'മാത്യു കുഴല്‍നാടന്‍ ഒറ്റക്കല്ല, മാസപ്പടി വിവാദം പുതുപ്പള്ളിയില്‍ ചര്‍ച്ചയാക്കും'
Kerala News
'മാത്യു കുഴല്‍നാടന്‍ ഒറ്റക്കല്ല, മാസപ്പടി വിവാദം പുതുപ്പള്ളിയില്‍ ചര്‍ച്ചയാക്കും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th August 2023, 4:29 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലില്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉപയോഗിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രി അഴിമതി ആരോപണങ്ങളോട് പ്രതികരിക്കാതെ ഓടിയൊളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവര്‍, മരിച്ചപ്പോഴും അദ്ദേഹത്തെ അപമാനിക്കുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

എന്‍.എസ്.എസിനെതിരായ നാമജപ കേസ് ഒഴിവാക്കല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കം മാത്രമാണെന്നും ശബരിമല, പൗരത്വ കേസുകള്‍ പിന്‍വലിക്കുമോയെന്നും സതീശന്‍ ചോദിച്ചു.

‘പുതുപ്പള്ളിയില്‍ സര്‍ക്കാരിനെതിരായ കുറ്റപത്രം അവതരിപ്പിക്കും. സര്‍ക്കാരിന്റെ പരാജയവും അഴിമതിയാണ് ഞങ്ങള്‍ ഉന്നയിക്കാന്‍ പോകുന്നത്. എം.വി. ഗോവിന്ദന്‍ അല്ല മാസപ്പടിയില്‍ മറുപടി പറയേണ്ടത്. ഗോവിന്ദന്‍ പാര്‍ട്ണര്‍ അല്ലല്ലോ. ആകാശവാണിയായി പ്രവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി.

മാസപ്പടിയില്‍ പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അര്‍ഹതയില്ല. കുഴല്‍പ്പണ കേസില്‍ രക്ഷപ്പെടാന്‍ പിണറായിയുടെ കാല് പിടിച്ചയാളാണ് സുരേന്ദ്രന്‍,’ സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടനെതിരെ നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം നിയമപരമായി നേരിടുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

‘സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എതിരെ കേസ് എടുക്കുകയാണ് ഇടത് സര്‍ക്കാര്‍. പിണറായി മോദിക്ക് പഠിക്കുകയാണ്. മാത്യു കുഴല്‍നാടന്‍ ഒറ്റക്കല്ല. ആര് വേണമെങ്കിലും അന്വേഷിക്കട്ടെ,’ വി.ഡി. സതീശന്‍ പറഞ്ഞു.

Content Highlight: V.D. Satheeshan Press conference  Pudupally