തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് നിയമസഭയില്‍ എങ്ങനെ പെരുമാറണമെന്ന് പറയാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അദ്ദേഹമിപ്പോള്‍ പഴയ ഇ.പിയല്ലെന്നും കൗശലക്കാരനാണെന്ന് തനിക്ക് തോന്നുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇ.പി എം.എ.എല്‍.എയായിരിക്കുമ്പോള്‍ കസേര തല്ലിത്തകര്‍ത്തിട്ടുണ്ടെന്നും ആ കസേര ഇപ്പോഴും ഗോഡൗണിലാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
‘ഇ.പി. ജയരാജന്‍ വിശദമായി എങ്ങനെയാണ് നിയമസഭയില്‍ പെരുമാറേണ്ടതെന്ന സ്റ്റഡി ക്ലാസ് എടുത്തു. അദ്ദേഹം എം.എല്‍.എയായിരിക്കുമ്പോള്‍ തല്ലിത്തകര്‍ത്ത സ്പീക്കറുടെ കസേര ഒന്നിനും ഉപയോഗിക്കാന്‍ സാധിക്കാതെ പാലായിലെ ഒരു ഗോഡൗണില്‍ കിടക്കുന്നുണ്ട്.
പാലായിലുള്ള ഒരു ഫര്‍ണിച്ചര്‍ കമ്പനിയാണ് ഫര്‍ണിച്ചര്‍ എല്ലാം ചെയ്തിരുന്നത്. ആ കസേര ഇപ്പോള്‍ അവരുടെ ഗോഡൗണിലാണ് കിടക്കുന്നതെന്ന് ഞാന്‍ വിനയപൂര്‍വം ഇ.പി ജയരാജനെ ഞാന്‍ ഓര്‍മിപ്പിക്കുന്നു.
ഇ.പി. ജയരാജനെ പോലുള്ള ഒരാള്‍ എങ്ങനെയാണ് നിയമസഭയില്‍ പെരുമാറേണ്ടതെന്ന് പ്രതിപക്ഷത്തിന് ക്ലാസെടുക്കുന്ന വിചിത്രമായൊരു കാലത്താണല്ലോ നമ്മള്‍ ജീവിക്കുന്നതെന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുകയാണ്.
പക്ഷേ പഴയ ഇ.പി ജയരാജനല്ല, വളരെ കൗശലക്കാരനും ബുദ്ധിപൂര്‍വം കാര്യങ്ങള്‍ നോക്കിക്കാണുന്ന പുതിയ ജയരാജനാണോയിതെന്ന് അദ്ദേഹത്തിന്റെ പ്രസ്താവന കാണുമ്പോള്‍ സംശയമുണ്ട്,’ അദ്ദേഹം പറഞ്ഞു.
ഇ.പി. ജയരാജന്റെ പ്രസ്താവനകള്‍ മുഖ്യമന്ത്രിയെ പരിഹസിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അദ്ദേഹത്തിന്റെ പ്രസ്താവനയുടെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ മുഖ്യമന്ത്രിയെ പരിഹസിക്കുന്നത് കാണാ. അതായത് പ്രതിപക്ഷ നേതാക്കളുടെ വാക് ഔട്ട് പ്രസംഗങ്ങളാണ് ഭരണകക്ഷിയെ പ്രകോപിപ്പിക്കുന്നതാണെന്നാണ് അദ്ദേഹം പറയാതെ പറഞ്ഞത്.
പ്രതിപക്ഷ നേതാക്കളുടെ വാക് ഔട്ട് പ്രസംഗങ്ങളും അടിയന്തര പ്രമേയവും ഭരണകക്ഷിയെ ഭയവിഹ്വലരാക്കുന്നു എന്നതാണ് ജയരാജന്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് കൊണ്ട് പറഞ്ഞിരിക്കുന്നത്,’ വി.ഡി. സതീശന്‍ പറഞ്ഞു.
നിയമസഭയിലുണ്ടായ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സര്‍ക്കാര്‍ അതിന് അനുകൂലമായല്ല സ്വീകരിക്കുന്നതെങ്കില്‍ തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന യു.ഡി.എഫ് പാര്‍ലമെന്ററി യോഗത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭയില്‍ നടന്ന പ്രതിഷേധങ്ങളിലും സംഭവങ്ങളിലും ഇ.പി. ജയരാജന്‍ പ്രതികരിച്ചിരുന്നു.
നിലവിട്ട അഹങ്കാരവും താന്‍പ്രമാണിത്തവുമാണ് പ്രതിപക്ഷ നേതാവിനെയും ചില കോണ്‍ഗ്രസ് നേതാക്കളെയും നയിക്കുന്നതെന്നും കോണ്‍ഗ്രസിനകത്തെ പക്വതയുള്ളവര്‍ അത് തിരുത്താന്‍ ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ഇപ്പോള്‍ നടത്തുന്ന കാര്യങ്ങള്‍ യു.ഡി.എഫിന് അകത്തുള്ള പല ഘടക പാര്‍ട്ടികളും അംഗീകരിക്കാത്തതാണ്. അതുകൊണ്ട് നിയമസഭ സമാധാനപരമായി നടത്താനും സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനുമുള്ള നടപടികളും നിലപാടുമാണ് പ്രതിപക്ഷ നേതാവും യു.ഡി.എഫ് എം.എല്‍.എമാരും കൈകൊള്ളേണ്ടത്’, ഇ.പി. ജയരാജന്‍ പറഞ്ഞു.
content highlight: v.d satheeshan about e.p jayarajan’s statement