തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തക ദയ ബായിയെ സമരപന്തലില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ സന്ദര്‍ശിച്ചു. സമാനതകളില്ലാത്ത ആരോഗ്യ പ്രശ്‌നങ്ങളാണ് കാസര്‍കോട്ടുകാര്‍ ഇന്നും അനുഭവിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.
നിസഹായരായ അമ്മമാര്‍ സമരം നടത്തിയെങ്കിലും അജ്ഞാത രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പെടെ ജില്ലയില്‍ മതിയായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വിദഗ്ധ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ദയ ബായിയുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്നതെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സതീശന്റ പ്രതികരണം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് വര്‍ഷത്തിലൊരിക്കല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന സര്‍ക്കാര്‍ തീരുമാനവും പാലിക്കപ്പെട്ടിട്ടില്ല. ദുരിതം അനുഭവിക്കുന്ന ഒരു ജനവിഭാഗത്തിന്റെ മൗലികാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഈ സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. സമരക്കാരുമായി അടിയന്തിരമായി ചര്‍ച്ച നടത്താന്‍ തയ്യാറാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയോട് ഫോണില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യത്വപരമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സതീശന്‍ പറഞ്ഞു.
അതേസമയം, കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുതലാണ് ദയ ബായ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ വിദഗ്ധ ചികിത്സാ സംവിധാനം ഒരുക്കുക, ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ദിനാരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക, എയിംസ് നിര്‍ദേശ പട്ടികയില്‍ കാസര്‍ഗോഡ് ജില്ലയുടെ പേരും ചേര്‍ക്കുക തുടങ്ങിയവയാണ് ദയ ബായിയുടെ സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍.