മലയാള സിനിമയെ ലോകത്തിന് മുമ്പില്‍ അടയാളപ്പെടുത്തിയ ഹാസ്യതാരം; ഇന്നസെന്റിന് ആദരാഞ്ജലി നേര്‍ന്ന് പ്രതിപക്ഷ നേതാവ്
Obituary
മലയാള സിനിമയെ ലോകത്തിന് മുമ്പില്‍ അടയാളപ്പെടുത്തിയ ഹാസ്യതാരം; ഇന്നസെന്റിന് ആദരാഞ്ജലി നേര്‍ന്ന് പ്രതിപക്ഷ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th March 2023, 11:51 pm

തിരുവനന്തപുരം: ഇന്നസെന്റിന്റെ വിയോഗം ചലചിത്രമേഖലക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
പതിറ്റാണ്ടുകള്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെന്റ് ഇന്ന് വേദനിപ്പിക്കുന്ന ഓര്‍മ്മയായിരിക്കുന്നുവെന്നും
മലയാള സിനിമയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ ഹാസ്യതാരങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹമെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘പതിറ്റാണ്ടുകള്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെന്റ് ഇന്ന് വേദനിപ്പിക്കുന്ന ഓര്‍മ്മയായിരിക്കുന്നു. വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമര്‍ സെന്‍സിന്റെ മധുരം നിറച്ച ഒരാള്‍. അഭിനയത്തിലും എഴുത്തിലും അത്രമേല്‍ ആത്മാര്‍ഥത കാട്ടിയ ഒരാള്‍. നിഷ്‌ക്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വര്‍ഥമാക്കിയ ഒരാള്‍.

അതിലേറെ ശരീരത്തെ കാര്‍ന്നു കൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ ധൈര്യം പകര്‍ന്ന് നല്‍കുകയും ചെയ്‌തൊരാള്‍. ഇന്നസെന്റിന് പകരം വയ്ക്കാന്‍ മറ്റൊരാളില്ല,’ അദ്ദേഹം ഫേസ്ബുക്കിലെഴുതി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി പത്തരയോടെയായിരുന്നു ഇന്നസെന്റ് അന്തരിച്ചതെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇതിനെ ആശ്രയിച്ച് മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് ഇന്ന് രാത്രി എട്ട് മണിക്ക് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കുകയായിരുന്നു. അതിന് ശേഷമാണ് ഈ ഉപകരണങ്ങള്‍ പിന്‍വലിച്ച് സ്വഭാവികമായി മരണത്തിന് അനുവദിച്ചത്.

അഞ്ച് പതിറ്റാണ്ടുകാലം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ഇന്നസെന്റ് 2014ല്‍ ചാലക്കുടിയില്‍ നിന്നും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്‌സഭാ എം.പിയായിരുന്നു.

നാളെ 11 മണിക്ക് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ഇന്നസെന്റിന്റെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും. ഒരു മണി മുതല്‍ മൂന്ന് മണി വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. മൂന്ന് മണിക്ക് ശേഷം മറ്റ് ചടങ്ങുകള്‍ക്കായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. അഞ്ചരയോടുകൂടി അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

വി.ഡി. സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പതിറ്റാണ്ടുകള്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെന്റ് ഇന്ന് വേദനിപ്പിക്കുന്ന ഓര്‍മ്മയായിരിക്കുന്നു. വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമര്‍ സെന്‍സിന്റെ മധുരം നിറച്ച ഒരാള്‍. അഭിനയത്തിലും എഴുത്തിലും അത്രമേല്‍ ആത്മാര്‍ഥത കാട്ടിയ ഒരാള്‍. നിഷ്‌ക്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വര്‍ഥമാക്കിയ ഒരാള്‍. അതിലേറെ ശരീരത്തെ കാര്‍ന്നു കൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ ധൈര്യം പകര്‍ന്ന് നല്‍കുകയും ചെയ്‌തൊരാള്‍. ഇന്നസെന്റിന് പകരം വയ്ക്കാന്‍ മറ്റൊരാളില്ല.

സിനിമയില്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും പല വേഷങ്ങള്‍. ഇരിഞ്ഞാലക്കുട നഗരസഭ മുതല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വരെ നീണ്ട രാഷ്ട്രീയ ജീവിതം. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് 18 വര്‍ഷം. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ ഹാസ്യതാരങ്ങളില്‍ ഒരാളാണ്.

എന്റെ കൗമാരത്തിലും യൗവനത്തിലും ഇന്നസെന്റ് സ്‌ക്രീനില്‍ നിറഞ്ഞാടുകയായിരുന്നു. 80കളിലും 90 കളിലും വര്‍ഷത്തില്‍ നാല്‍പ്പതും നാല്‍പത്തഞ്ചും സിനിമകള്‍ വരെ ചെയ്തു. പ്രത്യേക ശരീരഭാഷയും സംഭാഷണ ശൈലിയും അനുപമമായ അഭിനയസിദ്ധിയും കൊണ്ട് ഇന്നസെന്റെന്ന ഇരിങ്ങാലക്കുടക്കാരന്‍ അരനൂറ്റാണ്ട് മലയാള സിനിമക്കൊപ്പം നടന്നു. അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്.

കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു.

 

 

Content Highlight: V D Sathesan pays tribute to Innocent