| Monday, 26th June 2023, 12:20 pm

എസ്.എഫ്.ഐ ക്രിമിനലുകള്‍ക്ക് മുന്നില്‍ നട്ടെല്ല് വളക്കുന്ന പൊലീസാണ്; കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല: സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസ് വിലങ്ങ് വെച്ച് കൊണ്ടുപോയതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

എസ്.എഫ്.ഐ ക്രിമിനലുകള്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ച് നില്‍ക്കുന്ന കേരള പൊലീസിന്റ ആവേശം പ്രതിപക്ഷ വിദ്യാര്‍ഥി- യുവജന സംഘടന നേതാക്കളോട് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നു. സമരം ചെയ്ത കുട്ടികളെ കയ്യാമം വെക്കാന്‍, എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദേശം വാങ്ങി പ്രവര്‍ത്തിക്കുന്ന പോലീസിനേ കഴിയൂവെന്നും സതീശന്‍ വിമര്‍ശിച്ചു.

‘വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചവരല്ല ഈ കുട്ടികള്‍. പരീക്ഷ എഴുതാതെ പാസായവരോ പി.എസ്.സി പട്ടികയില്‍ തിരിമറി നടത്തിയവരോ അല്ല. ആള്‍മാറാട്ടം നടത്തുന്ന വിദ്യയും കൈവശമില്ല.

കയ്യാമം വെച്ച് നടത്തിക്കാന്‍ തക്കവണ്ണം ഈ കുട്ടികള്‍ ചെയ്ത കുറ്റം എന്താണെന്ന് അറിയാമോ? പ്ലസ് വണ്ണിന് പഠിക്കാന്‍ കുട്ടികള്‍ക്ക് മതിയായ സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു. അതിനാണ് എം.സ്.എഫിന്റെ കോഴിക്കോട് ജില്ലാ ഭാരവാഹികളായ രണ്ട് വിദ്യാര്‍ത്ഥികളെ കൊടുംകുറ്റവാളികളെ പോലെ കൊണ്ട് പോകുന്നത്.

എസ്.എഫ്.ഐ ക്രിമിനലുകള്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ച് നില്‍ക്കുന്ന കേരള പോലീസിന്റ ആവേശം പ്രതിപക്ഷ വിദ്യാര്‍ഥി- യുവജന സംഘടന നേതാക്കളോട് വേണ്ട.

സമരം ചെയ്ത കുട്ടികളെ കയ്യാമം വെക്കാന്‍, എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദേശം വാങ്ങി പ്രവര്‍ത്തിക്കുന്ന പോലീസിനേ കഴിയൂ. സി.പി.ഐ.എമ്മിന് വിടുപണി ചെയ്യുന്നതിനേക്കാള്‍ ഭേദം യൂണിഫോം അഴിച്ച് വെച്ച് പോകുന്നതാണ് അത്തരം ഉദ്യോഗസ്ഥര്‍ക്ക് നല്ലത്.

കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓര്‍ത്തോളൂ. എം.എസ്.എഫിന്റെ സമര പോരാളികള്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍,’ വി.ഡി. സതീശന്‍ പറഞ്ഞു.

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് നേരെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ കരങ്കൊടി പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ ജില്ലാ പ്രസിഡന്റ്, ടി.ടി. അഫ്രിന്‍ മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.

Content Highlight: V.D. Sateeshan has criticized the police handcuffing the MSF workers who staged a black flag protest against the education minister in Koyalandi
We use cookies to give you the best possible experience. Learn more