ പ്രത്യേക കോടതി വിധിച്ചത്.

എന്നാല്‍ ഏറ്റവും പുതിയ ഈ  മൂന്നു പ്രഖ്യാപനത്തെ വളരെ നിസ്സംഗമായി നേരിട്ട വളരെ ചുരുക്കം പേരിലൊരാള്‍ അയാളായിരുന്നു. ആ വാര്‍ത്ത പുറത്തു
വരുമ്പോള്‍ തന്റെ പൂന്തോട്ടം നനച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു അയാള്‍ . ഭൂമിക്കു മേല്‍ തീര്‍ത്തും നിസ്സാരമായ ഒരു മഞ്ഞു വീഴ്ച കൂടി സംഭവിച്ചു കഴിഞ്ഞതായി മാത്രം അയാള്‍ക്കനുഭവപ്പെട്ടു.മൂന്നിന്റെ നാളുകളില്‍ പിന്നീടയാള്‍ പുറത്തിറങ്ങിയില്ല.

സുരക്ഷിതത്വം കളിമണ്ണു തേച്ച വീട്ടിന്റെ പുറന്തോടിനകത്ത് ഒരു ഇഴ ജീവിയെപ്പോലെ അയാള്‍ ഒളിഞ്ഞു കൂടി. കര്‍ഫ്യൂവില്‍ അയവു ലഭിച്ച നേരങ്ങളില്‍ ടെറസിനു മുകളില്‍ ഏറെ മൗനത്തോടെ  കൂനി നടന്നു. ഏറിയ  സമയവും അന്തര്‍മുഖനായി തന്നെ കഴിഞ്ഞു കൂടി.

രാജ്യത്ത് മൂന്നു പ്രഖ്യാപിച്ചിട്ട് ഒരു മാസം ആയപ്പോള്‍ ജിജ്ജാസ തീ പിടിപ്പിച്ച കണ്ണുകളുമായി ഒരു ദിവസം അയാള്‍ കളിമണ്‍ മണമുള്ള ടെറസിലേക്ക് കടന്നു വന്നു.
അവിടെ ഒരു മൂലയ്ക്കായി നിഗൂഢമായ ഒരു രഹസ്യം പോലെ ഒരു ചാക്കു പൊതിഞ്ഞു കെട്ടി വെച്ചിരുന്നു.

അതിനെ മൂടിയിരുന്ന പഴയ കൊതുകു വല പിശറി മാറ്റവേ പച്ചക്കഴുത്തില്‍ തുള്ളിക്കുതിക്കുന്ന നൂറു കണക്കിന് ധാന്യച്ചെടികളുടെ മുള ജീവിതത്തിന്റെ നിര്‍ത്താത്ത സമരം പോലെ അയാള്‍ക്കു കാണാമെന്നായി.

ഇവിടെയിതാ ഒരു മധ്യ വയസ്‌കനു വേണ്ടി നൂറു നെല്‍ച്ചെടികളുടെ സമരങ്ങള്‍. അതെ, പ്രേമമെന്ന രാജ്യത്ത് ചില പ്രതിരോധ സമരങ്ങള്‍ ഇങ്ങനെയായിരുന്നു.
അതി നിശബ്ദവും, എന്നാല്‍ അങ്ങേയറ്റം ഫലഭൂയിഷ്ടവും.

(തുടരും)


മുന്‍ അദ്ധ്യായങ്ങള്‍

പ്രേമം എന്ന രാജ്യത്തെ വായിക്കുന്നതിനു മുമ്പ്…

മൂന്നിനു മുമ്പ്; വി.എച്ച് നിഷാദിന്റെ നോവല്‍ ആരംഭിക്കുന്നു

മൂന്ന് (നോവല്‍), ഒന്നാം ഭാഗം

മൂന്ന് (നോവല്‍), രണ്ടാം ഭാഗം

മൂന്ന് (നോവല്‍), മൂന്നാം ഭാഗം

മൂന്ന് (നോവല്‍),നാലാം ഭാഗം

മൂന്ന് (നോവല്‍), അഞ്ചാം ഭാഗം

മൂന്ന് (നോവല്‍), ആറാം ഭാഗം

മൂന്ന് (നോവല്‍), ഏഴാം ഭാഗം


We use cookies to give you the best possible experience. Learn more