വിശ്വാസികള്‍ക്ക് മുറിവേറ്റിട്ടുണ്ട്, വര്‍ഗീയവാദികള്‍ക്ക് ആയുധം ഇട്ടുകൊടുത്തു; സ്പീക്കര്‍ തിരുത്തുന്നതാണ് നല്ലതെന്ന് സതീശന്‍
Kerala News
വിശ്വാസികള്‍ക്ക് മുറിവേറ്റിട്ടുണ്ട്, വര്‍ഗീയവാദികള്‍ക്ക് ആയുധം ഇട്ടുകൊടുത്തു; സ്പീക്കര്‍ തിരുത്തുന്നതാണ് നല്ലതെന്ന് സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd August 2023, 12:20 pm

തിരുവനന്തപുരം: സ്പിക്കർ എ.എന്‍. ഷംസീറിന്റെ ശാസ്ത്രം- മിത്ത് പരമാര്‍ശത്തിലുണ്ടായ വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും വര്‍ഗീയ വാദികള്‍ക്ക് വടികൊടുക്കുന്ന സമീപനമാണ് സ്പീക്കറുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിഷയത്തെ വലിയ പ്രശ്‌നമാക്കേണ്ടെന്ന് വിചാരിച്ചാണ് കോണ്‍ഗ്രസ് നേരത്തെ അഭിപ്രായം പറയാന്‍ വൈകിച്ചത്. സ്പീക്കറുടെ പ്രസ്താവനക്ക് ശേഷം വിഷയത്തെ തണുപ്പിക്കേണ്ടതിന് പകരം ആളിക്കത്തിക്കാനാണ് സി.പി.ഐ.എം ശ്രമിച്ചത്. ശാസ്ത്രവുമായി വിശ്വാസത്തെ കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

‘സാമൂഹ്യ അന്തരീക്ഷം സങ്കീര്‍ണമാണ്. വര്‍ഗീയ വാദകളും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരും അതില്‍ ചാടിവീഴാന്‍ കാത്തിരിപ്പുണ്ട്. അതിന് ആയുധം കൊടുക്കുന്നതാണ് സ്പീക്കറുടെ പ്രസ്താവന. അതിന് ശേഷം കൈവെട്ടും, കാലുവെട്ടും മോര്‍ച്ചറിയിലാക്കും എന്നൊക്കെയുള്ള കൊലവിളികളാണ് വരുന്നത്. ഇത് ഈ വിഷയത്തെ വല്ലാതെ ആളിക്കത്തിച്ചു.

യു.ഡി.എഫിന് വിഷയത്തില്‍ കൃത്യമായ നിലപാടുണ്ട്. വിവിധ മത വിശ്വാസിന്റെ ആചാര ക്രമങ്ങള്‍, വിക്തിനിയമങ്ങള്‍ ഇതിലേക്ക് സര്‍ക്കാരോ കോടതിയോ പോലും ഇടപെടാന്‍ പാടില്ലെന്നാണ് ഞങ്ങളുടെ നിലപാട്. വിശ്വാസ സത്യവും ചരിത്ര സത്യവുമുണ്ട്. ശാസ്ത്ര ബോധത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴക്കേണ്ട. ശാസ്ത്ര ബോധം മതഗ്രന്ഥത്തില്‍ പറയുന്ന കാര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാത്തതാണ്. വ്യത്യസ്തമായ ചിന്താധരകള്‍ ഇവിടെയുണ്ട്. യുക്തിയും, ജനാധിപത്യ ബോധവും ശാസ്ത്രവുമൊക്കെ ആ പരിധിയിലാണ് വരുന്നത്.

ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യേണ്ട കാര്യമില്ല. സ്പീക്കറുടെ ആയുധം കയ്യില്‍ കൊടുത്ത പ്രസ്താവനയെ ബി.ജെ.പിയും സംഘപരിവാറും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുകയാണ്. സംസ്ഥാനം ഭരിക്കുന്ന സി.പി.ഐ.എം അതിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുമെന്നാണ് ഞങ്ങള്‍ കരുതിയത്.

പക്ഷേ അവര്‍ ആളിക്കത്തിക്കുകയാണ് ചെയ്തത്. വര്‍ഗീയവാദികളുടെ അതേ രീതിയാണ് സി.പി.ഐ.എമ്മും അവലംബിക്കുന്നത്. എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രസ്താവനകളാണ് വിഷയത്തില്‍ സി.പി.ഐ.എം നേതാക്കന്മാരില്‍ നിന്ന് ഉണ്ടായത്. ഭിന്നിപ്പിക്കാനാണ് ആളുകള്‍ ശ്രമിക്കുന്നതെങ്കില്‍, ഞങ്ങള്‍ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.

സ്പീക്കര്‍ പ്രസ്താവന തിരുത്തുന്നതാണ് നല്ലത്. കാരണം ഭരണഘടനാ പദവിയില്‍ നില്‍ക്കുന്നവര്‍ ജാഗ്രതയോടെ ഇത്തരം വിഷയങ്ങളില്‍ ഇടപെടണം. ആ ജാഗ്രത സ്പീക്കർ കാണിച്ചില്ലെന്ന പരാതി ഞങ്ങള്‍ക്കുണ്ട്. വിശ്വാസികള്‍ക്ക് മുറിവേറ്റിട്ടുണ്ട്. ശസ്ത്രവുമായിട്ടാണ് അദ്ദേഹം വിശ്വാസത്തെ കൂട്ടിയോചിപ്പിച്ചത്. എന്നാല്‍ അതിനെ അങ്ങനെ കൂട്ടിക്കെട്ടേണ്ട ആവശ്യമില്ല. വിശ്വാസം വിശ്വാസം ആയിട്ട് നില്‍ക്കട്ടെ.

എന്‍.എസ്.എസ് വിശ്വാസ സമൂഹമാണ്, രാഷ്ട്രീയ പ്രസ്ഥാനമല്ല. വിഷയത്തില്‍ അഭിപ്രായം പറയുക എന്നത് അവരുടെ സ്വാതന്ത്ര്യമാണ്. അതിനെക്കുറിച്ച് എന്നോട് ചോദിക്കേണ്ട് ആവശ്യമില്ല,’ സതീശന്‍ പറഞ്ഞു.

Content Highlight: V.D. Satheeshan said  wants the government to be ready to end the controversy over Speaker A.N. Shamseer’s Shastra-Mith Paramarsh. Satishan