രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസ് നിലപാട്; കേരളത്തിലും തങ്ങള്‍ ആ നിലപാട് തന്നെ പറയുമെന്ന് സതീശന്‍
കൊല്ലം: അധികാരത്തിലിരിക്കുന്നത് വ്യാജ ഹിന്ദുക്കളാണെന്നും ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസ് നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
കേരളത്തിലും തങ്ങള്‍ ആ നിലപാട് തന്നെ പറയുമെന്നും സതീശന്‍ പറഞ്ഞു. ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് തന്നെയല്ലേ ആര്‍.എസ്.എസും പറയുന്നതെന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”ഞാനാ വേദിയിലിരുന്ന് പ്രസംഗം കേട്ടയാളാണ്. നിങ്ങള്‍ക്ക് ചിലപ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞ ഹിന്ദി മനസ്സിലായിക്കാണില്ല. ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദു എന്നത് ഒരു ജീവിത ക്രമമാണ്. ഹിന്ദുത്വ എന്നത് രാഷ്ട്രീയ അജണ്ടയാണ്. അതുരണ്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് പറഞ്ഞത്. ഞാന്‍ ഹിന്ദുമത വിശ്വാസിയാണ്. ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന ആളാണ്.
അങ്ങനെയിരിക്കുമ്പോള്‍ മറ്റൊരു മതവിശ്വാസത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ ഞങ്ങള്‍ വിമര്‍ശിക്കും. അതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ പൂര്‍ണമായ അര്‍ത്ഥം. ആ അര്‍ത്ഥത്തില്‍ തന്നെയാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. അതിനെ സംഘപരിവാറിന്റെ രീതിയിലാക്കാനൊന്നും ആരും ശ്രമിക്കേണ്ട. തെറ്റായിട്ടൊന്നും വ്യാഖ്യാനിക്കേണ്ട. അദ്ദേഹം പറഞ്ഞത് കോണ്‍ഗ്രസ് നയം തന്നെയാണ്,” സതീശന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി പറഞ്ഞത് എന്താണെന്ന് തങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ടെന്നും അത് കോണ്‍ഗ്രസിന്റെ ലൈന്‍ തന്നെയാണെന്നും അതിനെ ഒരാളും തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അത് തന്നെയാണ് തങ്ങള്‍ കേരളത്തിലും സംസാരിക്കാന്‍ പോകുന്നതെന്നും സതീശന്‍ പറഞ്ഞു.
ജയ്പുരിലെ കോണ്‍ഗ്രസ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഹിന്ദുവും ഹിന്ദുത്വവാദിയും പ്രസ്താവന.
‘ഞാനൊരു ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല. മഹാത്മാഗാന്ധി ഹിന്ദുവായിരുന്നു, ഗോഡ്‌സെ ഹിന്ദുത്വവാദിയും,’ എന്നാണ് രാഹുല്‍ പറഞ്ഞത്.
ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മില്‍ വ്യത്യാസമുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവനാണ് ഹിന്ദുവെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: V.D satheesan supports Rahul Gandhi’s Hindu Hindutuva statement