കോടതി റിപ്പോര്‍ട്ടിങ്ങിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമബിരുദം വേണമെന്നതടക്കമുള്ള ഹൈക്കോടതി മാനദണ്ഡങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചി: ഹൈക്കോടതി റിപ്പോര്‍ട്ടിങ്ങിനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച ഹൈക്കോടതി തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി. സതീശന്‍.
കോടതി റിപ്പോര്‍ട്ടിങ്ങിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമബിരുദം വേണമെന്നതടക്കമുള്ള ഹൈക്കോടതി മാനദണ്ഡങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രം സംബന്ധിച്ച കേസ് 5 വര്‍ഷം ശാന്തിക്കാരനായി ജോലി ചെയ്ത ജഡ്ജി പരിഗണിച്ചാല്‍ മതിയെന്ന് പറഞ്ഞാല്‍ അംഗീകരിക്കുമോയെന്നും സതീശന്‍ ചോദിച്ചു.
എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തകരുടെ തൊഴിലവകാശം എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനദണ്ഡം നടപ്പാക്കിയാല്‍ കോടതി റിപ്പോര്‍ട്ടിങ്ങിന് ആളില്ലാത്ത അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി റിപ്പോര്‍ട്ടിങ്ങിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അപ്രായോഗികമായതിനാല്‍ കര്‍ക്കശമായി നടപ്പാക്കിയിട്ടില്ല. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകര്‍ക്കും എല്‍.എല്‍.ബി ബിരുദമില്ല. സുപ്രീംകോടതി പോലും ഉപേക്ഷിച്ച മാനദണ്ഡങ്ങള്‍ ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത് കോടതിയില്‍ പത്രപ്രവര്‍ത്തകര്‍ കയറേണ്ട എന്ന ലക്ഷ്യത്തോടെയാണ്.
ജോലി ചെയ്യാനുള്ള പൗരന്റെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണ് കോടതികളും അഭിഭാഷകരും ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തക-അഭിഭാഷക തര്‍ക്കം പരിഹരിക്കാതെ ഇത്രയും രൂക്ഷമാക്കിയതില്‍ സര്‍ക്കാറിനും കോടതികള്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.