തിരുവനന്തപുരം: കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തരെ അക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
സംഭവം അന്വേഷിക്കാന്‍ ഡി.സി.സി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
ദൗര്‍ഭാഗ്യകരമായ ഒരു സംഭവമാണ് നടന്നത്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റും ആവശ്യപ്പെട്ടിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരുമായി സംഘര്‍ഷത്തിലേര്‍പ്പെടേണ്ട കാര്യമില്ലെന്നും അവര്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും, നമ്മള്‍ നമ്മുടെ ജോലി ചെയ്യുകയാണ് വേണ്ടതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് എ ഗ്രൂപ്പ് യോഗം നടക്കുന്നതറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ടി.സിദ്ദിഖിന്റെ അനുയായികളാണ് യോഗം ചേര്‍ന്നതെന്നാണ് വിവരം. യോഗത്തെക്കുറഞ്ഞെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് ഉള്‍പ്പടെ മര്‍ദനമേറ്റിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് മര്‍ദനമേറ്റ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി.നമ്പ്യാര്‍ക്കാണ് ആദ്യം മര്‍ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി.ആര്‍.രാജേഷ്, കൈരളിയിലെ മേഘ എന്നിവരെ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയും ചെയ്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവെക്കുകയും അസഭ്യം പറയുകയും ചെയ്തതായി പറയുന്നു. സംഭവമറിഞ്ഞ് കസബ പൊലീസ് സ്ഥലത്തെത്തി. കോണ്‍ഗ്രസ് എ ഗ്രൂപ്പ് രഹസ്യയോഗമാണ് നടന്നതെന്നാണ് വിവരം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Opposition leader V.D. Satheesan says Strict action will be taken in the incident where Congress workers attacked journalists