കേരള സര്‍വകലാശാലയിലെ വിധി കര്‍ത്താവിന്റെ ആത്മഹത്യ;എസ്.എഫ്.ഐക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം; വി.ഡി. സതീശന്‍
Kerala
കേരള സര്‍വകലാശാലയിലെ വിധി കര്‍ത്താവിന്റെ ആത്മഹത്യ;എസ്.എഫ്.ഐക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം; വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th March 2024, 1:00 pm

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ ആരോപണം നേരിട്ട ഷാജിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംഭവത്തില്‍ എസ്.എഫ്.ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

എസ്.എഫ്.ഐക്കെതിരെ പുതിയ ആരോപണം കൂടെ ഉയര്‍ന്നതോടെ കുട്ടികളെ കോളേജില്‍ വിടാന്‍ രക്ഷിതാക്കൾക്ക് ഭീതി ആണെന്ന് അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐയെ നിയന്ത്രിക്കാന്‍ സി.പി.ഐ.എം തയ്യാറായില്ലെങ്കില്‍ അവരെ ശരിയാക്കാന്‍ കോണ്‍ഗ്രസ് തന്നെ രംഗത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കേരള സര്‍വകലാശാല കലോത്സവത്തിനിടെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു വിജയിച്ച കോളേജുകളിലെ വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ തെരഞ്ഞ് പിടിച്ച് മര്‍ദിച്ചു. അതിന് പുറമേയാണ് കലോത്സവത്തിലെ വിധി കര്‍ത്താവായ ഷാജിയെ മുറിയില്‍ കൊണ്ട് പോയി മര്‍ദിച്ചത്. ഇതിന് പിന്നാലെയാണ് ഞാന്‍ നിരപരാധിയാണെന്ന് പറഞ്ഞ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുക്കേണ്ടത്.’ വി.ഡി. സതീശന്‍ പറഞ്ഞു.

പിണറായി വിജയന്‍ എസ്.എഫ്.ഐ ക്രിമിനലുകള്‍ക്ക് തണല്‍ ഒരുക്കി നല്‍കിയതിനാലാണ് അവര്‍ കേരളത്തില്‍ ഇത്തരത്തില്‍ അഴിഞ്ഞാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ രക്ഷകര്‍ത്താക്കള്‍ നേരിട്ടിറങ്ങി ഇവരില്‍ നിന്നും കുട്ടികളെ രക്ഷിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍വകലാശാല കലോത്സവത്തില്‍ മാര്‍ഗംകളിയുടെ ഫലം അട്ടിമറിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഷാജി ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കെ.എസ്.യു ഭരിക്കുന്ന മാര്‍ ഇവാനിയോസ് കോളേജിന് ഒന്നാം സ്ഥാനം ലഭിക്കാതിരിക്കാന്‍ എസ്.എഫ്.ഐ കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം.

സംഭവത്തില്‍ ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകണമെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് കണ്ണൂരിലെ വീട്ടില്‍ ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ കുടുക്കിയതാണെന്നും ആരോപിച്ച് ഷാജി എഴുതിയ ആത്മഹത്യാ കുറിപ്പും മുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു.

Content Highlight: V. D. Satheesan talk about kerala university judge death