തിരുവനന്തപുരം: കൊവിഡിനെ നേരിടാന്‍ സര്‍ക്കാരിന് പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലടിക്കുന്നത് ജനം പുച്ഛിക്കുമെന്നും പ്രതിപക്ഷ ധര്‍മം നിര്‍വഹിക്കുമെന്നും വി. ഡി സതീശന്‍ പറഞ്ഞു. കെ. സി വേണുഗോപാലിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനവിധിയനുസരിച്ച് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കണം. ഞങ്ങളുടെ ജോലിയെന്ന് പറയുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തലനാരിഴ കീറി പരിശോധിച്ച് തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക എന്നതാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള പ്രതിപക്ഷ ധര്‍മം നിര്‍വഹിക്കും.
ജനാധിപത്യത്തിന്റെ മനോഹാരിത എന്ന് പറയുന്നത് ഭരണ പക്ഷത്തിനോടൊപ്പം നില്‍ക്കുന്ന, നന്നായി പ്രവര്‍ത്തിക്കുന്ന ഒരു പ്രതിപക്ഷമാണ്. ആ പ്രതിപക്ഷം ഇല്ലെങ്കില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകും. സര്‍ക്കാരിനെ തിരുത്തുകയും തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല തന്നെ അഭിനന്ദിച്ചുവെന്നും എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ യു.ഡി.എഫിന്റെ പ്രഥമ പരിഗണന വര്‍ഗീയതയോട് സന്ധിയില്ലാത്ത സമരം ചെയ്യുക എന്നായിരിക്കുമെന്ന് വി.ഡി സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. സംഘപരിവാറടക്കമുള്ള വിധ്വംസക ശക്തികള്‍ക്കെതിരെ പോരാടുമെന്നും വര്‍ഗീയതയെ കേരളത്തില്‍ നിന്നും തുടച്ചുനീക്കുമെന്നുമാണ് വി.ഡി. സതീശന്‍ പറഞ്ഞത്.
സംഘപരിവാര്‍ ശക്തികള്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കി വര്‍ഗീയത സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എതിര്‍ക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞിരുന്നു. ന്യൂനപക്ഷവര്‍ഗീതയതെയും എതിര്‍ക്കുമെന്നും വര്‍ഗീതയ ഉണ്ടാക്കാന്‍ ആര് ശ്രമിച്ചാലും അതിനെ മുന്‍പന്തിയില്‍ നിന്നും എതിര്‍ക്കുക യു.ഡി.എഫ് ആയിരിക്കുമെന്നും സതീശന്‍ പറഞ്ഞു.