| Monday, 24th April 2023, 12:41 pm

എ.ഐ ക്യാമറ കരാര്‍; 66 കോടി രൂപ മെയിന്റനന്‍സ് കോസ്‌റ്റെന്ന് പറയുന്നത് തട്ടിപ്പാണ്; പിന്നില്‍ കണ്ണൂര്‍ ബന്ധമുള്ള കറക്ക് കമ്പനികള്‍: വി.ഡി സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.ഐ ക്യാമറ കരാറില്‍ അടിമുടി ദുരൂഹതയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികളാണ് കരാറുകള്‍ക്ക് പിന്നിലെന്നും ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാറില്‍ പങ്കുണ്ടെന്നും സതീശന്‍ ആരോപിച്ചു. കരാര്‍ നല്‍കിയത് കെല്‍ട്രോണിനാണെന്നും എന്നാല്‍ കെല്‍ട്രോണ്‍ പിന്നീട് രണ്ട് കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കിയെന്നും ഈ വിവരങ്ങള്‍ ക്യാബിനറ്റ് നോട്ടില്‍ മറച്ച് വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘നികുതിക്കൊള്ള കൊണ്ട് വീര്‍പ്പുമുട്ടുന്ന സാധാരണക്കാരന്റെ കീശ കാലിയാക്കുന്ന മറ്റൊരു കൊള്ളയാണ് എ.ഐ ക്യാമറ ഇടപാടിലൂടെ വന്നിരിക്കുന്നത്. പത്ത് പേജുള്ള ക്യാബിനറ്റ് നോട്ടില്‍, കരാര്‍ കൊടുത്തിരിക്കുന്നതും ഉപകരാര്‍ കൊടുത്തിരിക്കുന്നതുമായ കമ്പനികളുടെ വിവരങ്ങള്‍ മുഴുവന്‍ മറച്ച് വെച്ചിരിക്കുകയാണ്. ഹൈ ഡൈമെന്‍ഷന്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ ഒരു സാങ്കേതിക പരിജ്ഞാനവും SRIT കമ്പനിക്കില്ല. ഇവര്‍ യഥാര്‍ത്ഥത്തില്‍ പവര്‍ ബ്രോക്കേഴ്‌സാണ്.’ സതീശന്‍ പറഞ്ഞു.

‘ഒരു ക്യാമറക്ക് 9.5 ലക്ഷം രൂപയാണെന്നാണ് പറയുന്നത്. ഇതിന്റെ പത്തിലൊന്ന് വില പോലുമില്ല എന്നതാണ് കാര്യം. ലോകത്തിലെ വിവിധ രാജ്യങ്ങള്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡഡ്  ക്യാമറകളുപയോഗിക്കുമ്പോള്‍ എന്തിനാണ് കെല്‍ട്രോണ്‍ ഇതിന്റെ ഘടകങ്ങള്‍ മാത്രം വാങ്ങി അസംബിള്‍ ചെയ്തത്. 232 കോടി രൂപയുടെ പ്രോജക്ടില്‍ 70 കോടി രൂപ മാത്രമാണ് ഈ ക്യാമറകള്‍ക്കാകുന്നത്. പിന്നീടാണ് മെയിന്റനന്‍സ്, കണ്‍ട്രോള്‍ റൂം എന്നൊക്കെപ്പറഞ്ഞ് പണം വാങ്ങിക്കുന്നത്. ബ്രാന്‍ഡഡ് ക്യാമറകള്‍ വാങ്ങിച്ചാല്‍ അഞ്ച് കൊല്ലത്തേക്ക് അതിന്റെ വാറന്റിയുണ്ടാകും, അതിന്റെ ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ടും ഉണ്ടാകും. ഇവിടെ ടാക്‌സടക്കം 66 കോടി രൂപ മെയിന്റനന്‍സിന് എഴുതി വെച്ചിരിക്കുകയാണ്. അറിയപ്പെടുന്ന ബ്രാന്‍ഡഡ് ക്യാമറകള്‍ വാങ്ങിച്ചാല്‍ അഞ്ച് വര്‍ഷത്തെ മെയിന്റനന്‍സും ഫ്രീയായി കിട്ടും അഞ്ച് വര്‍ഷത്തെ വാറന്റിയും കിട്ടും. അത് വാങ്ങിക്കാതെ ഇരിക്കുന്നതിനും തട്ടിപ്പ് നടത്തുന്നതിനും വേണ്ടിയാണ് ഇതു പോലെ ഘടകങ്ങള്‍ വാങ്ങി അസംബിള്‍ ചെയ്തിരിക്കുന്നത്,’ സതീശന്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ലെന്നും കെല്‍ട്രോണിന്റെ മറുപടി അവ്യക്തമാണെന്നും സതീശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എ.ഐ ക്യാമറ കരാറുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.

എ.ഐ ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതി കെല്‍ട്രോണിനെ മുന്‍ നിര്‍ത്തിയുള്ള കൊള്ളയെന്നാണ് ചെന്നിത്തല പറഞ്ഞത്. 151 കോടി രൂപക്ക് കെല്‍ട്രോണിന് നല്‍കിയ പദ്ധതി 232 കോടിക്ക് ഉപകരാര്‍ നല്‍കിയത് എന്തിനായിരുന്നെന്നും അദ്ദേഹം ചോദിച്ചിരുന്നു. കരാര്‍ ഏറ്റെടുത്ത കെല്‍ട്രോണ്‍ പദ്ധതിയുടെ ഉപകരാര്‍ ബെംഗളൂരു ആസ്ഥാനമായ എസ്.ആര്‍.ഐ.ടി എന്ന കമ്പനിക്ക് നല്‍കിയെന്നും അവര്‍ വീണ്ടും രണ്ട് കമ്പനികളെ കൂടെ പദ്ധതിയുടെ ഭാഗമാക്കിയത് എത് മാനദണ്ഡ പ്രകാരമാണെന്നും ചെന്നിത്തല ചോദിച്ചിരുന്നു. കരാര്‍ നേടിയ കമ്പനികള്‍ക്കൊന്നും തന്നെ പദ്ധതിയുമായി മുന്‍ പരിചയമില്ലെന്നും തട്ടിക്കൂട്ട് കമ്പനികളുമായി സര്‍ക്കാര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ ചെന്നിത്തലയുടെ ആരോപിച്ചിരുന്നു.

Content Highlights: V.D Satheeshan against AI camera comtract

We use cookies to give you the best possible experience. Learn more