തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനുള്ള തീരുമാനം മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും കൂടി ഏകകണ്ഠമായി എടുത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതിന്റെ പേരില്‍ വിവാദങ്ങളുടെ ആവശ്യമില്ലെന്നും ഉമ്മന്‍ ചാണ്ടി ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ വേട്ടയാടിയിരുന്ന വിഷയങ്ങളെല്ലാം ജനമധ്യത്തില്‍ ചര്‍ച്ചയില്‍ ഉണ്ടെന്നും സതീശന്‍ പറഞ്ഞു.
‘മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും കൂടി തീരുമാനിച്ചതാണ് തിരുവനന്തപുരത്ത് വെച്ച് അനുശോചന യോഗം നടത്തണം എന്നത്. അതിലേക്ക് എല്ലാ പാര്‍ട്ടികളെയും എല്ലാ മതവിഭാഗങ്ങളെയും എല്ലാ സാംസ്‌കാരിക കലാ പ്രവര്‍ത്തകരെയും വിളിക്കണമെന്നും തീരുമാനമെടുത്തു. തിരുവനന്തപുരത്ത് ഒരു അനുശോചന യോഗം നടക്കുമ്പോള്‍ മുഖ്യമന്ത്രിയെ കൂടി ക്ഷണിക്കണമെന്നത് ഞാനോ കെ.പി.സി.സി പ്രസിഡന്റോ ഒറ്റക്ക് എടുത്ത തീരുമാനമല്ല. മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും ചേര്‍ന്ന് ഏകകണ്ഠമായി എടുത്ത തീരുമാനമാണ്.
ഉമ്മന്‍ചാണ്ടിയെ പോലുള്ള ഒരാളുടെ അനുസ്മരണ സമ്മേളനം തലസ്ഥാന നഗരിയില്‍ നടക്കുമ്പോള്‍ അതിന്റെ പേരില്‍ ഒരു വിവാദത്തിന്റെയും ആവശ്യമില്ല. എല്ലാവരെയും അതില്‍ പങ്കാളികളാക്കി അത് നടത്തുക എന്നതാണ് തീരുമാനം. ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണമായത് കൊണ്ടാണ് അത് അങ്ങനെ നടത്താന്‍ തീരുമാനിച്ചത്. അതിന്റെ പേരില്‍ ഒരു വിവാദത്തിന്റെയും തര്‍ക്കത്തിന്റെയും ആവശ്യമില്ല. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ വേട്ടയാടിയിരുന്ന വിഷയങ്ങളെല്ലാം ജനമധ്യത്തില്‍ ചര്‍ച്ചയുണ്ട്. അത് ഞങ്ങളും ചര്‍ച്ച ചെയ്യും. നിയമസഭയില്‍ അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ഞാന്‍ തന്നെ ആ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം രാഷ്ട്രീയമായി വേട്ടയാടപ്പെട്ട ഒരാളാണ്. അതിന്റെ ഒരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. സത്യം അവസാനം വിജയിക്കുമെന്ന് എപ്പോഴും പറയാറുള്ള ആളായിരുന്നു ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിനെതിരായ കേസുകളിലെല്ലാം സത്യം വിജയിക്കുകയാണ് ചെയ്തത്,’ വി.ഡി. സതീശന്‍ പറഞ്ഞു.
പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും സതീശന്‍ പറഞ്ഞു.
‘മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കാന്‍ പോകുന്ന ഒരു തെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. ആ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നും ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടാകും. ആ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് കോണ്‍ഗ്രസ് പ്രസിഡന്റാണ്. ഞങ്ങളെല്ലാവരും കൂടി ചര്‍ച്ച ചെയ്ത് ആ തീരുമാനം അങ്ങോട്ട് അയച്ച് അദ്ദേഹമാണ് പ്രഖ്യാപിക്കുക. ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ നാല് മാസം കഴിഞ്ഞ് തീരുമാനിക്കാനുള്ള അനുവാദം ഞങ്ങള്‍ക്ക് തരണം.
പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പ്രഖ്യാപിക്കും. അതിന് മുന്‍പ് പ്രഖ്യാപിക്കേണ്ട ഏതെങ്കിലും സാഹചര്യം വന്നാല്‍ അത് അപ്പോള്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുക്കും. ഇത് ഒരാളോ രണ്ട് പേരോ എടുക്കുന്ന തീരുമാനമല്ല. എല്ലാം കൂട്ടായി എടുക്കുന്ന തീരുമാനമാണ്. അത് കൃത്യമായ സമയത്തുണ്ടാകും. പുതുപ്പള്ളി സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നാണ് എല്ലാവരോടും അഭ്യര്‍ത്ഥിക്കാനുള്ളത്. അത് പാര്‍ട്ടിക്ക് വിട്ടുനല്‍കണം,’ സതീശന്‍ പറഞ്ഞു.
Content Highlight: V D Satheeshan about commemoration ceremony of oommenchandy