| Friday, 20th May 2022, 3:19 pm

2016ല്‍ മഴ, 2020ല്‍ മഴയോ മഴ ഇനിയുമെത്ര തെരഞ്ഞെടുപ്പ് മഴ പെയ്യാനിരിക്കുന്നു; വി.ഡി. സതീശനെ ട്രോളി വി.ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ട്രോളുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

2016 മെയ് 16 മഴ, 2020 ഡിസംബര്‍ 8,10,14 മഴയോ മഴ, തൃക്കാക്കരയില്‍ നല്ല മഴക്കോള്, എന്നായിരുന്നു വി.ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മഴ പെയ്തതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പല സ്ഥലത്തും തോറ്റതെന്ന വി.ഡി. സതീശന്റെ പ്രതികരണത്തെ പരിഹസിച്ചായിരുന്നു പോസ്റ്റ്.

ഇനിയുമെത്ര തെരഞ്ഞെടുപ്പ് മഴ പെയ്യാനിരിക്കുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.

‘അല്ലേലും മഴ സഖാക്കള്‍ക്ക് അനുഗ്രഹമാണ്… പ്രത്യേകിച്ചും കളമശ്ശേരി എറണാകുളം ഭാഗത്ത്, ഈ മഴയത്ത് ഒലിച്ചു പോകുന്നത് ആരൊക്കെ ആയിരിക്കും, ഉപതെരഞ്ഞെടുപ്പ് ദിവസം ആ മുടിഞ്ഞ മഴ ഇല്ലായിരുന്നെങ്കില്‍ സീറ്റ് മൊത്തം തൂത്തുവാരി ജയിക്കാമായിരുന്നു,’ എന്നിങ്ങനെ പല കമന്റുകളും പോസ്റ്റില്‍ കീഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.

ചെറിയ മഴ പെയ്തതുകൊണ്ട് ആളുകള്‍ വോട്ട് ചെയ്യാന്‍ ഇറങ്ങാത്തതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പല സ്ഥലത്തും തോറ്റതെന്നും നഗരസഭാ ഭരണം നിലനിര്‍ത്താന്‍ വേണ്ടി സി.പി.ഐ.എം വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചുകൊടുത്തെന്നും വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എറണാകുളം നഗരത്തില്‍ ഒരു സി.പി.ഐ.എം സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് വെറും 24 വോട്ടാണ്. നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ബി.ജെ.പിയെ സഹായിച്ചതിന് കൃത്യമായ തെളിവുകളുണ്ട്. വോട്ടുകള്‍ നോക്കുകയാണെങ്കില്‍ യു.ഡി.എഫിന് വോട്ട് കൂടിയിട്ടുണ്ട് എന്നും സതീശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 42 വാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്.

24 വാര്‍ഡുകളില്‍ മികച്ച വിജയമാണ് എല്‍.ഡി.എഫ് നേടിയത്. 12 സീറ്റുകള്‍ യു.ഡി.എഫും ആറിടത്ത് ബി.ജെ.പിയും വിജയം നേടി. യു.ഡി.എഫിന്റെ ഏഴും ബി.ജെ.പിയുടെ രണ്ടും വാര്‍ഡുകളാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്.

Content Highlights: V.D. Satheesan was trolled by V. Sivankutty

We use cookies to give you the best possible experience. Learn more