കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞാല്‍ അത് കണ്ണടച്ച് ഇരുട്ടാക്കലാകും, എല്ലാം പരിഹരിക്കും; ഉമ്മന്‍ ചാണ്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെ വി.ഡി. സതീശന്‍
പുതുപ്പള്ളി: ഡി.ഡി.സി അധ്യക്ഷപ്പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറികള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഡി.സി.സി പട്ടികയില്‍ പരസ്യവിമര്‍ശനമുന്നയിച്ച ഉമ്മന്‍ ചാണ്ടിയെ വി.ഡി. സതീശന്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു. പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് അദ്ദേഹം ഉമ്മന്‍ ചാണ്ടിയെ കണ്ടത്.
കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞാല്‍ അത് കണ്ണടച്ച് ഇരുട്ടാക്കലാകുമെന്നും പ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയത് പരിഹരിക്കുമെന്നും സതീശന്‍ പറഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിച്ച് കോണ്‍ഗ്രസ് ശക്തമായി മുന്നോട്ടുവരണമെന്നാണ് പ്രവര്‍ത്തകരും നേതാക്കളുമെല്ലാം ആഗ്രഹിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
സ്ഥാനങ്ങളിലിരിക്കുന്നവര്‍ എന്ന നിലയില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ചുമതല എനിക്കും കെ.പി.സി.സി പ്രസിഡന്റിനുമാണ്. മുതിര്‍ന്ന നേതാക്കള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് തങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
‘ഞങ്ങള്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കേരളത്തിലെ മുതിര്‍ന്ന നേതാവിന്റെ അനുഗ്രഹത്തോടെ കൂടി തന്നെ വേണം ആ ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കാനെന്നുള്ളതുകൊണ്ട് തന്നെയാണ് വീട്ടിലെത്തി കണ്ടത്. എനിക്ക് അദ്ദേഹത്തെ കാണണമെന്ന് അറിയിച്ചു. അത് ഒഴിവുള്ള സമയം നോക്കാന്‍ വേണ്ടി മാത്രമായിരുന്നു. എനിക്ക് ഏത് സമയത്തും വന്നുകാണാന്‍ സാധിക്കുന്ന വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി,’ വി.ഡി. സതീശന്‍ പറഞ്ഞു.
എല്ലാ പാര്‍ട്ടികളിലും തെരഞ്ഞെടുപ്പും മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെന്നും കോണ്‍ഗ്രസില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും അത് നേതൃത്വം ഇടപെട്ട് പരിഹരിക്കുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തലയെ കാണുമോയെന്ന ചോദ്യത്തിന് എല്ലാ മുതിര്‍ന്ന നേതാക്കളെയും കാണുമെന്നായിരുന്നു സതീശന്റെ മറുപടി. ‘അവരെല്ലാം ഞങ്ങളേക്കാള്‍ മുതിര്‍ന്ന നേതാക്കളും അനുഭവസമ്പത്തുള്ളവരുമാണ്. അവര്‍ക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയുമുണ്ടാകില്ല. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹത്തിനനുസരിച്ച് എല്ലാവരെയും ഒരുമിച്ച് ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകും. ചില പിണക്കങ്ങളുണ്ടാകുമ്പോള്‍ ഇണക്കങ്ങളുടെ ആഴം കൂടും,’സതീശന്‍ പറഞ്ഞു.
കോട്ടയത്തെ രമേശ് ചെന്നിത്തലയുടെ പ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാരില്‍ നിന്നോ ബി.ജെ.പി നേതാക്കളില്‍ നിന്നോ ഉണ്ടാകുന്ന പ്രസ്താവനകള്‍ക്കോ മാത്രമേ താന്‍ ഉരുളക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കേണ്ട കാര്യമുള്ളുവെന്നായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം.
ഡി.സി.സി അധ്യക്ഷപ്പട്ടികയുമായി ബന്ധപ്പെട്ട് രൂക്ഷമായ വാദപ്രതിവാദങ്ങളായിരുന്നു കോണ്‍ഗ്രസില്‍ നടന്നത്. ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെയാണ് പട്ടിക പ്രഖ്യാപിച്ചതെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പരസ്യവിമര്‍ശനമുന്നയിച്ചത്. ഇപ്പോള്‍ പ്രശ്‌നപരിഹാരത്തിനുള്ള തീവ്രശ്രമത്തിലാണ് നിലവിലെ നേതൃത്വം.