തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തം കരുതിക്കൂട്ടി ചെയ്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മനപൂര്‍വം തീ കൊളുത്തിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഹൈക്കോടതിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് ചേര്‍ന്ന നിയമസഭ സമ്മേളനത്തിലാണ് പിണറായി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി സതീശന്‍ രംഗത്തെത്തിയത്.
‘ബ്രഹ്മപുരത്ത് മനപൂര്‍വം ആരോ തീയിട്ടതാണ്. പരിശോധന ഒഴിവാക്കാനാണ് തീയിട്ടതെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. അപകടം നടന്ന സ്ഥലത്തെ സാഹചര്യം അതീവ ഗുരുതരമാണ്. എല്‍.ഡി.എഫ്. സര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കാനുള്ള യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
ഹൈക്കോടതിയുടെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ട് വരണം,’ സതീശന്‍ പറഞ്ഞു.
അതേസമയം ബ്രഹ്മപുരത്തെ തീപിടുത്തം നിയന്ത്രണ വിധേയമാണെന്ന് മന്ത്രി എം.ബി. രാജേഷ് സഭയില്‍ പറഞ്ഞു. ഗുരുതര ആരോഗ്യ സാഹചര്യം നിലവിലില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തിപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമഗ്രമായ അന്വേഷണത്തിന് പൊലീസിന് നിര്‍ദേശം നല്‍കിയെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം മറുപടി പറഞ്ഞു.
നേരത്തെ തീപിടുത്തത്തിന് പിറകില്‍ കരാര്‍കമ്പനിയുടെ പങ്ക് ആരോപിച്ച് കൊണ്ട് സി.പി.ഐയും രംഗത്തെത്തിയിരുന്നു. കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് തീപിടുത്തം നടന്നതെന്നും വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സി.പി.ഐ. കൗണ്‍സിലര്‍ സി.എ. ഷക്കീറാണ് രംഗത്തെത്തിയത്.
കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് പിറക് വശത്തെ മാലിന്യ പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. കാറ്റും വെയിലും ശക്തമായതോടെ തീ സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും നഗരത്തില്‍ കനത്ത പുക വ്യാപിക്കാനും ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു.
Content Highlight: V.D Satheeshan allegation against kerala givernment