| Tuesday, 8th October 2013, 12:48 am

വി.എച്ച് നിഷാദിന്റെ പുതിയ നോവല്‍ 'മൂന്ന് ' പ്രകാശനം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: എഴുത്തുകാരനും ഡൂള്‍ ന്യൂസ് ഡോട്ട് കോം ലിറ്റററി എഡിറ്ററുമായ വി.എച്ച് നിഷാദിന്റെ പുതിയ പുസ്തകം മൂന്ന് തിരുവനന്തപുരം ഡി സി അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു.

ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മലയാളത്തിലെ തിരഞ്ഞെടുത്ത നൂറ് എഴുത്തുകാര്‍ പങ്കെടുക്കുന്ന ഡി സി സാഹിത്യോത്സവത്തിലെ പുതിയ കൃതികളുടെ പ്രകാശനമായിരുന്നു ഇന്നലെ നടന്നത്.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതാ പരിഭാഷകള്‍ (ബാലചന്ദ്രന്‍ ചുള്ളിക്കാട്), സൈനികന്റെ പ്രേമലേഖനം (കെ.ജി.ശങ്കരപ്പിള്ള), കറപ്പന്‍ (അശോകന്‍ ചരുവില്‍ ), മൂന്ന് (വി.എച്ച്.നിഷാദ്), അപര്‍ണ്ണയുടെ തടവറകള്‍ (അശ്വതിയുടെയും) (ചന്ദ്രമതി), പ്രാണസഞ്ചാരം (രാജീവ് ശിവശങ്കര്‍ ), ചോരപ്പുഴകള്‍ (ടി.കെ.അനില്‍കുമാര്‍ ), ദുനിയ (ഇ.കെ.ഷീബ) എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

1980കളില്‍ ചെറുപ്പക്കാരെ മുഴുവന്‍ കവിതകളിലൂടെ വശീകരിച്ച് ഒപ്പം നടത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാട് പലപ്പോഴായി പരിഭാഷ നിര്‍വഹിച്ച കവിതകളുടെ സമാഹാരമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതാ പരിഭാഷകള്‍.

മൂന്ന് എന്ന സംഖ്യയ്ക്കും നിയമത്തിനും പിറകേ പായുന്ന ഒരു രാജ്യത്തിന്റെ കഥയാണ് വി.എച്ച് നിഷാദിന്റെ മൂന്ന് എന്ന നോവല്‍ പറയുന്നത്.

ഭാഷാ ഇന്‍സ്‌ററിററ്യൂട്ട് ഡയറക്ടര്‍ എം.ആര്‍. തമ്പാന്‍ , അശോകന്‍ ചരുവില്‍ , ചന്ദ്രമതി, വി.എച്ച്. നിഷാദ്, രാജീവ് ശിവശങ്കര്‍ , ടി.കെ.അനില്‍കുമാര്‍ , പ്രകാശ് മാരാഹി, പി.എസ്.സുരേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സര്‍ഗോല്‍സവവും അരങ്ങേറി.

We use cookies to give you the best possible experience. Learn more