| Sunday, 31st December 2023, 12:26 pm

രാമക്ഷേത്ര ഉദ്ഘാടനം; കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ചുള്ള സുപ്രഭാതം എഡിറ്റോറിയല്‍ അപക്വവും തെറ്റായ നടപടിയും: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സമസ്തയുടെ മുഖപത്രം സുപ്രഭാതത്തില്‍ കോണ്‍ഗ്രസിന്റെ അയോധ്യ വിഷയത്തിലെ നിലപാടിനെ വിമര്‍ശിച്ചെഴുതിയ എഡിറ്റോറിയല്‍ അപക്വവും വളരെ നേരത്തെയുള്ളതുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസിനല്ല ചില നേതാക്കള്‍ക്കാണ് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരിക്കുന്നതെന്നും അതില്‍ പാര്‍ട്ടി ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് ഇതുപോലൊരു എഡിറ്റോറിയല്‍ എഴുതേണ്ടതുണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാളപെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കേണ്ടതുണ്ടോ എന്ന് ചോദിച്ച വി.ഡി. സതീശന്‍ ഇതിന് പിന്നിലെല്ലാം ചില അജണ്ടകളുണ്ടെന്നും അതാണ് തുറന്നു കാട്ടപ്പെട്ടതെന്നും പറഞ്ഞു.

‘ കേരളത്തിലെ കോണ്‍ഗ്രസിന് അക്കാര്യത്തില്‍ പ്രത്യേകിച്ച് ഒരു നിലപാടില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല. ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യക്തിപരമായി ക്ഷണം ലഭിക്കുകയാണ് ചെയ്തത്. അത് പാര്‍ട്ടിയുമായി ആലോചിച്ച് അവര്‍ തീരുമാനമെടുക്കും. ജനുവരി 22ന് നടക്കാന്‍ പോകുന്ന കാര്യത്തില്‍ പാര്‍ട്ടി ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് അത് ഈ സംസ്ഥാനത്ത് വിവാദമാക്കുകയാണ്.

സി.പി.ഐ.എം വോട്ടിന് വേണ്ടി എല്ലാ വിഷയങ്ങളെയും രാഷ്ട്രീയവത്കരിക്കുകയാണ്. യൂണിഫോം സിവില്‍ കോഡ് വിഷയത്തിലും, ഫലസ്തീന്‍ വിഷയത്തിലും ഇപ്പോള്‍ അയോധ്യ വിഷയത്തിലും അതാണ് സി.പി.ഐ.എം ചെയ്ത് കൊണ്ടിരിക്കുന്നത്. എന്നിട്ട് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയാണ്. ബി.ജെ.പി ചെയ്യുന്ന അതേ പണിയാണ് കേരളത്തില്‍ സി.പി.ഐ.എം ചെയ്യുന്നത്.

ഈ വിഷയത്തില്‍ പാണക്കാട് സാദിക്കലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞത് കേള്‍ക്കൂ. ഞാന്‍ അവരെ പരസ്യമായി അഭിനന്ദിക്കുകയാണ്. അവരുടെ വാചകങ്ങള്‍ വളരെ സൂക്ഷമതയോട് കൂടിയാണ്. സമൂഹത്തില്‍ ഇതിന്റെ പേരില്‍ മതപരമായ ഒരു ഭിന്നിപ്പുമുണ്ടാകരുതെന്ന സൂക്ഷമതയായിരുന്നു അവരുടെ വാക്കുകളില്‍. അങ്ങനെയാണ് രാഷ്ട്രീയ നേതാക്കള്‍ പറയേണ്ടത്. മാതൃകാപരമായാണ് അവര്‍ സംസാരിച്ചത്,’ പ്രതിപക്ഷനേതാവ് പറഞ്ഞു.

സുപ്രഭാതം പത്രം അയോധ്യ വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ചെഴുതിയ എഡിറ്റോറിയല്‍ അപക്വവും വളരെ നേരത്തെയുള്ളതുമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കോണ്‍ഗ്രസ് ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് ഇങ്ങനെയൊരു എഡിറ്റോറിയല്‍ എഴുതേണ്ട ആവശ്യമുണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ‘ സുപ്രഭാതം പത്രം എഡിറ്റോറിയല്‍ എഴുതി. അത് അപക്വവും വളരെ നേരത്തെയുള്ളതുമാണ്. തെറ്റായ നടപടിയുമാണ്. അത് സംഘടനയുടെ, സമസ്തയുടെ നിലപാടല്ലെന്ന് ജിഫ്രി തങ്ങള്‍ തന്നെ പറഞ്ഞിരിക്കുന്നു. അവിടെയും വോട്ട് കിട്ടാന്‍ വേണ്ടി സമസ്തയെ കൈകാര്യം ചെയ്യാമെന്ന സി.പി.ഐ.എമ്മിന്റെ ആ ധാരണയും പാളിപ്പോയി. സാദിക്കലി തങ്ങളും ജിഫ്രി തങ്ങളും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ്.

മിത്ത് വിവാദം ആളിക്കത്തിക്കാനല്ല പ്രതിപക്ഷം ആലോചിച്ചത്. ഒറ്റ ദിവസം കൊണ്ട് ആ വിവാദം അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷം നിലപാടെടുത്തത്. മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ഇത്തരം വിഷയങ്ങള്‍ ആളിക്കത്തിക്കാന്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കാറില്ല എന്നാണ് പറഞ്ഞത്. പക്ഷെ, സി.പി.ഐ.എം ഇത്തരം വിഷയങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനും വോട്ടിനും വേണ്ടി ഉപയോഗിക്കുകയാണ്,’ വി.ഡി. സതീശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സുപ്രഭാതം ദിനപത്രം കോണ്‍ഗ്രസിന്റെ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച നിലപാടിനെ വിമര്‍ശിച്ച് കൊണ്ട് എഡിറ്റോറിയല്‍ എഴുതിയത്. സി.പി.ഐ.എ ജനറല്‍ സെക്രട്ടറി യെച്ചൂരിക്ക് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് പറയാന്‍ ആര്‍ജവമുണ്ടായെന്നും അതാണ് കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്നുമായിരുന്നു എഡിറ്റോറിയലില്‍ ഉണ്ടായിരുന്നു. അല്ലായെങ്കില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും സുപ്രഭാതം എഡിറ്റോറിയലില്‍ ഉണ്ടായിരുന്നു. എന്നാല്‍ എഡിറ്റോറിയല്‍ സമസ്തയുടെ നിലപാടല്ല എന്നായിരുന്നു ജിഫ്രി തങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

CONTENT HIGHLIGHTS: V.D. Stheesan against Suprabhatam editorial criticizing the Congress stand on Ram temple inauguration

We use cookies to give you the best possible experience. Learn more