| Sunday, 4th July 2021, 2:36 pm

കുന്നത്തുനാട് എം.എല്‍.എ. കിറ്റെക്‌സ് കമ്പനിയുടെ പ്രൊഡക്ട്; ഒരു വ്യവസായ സ്ഥാപനവും കേരളത്തില്‍ നിന്നും പോകരുതെന്ന് വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കിറ്റെക്‌സ് എം.ഡി. സാബു എം. ജേക്കബ് കേരള സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളത്തില്‍ നിന്നും ഒരു വ്യവസായ സ്ഥാപനവും പോകരുതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

ആരോപണം സര്‍ക്കാരിനെതിരെയാണെന്നും സര്‍ക്കാര്‍ മറുപടി പറയണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കുന്നത്തുനാട് എം.എല്‍.എ. കിറ്റെക്‌സ് കമ്പനിയുടെ പ്രൊഡക്ടാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരളം വ്യവസായ സൗഹൃദമല്ലെന്ന സാബു എം. ജേക്കബിന്റെ പ്രസ്താവനയ്‌ക്കെതിരെ ആര്‍.എസ്.പി. നേതാവ് ഷിബു ബേബി ജോണ്‍ രംഗത്തെത്തിയിരുന്നു. ഒരു നാട്ടില്‍ വ്യവസായ സ്ഥാപനം ആരംഭിച്ച്, അവിടുത്തെ സ്രോതസുകളെല്ലാം ഉപയോഗിച്ച് വളര്‍ന്നു വന്‍മരം ആയശേഷം അതേ മണ്ണിനെ അടച്ചാക്ഷേപിക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

വിഷയത്തില്‍ സാബു എം. ജേക്കബിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സുസ്ഥിരവും നൂതനവുമായ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിറ്റെക്‌സ് വിവാദത്തിന് പിന്നാലെ കേരള സര്‍ക്കാര്‍ വ്യവസായ സംരംഭങ്ങളുമായി സഹകരിക്കുന്നവരാണെന്ന് പറഞ്ഞ ആര്‍.പി.ജി. ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് വര്‍ധന്‍ ഗോയെങ്കയുടെ ട്വീറ്റ് ഷെയര്‍ ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി കിറ്റെക്‌സ് അറിയിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ വിവാദങ്ങളുണ്ടാക്കുന്നത്. അനാവശ്യ പരിശോധനകള്‍ നടത്തുന്നുവെന്നാരോപിച്ചാണ് കേരള സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നതായി സാബു ജേക്കബ് അറിയിച്ചത്.

ഒരു അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും നിര്‍മ്മിക്കാനായിരുന്നു ധാരണപത്രം. ഒരു മാസത്തിനിടെ കിറ്റെക്സില്‍ 11 പരിശോധനങ്ങള്‍ നടന്നെന്നും എന്നാല്‍ തെറ്റായി ഒന്നും സര്‍ക്കാര്‍ കണ്ടെത്തിയിരുന്നില്ലെന്നും കിറ്റെക്സ് വാര്‍ത്താകുറിപ്പില്‍ പറയുന്നു.

അതേസമയം വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റെക്സില്‍ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടര്‍ മജിസ്ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നും മന്ത്രി പി. രാജീവ് പറഞ്ഞിരുന്നു.

കിറ്റെക്സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോള്‍ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തെന്നും മന്ത്രി പറഞ്ഞു. നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight:  V  D Satheeshan responds in Kitex M D Sabu M Jacob’s allegations against Kerala Govt

We use cookies to give you the best possible experience. Learn more