സമരങ്ങളോടും പ്രതിഷേധങ്ങളോടും എന്തിനാണ് അസഹിഷ്ണുത? തൊഴിലാളികളോട് ചെയ്യുന്നത് കടുത്ത വഞ്ചനയാണ്: വി.ഡി. സതീശന്‍
Kerala News
സമരങ്ങളോടും പ്രതിഷേധങ്ങളോടും എന്തിനാണ് അസഹിഷ്ണുത? തൊഴിലാളികളോട് ചെയ്യുന്നത് കടുത്ത വഞ്ചനയാണ്: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st April 2023, 10:07 pm

തിരുവനന്തപുരം: ശമ്പളം കിട്ടിയില്ലെങ്കില്‍ തൊഴിലാളികള്‍ അത് ചോദിച്ച് വാങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ശമ്പള രഹിത സേവനം 41ാം ദിവസമെന്ന് ഒരു തുണ്ടുകടലാസില്‍ യൂണിഫോമില്‍ പിന്‍ ചെയ്തതാണോ വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ്. നായര്‍ ചെയ്ത വലിയ തെറ്റെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമരങ്ങളോടും പ്രതിഷേധങ്ങളോടും എന്തിനാണ് അസഹിഷ്ണുതയെന്നും സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിച്ച് കോടികള്‍ പൊടിക്കുന്നതിന് പകരം തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കൂവെന്നും അദ്ദേഹം പറഞ്ഞു.

’41 ദിവസം ജോലി ചെയ്തു. മാസ ശമ്പളം കിട്ടിയില്ല. ജോലി ചെയ്താല്‍ കൂലി കിട്ടണം. കിട്ടിയില്ലെങ്കില്‍ തൊഴിലാളികള്‍ അത് ചോദിച്ച് വാങ്ങും. ശമ്പള രഹിത സേവനം നാല്‍പ്പത്തി ഒന്നാം ദിവസമെന്ന് ഒരു തുണ്ടുകടലാസില്‍ യൂണിഫോമില്‍ പിന്‍ ചെയ്ത് വെച്ചതാണ് വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില. എസ്. നായര്‍ ചെയ്ത വലിയ തെറ്റ്.

വൈക്കത്ത് നിന്ന് പാലയിലേക്ക് സ്ഥലം മാറ്റി നടപടിയും എടുത്തു. ചെയ്ത ജോലിക്ക് ശമ്പളം നല്‍കുന്നതിനേക്കാള്‍ ആര്‍ജ്ജവത്തോടെ ശമ്പളം ചോദിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്ന പൊതുമേഖല സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി.

സമരങ്ങളോടും പ്രതിഷേധങ്ങളോടും എന്തിനാണ് അസഹിഷ്ണുത? ആവശ്യത്തിനും അനാവശ്യത്തിനും സമര പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന സി.പി.ഐ.എം നേതാക്കള്‍ക്ക് എന്ത് പറയാനുണ്ട്?

തൊഴിലാളി വര്‍ഗത്തിന്റെ കരുത്തില്‍ നിന്ന് ഉയര്‍ന്നു വന്നവരാണെങ്കില്‍, നിങ്ങള്‍ ഇപ്പോള്‍ തൊഴിലാളികളോട് ചെയ്യുന്നത് കടുത്ത വഞ്ചനയാണ്. സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിച്ച് കോടികള്‍ പൊടിക്കുന്നതിന് പകരം തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കൂ,’ വി.ഡി. സതീശന്‍ പറഞ്ഞു.

വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ്.നായര്‍ ‘ശമ്പളരഹിത സേവനം 41ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് ജനുവരി 11ന് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പാലാ യൂണിറ്റിലേക്ക് മാറ്റികൊണ്ട് കെ.എസ്.ആര്‍.ടി.സി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

അഖില ചട്ടങ്ങള്‍ ലംഘിച്ചതിനാലാണ് സ്ഥലം മാറ്റം എന്നാണ് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടറുടെ കാര്യാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

‘ 11.01.2023ന് വൈക്കം ഡിപ്പോയിലെ 08.30ന് കളക്ടറേറ്റ് സര്‍വീസ് പോയ കണ്ടക്ടര്‍ അഖില.എസ്.നായര്‍ ഒരു ജീവനക്കാരി എന്ന നിലയില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തം നിലയില്‍ സര്‍ക്കാരിനും കോര്‍പ്പറേഷനുമെതിരെ പ്രതിഷേധിച്ച് ‘ശമ്പളരഹിത സേവനം 41ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി നിര്‍വഹിക്കുകയും ആയത് നവമാധ്യമങ്ങള്‍ വഴി പ്രചരിക്കപ്പെടുകയും അതിലൂടെ സര്‍ക്കാരിനെയും കോര്‍പ്പറേഷനെയും അപകീര്‍ത്തിപ്പെടുന്നതിന് ഇടവരികയും ചെയ്ത ടി പ്രവൃത്തിയിലൂടെ ടിയാന്‍ അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടു.

മേല്‍ക്കാരണങ്ങളാല്‍ വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ ശ്രീമതി അഖില. എസ്. നായരിനെ ഭരണപരമായ സൗകര്യാര്‍ത്ഥം പാലാ യൂണിറ്റിലേക്ക് സ്ഥലം മാറ്റികൊണ്ട് ഉത്തരവാകുന്നു,’ ഉത്തരവില്‍ പറയുന്നു.

അതേസമയം നേരത്തെ കോണ്‍ഗ്രസ് നേതാവ്  വി.ടി. ബലറാമും വിഷയത്തില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

‘കെ.എസ്.ആര്‍.ടി.സി എന്നത് പൊലീസിനേയോ പട്ടാളത്തെയോ പോലെ കര്‍ശനമായ അച്ചടക്ക വ്യവസ്ഥകളുള്ള ഒരു യൂണിഫോംഡ് ഫോഴ്സൊന്നുമല്ല, സംഘടനാ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെ നിയമപരമായിത്തന്നെ അനുവദിച്ചു നല്‍കപ്പെട്ടിട്ടുള്ള ഒരു സ്ഥാപനമാണ്.

അവിടെ ചെയ്ത ജോലിക്ക് ഒന്നര മാസമായിട്ടും ശമ്പളം കിട്ടാതിരിക്കുമ്പോള്‍ പ്രതികരിക്കുന്നത് ഇത്ര വലിയ പാതകമൊന്നുമല്ല,’ അദ്ദേഹം പറഞ്ഞു.

CONTENT HIGHLIGHT: V D SATHEESHAN AGAINST THE DECISION OF KSRTC