തിരുവനന്തപുരം: ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കു വേണ്ടി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിവിധ ഡിപ്പോകളില്‍ സമരം നടത്തേണ്ടി വരുന്നത് സങ്കടകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
തൊഴിലാളി സമരങ്ങളില്‍ ഊറ്റം കൊള്ളുന്നൊരു സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം കണ്ടില്ലെന്ന് നടിക്കരുതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം.
‘കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയവ പോലെ പൊതുഗതാഗത സംവിധാനവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അവിടെ സര്‍ക്കാര്‍ ലാഭ നഷ്ട കണക്കല്ല നോക്കേണ്ടത്.
സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമാണ് കെ.എസ്.ആര്‍.ടി.സി. അതിനെ തകര്‍ക്കരുത്. ജോലി ചെയ്തതിന്റെ കൂലിയാണ് ജീവനക്കാര്‍ ചോദിക്കുന്നത്. ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. അവരുടെ ഓണം കണ്ണീരിലാക്കരുത്,’ വി.ഡി. സതീശന്‍ പറഞ്ഞു.
അതേസമയം, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ചെറിയ ആശ്വാസമായി സര്‍ക്കാര്‍ കൂപ്പണ്‍ അനുവദിച്ചിരുന്നു. സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്, മാവേലി സ്റ്റോര്‍ എന്നിവയില്‍ നിന്ന് ശമ്പളം മുടങ്ങിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങാമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തിനാനുപാതികമായാണ് കൂപ്പണ്‍ അനുവദിക്കുക. താല്‍പര്യമുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.