തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ല; ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളി: വി.ഡി. സതീശന്‍
Kerala News
തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ല; ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളി: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th January 2023, 9:51 pm

തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാര്‍ സമാനതകളില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുമ്പോള്‍ സി.പി.ഐ.എം നേതാവിന്റെ ശമ്പളം ഇരട്ടിയാക്കുകയും അതിന് മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്തതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പാവങ്ങളുടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്തത്ര ഗുരുതരമായ ധന പ്രതിസന്ധിയ്ക്കിടെയാണ് അധാര്‍മികമായ ഈ നടപടി. എത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്! നികുതി പിരിവ് നടത്താതെയും ധൂര്‍ത്തടിച്ചും സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ധന പ്രതിസന്ധി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ലെന്ന് സര്‍ക്കാരും സി.പി.ഐ.എമ്മും ഓര്‍ക്കണം. ജനാധിപത്യ വ്യവസ്ഥയില്‍ യജമാനന്‍മാരായ ജനങ്ങളെ സര്‍ക്കാരും സി.പി.ഐ.എമ്മും വെല്ലുവിളിക്കുകയും പരിഹസിക്കുകയുമാണ്. ഇതിനൊക്കെ ജനം തിരിച്ചടി നല്‍കുക തന്നെ ചെയ്യുമെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്നാണ് വിഷയത്തില്‍ ചിന്ത ജെറോം പ്രതികരിച്ചത്. യുവജന കമീഷന്‍ അധ്യക്ഷയായത് മുതല്‍ എണ്ണിത്തിട്ടപ്പെടുത്താനാകാത്ത തെളിവുകളില്ലാത്ത നിഴല്‍ യുദ്ധം സംഘടിതമായി തനിക്കെതിരെ നടന്നുവരുന്നുണ്ടെന്നും ചിന്ത മാധ്യമങ്ങളോട് പറഞ്ഞു.

മാധ്യമങ്ങള്‍ നല്‍കുന്നത് തെറ്റായ വാര്‍ത്തയാണ്. കുടിശിക ആവശ്യപ്പെട്ട് കോടതിയില്‍ പോയെന്നതും തെറ്റായ വാര്‍ത്തയാണെന്നും ചിന്ത വ്യക്തമാക്കി.

യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ല. 37 ലക്ഷം രൂപ ശമ്പള കുടിശിക ലഭിക്കുമെന്നാണ് ഒരു പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണ്. ഇത്രയും വലിയ തുക കയ്യില്‍ വന്നാല്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും നല്‍കുകയെന്നും ചിന്ത പറഞ്ഞു.

ഇത്രയും തുകയൊന്നും കൈവശം വയ്ക്കുന്ന ആളല്ലെന്ന് എന്നെ വ്യക്തിപരമായി അറിയാവുന്നവര്‍ക്കറിയാം. ഇതൊരു സോഷ്യല്‍ മീഡിയ വ്യാജ പ്രചരണമാണെന്ന് കണ്ട് ഗൗരവത്തില്‍ എടുത്തിരുന്നില്ല. ഈ പറയുന്ന കാര്യത്തില്‍ ഒരു സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിയിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നെ അറിയാമെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.

Content Highlight: V.D. Sathishan said that doubling the salary of Youth Commission Chairperson Chinta Jerome is a challenge to the people