| Monday, 11th March 2024, 10:50 pm

ബി.ജെ.പിയുടെ നീക്കം ഒരു തെരഞ്ഞെടുപ്പ് സ്റ്റണ്ട്; സി.എ.എ പ്രതിഷേധങ്ങളെ കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കും: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സി.എ.എ വിജ്ഞാപനത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും അനുവദിക്കില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. സി.എ.എ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് കേന്ദ്ര സര്‍ക്കാര്‍ കളിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം ഒരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സി.എ.എക്കെതിരെ സുപ്രീം കോടതിയില്‍ മുസ്‌ലിം ലീഗ് നല്‍കിയ ഹരജിയില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറഞ്ഞത്, ഈ നിയമം നടപ്പിലാക്കില്ലെന്നും അതിനുള്ള ആലോചനയില്ലെന്നുമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

‘അയോധ്യയില്‍ രാമനെ പ്രതിഷ്ഠിച്ച് രാഷ്ട്രീയ ലാഭം കൊയ്യാന്‍ ബി.ജെ.പി ശ്രമിച്ചു. ഇപ്പോള്‍ അടുത്ത ആയുധം പുറത്തെടുത്തിരിക്കുകയാണ് ബി.ജെ.പി. അവര്‍ മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലര്‍ത്താന്‍ ശ്രമിക്കുന്നു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും രാജ്യം ശരിവെച്ചു,’ വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇത് വിഭജനത്തിനെയും വിഭാഗീയതയുടെയും രാഷ്ട്രീയമാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ആളുകളുടെ മനസില്‍ ഭയം വളര്‍ത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും അതിനെതിരെ കോണ്‍ഗ്രസ് നിയമപരമായും അല്ലാതെയും രാജ്യവ്യാപകമായി പോരാടുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

നമ്മുടെ പൗരത്വത്തെ നയിക്കുന്നത് വിഭാഗീയത നിറഞ്ഞ സര്‍ക്കാരാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കേരളത്തില്‍ മാത്രമല്ല മറ്റൊരു സംസ്ഥാനത്തും സി.എ.എ നിയമം നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവിധ മത വിഭാഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരാനും അവരെ ചേര്‍ത്തുനിര്‍ത്താനും കോണ്‍ഗ്രസ് മുന്നിലുണ്ടാവുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സംഘപരിവാറിന്റെ കൈപിടിയിലാവാതിരിക്കാന്‍ ന്യൂനപക്ഷ സമൂഹം ശക്തമായ ശ്രമങ്ങള്‍ നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരിക്കുന്നത് ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Content Highlight: V.D. Satheesan says Congress and UDF will not allow the implementation of the Citizenship Amendment Act

We use cookies to give you the best possible experience. Learn more