കൊച്ചി: തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ജോ ജോസഫ് സഭാ സ്ഥാനാര്‍ത്ഥിയാണെന്ന് കോണ്‍ഗ്രസ് എവിടേയും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സഭയെ വലിച്ചിഴച്ചത് സി.പി.ഐ.എം ആണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
സഭയുടെ സ്ഥാപനത്തിന്റെ പശ്ചാത്തലത്തില്‍ സഭയുടെ ചിഹ്നത്തിലുള്ള ബാക്ക്‌ഡ്രോപ്പിന്റെ മുന്‍പിലിരുത്തി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ആരാണ്. സി.പി.ഐ.എമ്മിന്റെ ചരിത്രത്തില്‍ എവിടെയെങ്കിലും പാര്‍ട്ടി ഓഫീസിലോ, കമ്മിറ്റി ഓഫീസിലോ അല്ലാതെ ഇതുവരെ അവരുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ടോയെന്നും സഭയുടെ ചിഹ്നത്തിന് മുന്‍പില്‍ സ്ഥാനാര്‍ത്ഥിയേയും വൈദികനേയും ചേര്‍ത്ത് പത്രസമ്മേളനം നടത്തിയ മന്ത്രി പി. രാജീവാണ് സഭയെ വലിച്ചിഴച്ചതെന്നും സതീശന്‍ പറഞ്ഞു.
സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സഭയുടെ പ്ലാറ്റ്ഫോമിനെ ദുരുപയോഗം ചെയ്തത് മന്ത്രിയാണ്. ഇതിന് പിന്നാലെയാണ് സഭയില്‍ തന്നെയുള്ള ഒരു വിഭാഗം ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയല്ലെന്ന പ്രസ്താവനയുമായി എത്തിയതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പി.സി. ജോര്‍ജിനെ കെട്ടിപ്പിടിച്ച ആളെയാണോ സി.പി.ഐ.എം സ്ഥാനാര്‍ഥി ആക്കുന്നതെന്നും സതീശന്‍ ചോദിച്ചു. പി.സി. ജോര്‍ജിന് ജാമ്യം കിട്ടാന്‍ സി.പി.ഐ.എം വഴി ഒരുക്കുകയായിരുന്നു. അതിനായി എഫ്.ഐ.ആറില്‍ വെള്ളം ചേര്‍ത്തുവെന്നും സതീശന്‍ പറഞ്ഞു.
അതേസമയം, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് കത്തോലിക്കാ സഭയെ വലിച്ചിഴക്കരുതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താല്‍പ്പര്യക്കാരാണ്. സഭയാണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല ദല്‍ഹിയില്‍ പറഞ്ഞിരുന്നു.
തൃക്കാക്കരയില്‍ രാഷ്ട്രീയ പോരാട്ടത്തില്‍ നിന്നും സി.പി.ഐ.എം പിന്മാറിക്കഴിഞ്ഞതായി ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ പോരാട്ടമായിരുന്നെങ്കില്‍ അരുണ്‍കുമാറിനെ സിപിഎം പിന്‍വലിക്കില്ലായിരുന്നു. കെ റെയിലിനുള്ള താക്കീതായി തൃക്കാക്കര തെരഞ്ഞെടുപ്പ് മാറുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
CONTENT HIGHLIGHTS: Opposition leader V.D. Satheesan Says Congress has nowhere said that Joe Joseph, the Left candidate from Thrikkakara, is the Sabha candidate