Kerala News
സാക്ഷരതാ പ്രേരക് ബിജു മോന്റേത് ഭരണകൂട കൊലപാതകം; സര്‍ക്കാര്‍ ഇനിയും രക്തസാക്ഷികളെ സൃഷ്ടിക്കരുത്: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 10, 04:45 pm
Friday, 10th February 2023, 10:15 pm

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കൊല്ലത്ത് സാക്ഷരതാ പ്രേരക് ബിജു മോന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ബിജു മോന്റേത് ആത്മഹത്യയല്ല ഭരണകൂട കൊലപാതകമാണെന്ന് സതീശന്‍.

ഇനിയും സര്‍ക്കാര്‍ രക്തസാക്ഷികളെ സൃഷ്ടിക്കരുതെന്നും സര്‍ക്കാര്‍ കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്നും സതീശന്‍ പറഞ്ഞു.

‘രണ്ട് പതിറ്റാണ്ടിലേറെ സാക്ഷരതാ പ്രേരകാണ് ബിജു മോന്‍. എത്രയോ പേര്‍ക്ക് അക്ഷരത്തിന്റെ വെളിച്ചം പകര്‍ന്നു കൊടുത്തയാള്‍. ജീവിതത്തിന്റെ വെളിച്ചംകെട്ട ആ നിമിഷത്തിലാകും അയാള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചത്.
പത്തനാപുരത്തെ ബിജു മോന്റെ വീട്ടില്‍ ഇന്ന് പോയിരുന്നു. ആറ് മാസത്തിലധികം കുടിശികയായ സര്‍ക്കാര്‍ ഓണറേറിയം കിട്ടിയിട്ട് അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാത്തിരുന്ന മകനായിരുന്നു അയാള്‍. പച്ചക്കറി വാങ്ങാന്‍ പോലും പണമില്ലാതെ നിസഹായാവസ്ഥയിലായിപ്പോയ കുടുംബനാഥന്‍. ബിജു മോന്റേത് ആത്മഹത്യയല്ല ഭരണകൂട കൊലപാതകമാണ്.

സ്വന്തം ജോലിയില്‍ അങ്ങേയറ്റം അത്മാര്‍ത്ഥതയുള്ള ആളായിരുന്നു ബിജു മോനെന്നതിന് തെളിവ് രാഷ്ട്രപതി നല്‍കിയ പുരസ്‌കാരമാണ്. ഇനി ചര്‍ച്ചകള്‍ക്കോ കൂടിയാലോചനകള്‍ക്കോ പ്രസക്തിയില്ല. പ്രേരക്മാരുടെ ഓണറേറിയം കുടിശിക ഉടന്‍ നല്‍കണം. ഇനിയും രക്തസാക്ഷികളെ സൃഷ്ടിക്കരുത്,’ സതീശന്‍ പറഞ്ഞു.

ബിജു മോന്റെ കലാവിഷ്‌കാരവുമായി ബന്ധപ്പെട്ട ഒരു വീഡിയോയും പ്രതിപക്ഷ നേതാവ് ഫേസ്ബക്കിലൂടെ പങ്കുവെച്ചു.

‘ബിജു മോന്റെ വീട്ടില്‍ നിന്നും മടങ്ങവെ അദ്ദേഹം പണ്ട് പാടിയ പാട്ടുകളില്‍ ഒരെണ്ണം അവിചാരിതമായി കണ്ടു. അദ്ദേഹത്തിന്റെ സംഗീതവും ചിരിയും കേരളീയ സമൂഹത്തെയാകെ പൊള്ളിക്കുന്നുണ്ട്,’ സതീശന്‍ പറഞ്ഞു.

കൊല്ലം പത്തനാപുരം മാങ്കോട് സ്വദേശി ഇ.എസ്. ബിജു മോന്‍ കഴഞ്ഞി ദിവസമാണ് മരിച്ചത്. അദ്ദേഹത്തിന് ആറ് മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. ബിജുമോന്റെ മരണത്തില്‍ സര്‍ക്കാരാണ് ഉത്തരവാദിയെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ 1,714 പ്രേരക്മാരാണ് ശമ്പളമില്ലാതെ വലയുന്നതെന്നും സംഘടന പറഞ്ഞിരുന്നു.