തിരുവനന്തപുരം: കോണ്‍ഗ്രസ് മതേതര നിലപാടില്‍ വെള്ളം ചേര്‍ത്തെന്നുള്ള മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ കത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നാല് വോട്ടിന് വേണ്ടി ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങാന്‍ കോണ്‍ഗ്രസ് പോയിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് മൃതുഹിന്ദുത്വമില്ല. കാവി മുണ്ടുടുക്കുന്നവരും ചന്ദനം തൊട്ടവരും എല്ലാം സംഘപരിവാറല്ല. മതനിരാസമല്ല മതങ്ങളെ ഉള്‍ക്കൊള്ളലാണ് മതേതരത്വം എന്നും സതീശന്‍ പറഞ്ഞു.
‘അമ്പലത്തില്‍ പോയാല്‍ മൃദുഹിന്ദുത്വം ആകില്ല. രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അമ്പലത്തില്‍ പോകുന്നത് മൃദുഹിന്ദുത്വം അല്ല. തൃക്കാക്കര തെരഞ്ഞെടുപ്പിന് ശേഷം ഞാനും ക്ഷേത്രത്തില്‍ പോയി. ചന്ദനം തൊട്ടാലോ, കൊന്ത ഇട്ടാലോ വര്‍ഗീയവാദി ആകില്ല. അത് വികലമായ കാഴ്ചപ്പാടാണ്. ഹിന്ദുക്കളെ തൃപ്തിപ്പെടുത്താനാണോ ഞാന്‍ ക്ഷേത്രത്തില്‍ പോകുന്നത്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനാകണം,’ വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ 600 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കി. അതില്‍ 570 എണ്ണം നടപ്പാക്കിയെന്നാണ് അവകാശ വാദം. എന്നാല്‍ അതില്‍ 100 വാഗ്ദാനങ്ങള്‍ പോലും നടപ്പാക്കിയിട്ടില്ലെന്നും ഇക്കാര്യം തെളിയിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ ചെറുക്കപ്പെടണം. സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന ഓമനപ്പേരിട്ട് വര്‍ഗീയവാദികളെ പ്രീണിപ്പിക്കുന്ന നയം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
അതേസമയം, മൃദുഹിന്ദുത്വ നിലപാടുകൊണ്ട് ബി.ജെ.പിയെ നേരിടാനാകില്ലെന്നാണ് ചിന്തന്‍ ശിബിരത്തിന് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ സുധീരന്‍ പറഞ്ഞത്.