ന്യൂദല്‍ഹി: ഉന്നാവോയില്‍ ലൈംഗികാക്രമണത്തിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും നേരിട്ട ആക്രമണങ്ങള്‍ വിശദീകരിക്കവേ കോടതിയില്‍ വിതുമ്പി അമിക്കസ് ക്യൂറി വി. ഗിരി. ജീവിതത്തില്‍ ഇതുപോലൊരു കേസ് കണ്ടിട്ടില്ലയെന്നു പറഞ്ഞാണ് ഗിരി തുടങ്ങിയത്.
‘എന്റെ ജീവിതത്തില്‍ ഞാന്‍ ഇങ്ങനെ ഒരു കേസ് കണ്ടിട്ടില്ല. ഒരു സാധാരണ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നു. പെണ്‍കുട്ടിയുടെ അമ്മയും ബലാത്സംഗത്തിന് വിധേയ ആകുന്നു (പ്രതികള്‍ വ്യത്യസ്തം ആണ് ). ഇരയുടെ പിതാവിനെ കേസ്സില്‍ കുടുക്കി കസ്റ്റഡിയില്‍ എടുക്കുന്നു. കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെടുന്നു. ബലാല്‍സംഗ കേസ് വിചാരണയ്ക്ക് വരാന്‍ സമയമായപ്പോള്‍ ഇര സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നു. ഇര ഇപ്പോള്‍ ജീവന്‍ നിലനിറുത്താന്‍ വെന്റിലേറ്ററില്‍ ആണ്.’ എന്നു പറഞ്ഞാണ് അദ്ദേഹം വിതുമ്പിയത്.
ഗിരിയുടെ വാക്കുകളോട് പ്രതികരിച്ചുകൊണ്ട് ‘ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?’ എന്ന് കോടതി സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു.
അതിനിടെ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതു സംബന്ധിച്ച വിഷയത്തില്‍ ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ഏഴു ദിവസനത്തിനകം കോടതിയില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ഉന്നാവോ ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട കേസുകള്‍ ലഖ്‌നൗവില്‍ നിന്നും ദല്‍ഹിയിലേക്ക് മാറ്റാനും കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും കേന്ദ്രസേനയുടെ സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 45 ദിവസത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്.