| Sunday, 9th July 2023, 6:29 pm

ലീഗ് പോകുമെന്ന് വിചാരിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവരായി സി.പി.ഐ.എം നേതാക്കള്‍ മാറി: വി.ഡി സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സെമിനാറിന് ക്ഷണിച്ചാല്‍ ലീഗ് പോകുമെന്ന് വിചാരിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവരായി സി.പി.ഐ.എം നേതാക്കള്‍ മാറിയതിലാണ് തങ്ങള്‍ക്ക് അത്ഭുതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സി.പി.ഐ.എം കാപട്യവുമായാണ് വന്നതെന്നും ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കണമെന്നാണ് സി.പി.ഐ.എമ്മിന്റെ എക്കാലത്തേയും പ്രമുഖ നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘യു.ഡി.എഫിലെ പ്രധാനപ്പെട്ട ഘടക കക്ഷിയാണ് ലീഗ്. ഞങ്ങളുമായി നാല് പതിറ്റാണ്ട് കാലത്തെ സഹോദര ബന്ധമാണ് ലീഗിനുള്ളത്. ലീഗിനെ ക്ഷണിച്ചാല്‍ ലീഗ് പോകുമെന്ന് വിചാരിക്കാന്‍ മാത്രം കരുതാനുള്ള അത്രയും ബുദ്ധിയില്ലാത്തവരായി സി.പി.ഐ.എം നേതാക്കള്‍ മാറിയതിലാണ് ഞങ്ങള്‍ക്ക് അത്ഭുതം. സി.പി.ഐ.എം കാപട്യവുമായാണ് വന്നതെന്ന് ആര്‍ക്കാണ് മനസിലാകാത്തത്. ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കണമെന്നാണ് സി.പി.ഐ.എമ്മിന്റെ എക്കാലത്തേയും പ്രമുഖ നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് പറഞ്ഞിട്ടുള്ളത്. സുശീല ഗോപാലന്‍ അടക്കമുള്ള നേതാക്കന്മാര്‍ യൂണിഫോം സിവില്‍ കോഡ് നടപ്പാക്കാന്‍ ഇന്ത്യയില്‍ സമരം ചെയ്യണമെന്ന് പറഞ്ഞ ആളുകളാണ്.

എന്നിട്ട് ആ എം.വി. ഗോവിന്ദന്‍ പറയുകയാണ് കോണ്‍ഗ്രസിന് വ്യക്തയില്ലെന്ന്. കോണ്‍ഗ്രസിന് വ്യക്തയില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് എത്ര വര്‍ഷം രാജ്യം ഭരിച്ചതാണ് അന്ന് യൂണിഫോം സിവില്‍ കോഡ് നടപ്പാക്കില്ലേ, ഞങ്ങള്‍ നടപ്പാക്കില്ലെന്ന് തീരുമാനിച്ചതാണ്. അധികാരത്തിലിരുന്നപ്പോഴും പുറത്തായപ്പോഴും നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചവരാണ്. കൃത്യതയോടെയാണ് പോകുന്നത്,’ അദ്ദേഹം പറഞ്ഞു.

ഇതൊരു മതപരമായ വിഷയമാക്കാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും എല്ലാവരെയും ഒന്നിപ്പിക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ പോകുന്നത് ഇതൊരു മതപരമായ വിഷയമാക്കാതിരിക്കാനാണ്. എല്ലാവരെയും ഒന്നിപ്പിക്കാന്‍ വേണ്ടിയിട്ടാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും എല്ലാവരെയും ഒന്നിപ്പിക്കാന്‍ വേണ്ടിയാണ് പോകുന്നത്. ഭിന്നിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണ്. അതിന്റെയിടയില്‍ സി.പി.ഐ.എം എന്തെങ്കിലും കിട്ടുമോയെന്നറിയാന്‍ ഇറങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ കിട്ടിയല്ലോ, നന്നായിട്ട് കിട്ടിയല്ലോ, അപ്പോള്‍ അതുമായി അങ്ങ് പോകുക,’ വി.ഡി. സതീശന്‍ പറഞ്ഞു.

ഏക സിവില്‍ കോഡിനെതിരായി സി.പി.ഐ.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ലീഗ് ഇന്ന് അറിയിച്ചിരുന്നു. പാണക്കാട് വെച്ച് നടന്ന യോഗത്തിലായിരുന്നു തീരുമാനം. യു.ഡി.എഫില്‍ നിന്ന് ലീഗിനെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്നും അതുകൊണ്ട് തന്നെ യു.ഡി.എഫിലെ ഏറ്റവും പ്രധാന ഘടക കക്ഷിയെന്ന നിലക്ക് ലീഗിന് സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നുമാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Content Highlight:  V D Satheeshan against CPIM

We use cookies to give you the best possible experience. Learn more