നാല് വര്‍ഷത്തിനിടെ അറുനൂറോളം പള്ളികളാണ് അക്രമിക്കപ്പെട്ടത്; ബി.ജെ.പിയുടെ 'ഈസ്റ്റര്‍ മിഷന്‍' ഇരട്ടത്താപ്പും പരിഹാസ്യവുമെന്ന് സതീശന്‍
Kerala News
നാല് വര്‍ഷത്തിനിടെ അറുനൂറോളം പള്ളികളാണ് അക്രമിക്കപ്പെട്ടത്; ബി.ജെ.പിയുടെ 'ഈസ്റ്റര്‍ മിഷന്‍' ഇരട്ടത്താപ്പും പരിഹാസ്യവുമെന്ന് സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th April 2023, 1:35 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബി.ജെ.പി നേതാക്കാള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവര്‍ക്കെതിരായ ക്രൂരതകളും മറച്ചുവെക്കാനാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതെന്നും സതീശന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ണാടകത്തില്‍ ഒരു ബി.ജെ.പി മന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത് എല്ലാവരും കേള്‍ക്കേണ്ടതാണ്. ക്രൈസ്തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനാണെന്നുമാണ് മന്ത്രി മുനിരത്ന പറഞ്ഞത്. രാജ്യവ്യാപകമായി ഇതേ നിലപാട് തന്നെയാണ് ബി.ജെ.പി ക്രൈസ്തവരോട് കാട്ടുന്നത്.

നാല് വര്‍ഷത്തിനിടെ അറുനൂറോളം പള്ളികളാണ് അക്രമിക്കപ്പെട്ടത്. ക്രിസ്മസ് ആരാധന പോലും തടസപ്പെടുത്തി. വൈദികര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഇപ്പോഴും ജയിലുകളിലാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആക്രമിക്കപ്പെട്ടത്.
ലോകാരാധ്യയായ മദര്‍ തെരേസക്ക് നല്‍കിയ ഭാരതരത്‌നം പോലും പിന്‍വലിക്കണമെന്നാണ് ആര്‍.എസ്.എസ് പറയുന്നത്. ഇതുവരെ ആര്‍.എസ്.എസ് നേതാക്കള്‍ ഈ നിലപാടില്‍ നിന്ന് പിന്നോക്കം പോയിട്ടുമില്ല,’ സതീശന്‍ പറഞ്ഞു.
ബി.ജെ.പി നേതാക്കളുടെ ക്രൈസ്തവ സ്നേഹം കാപട്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പറഞ്ഞു.

ക്രൈസ്തവ സമൂഹത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തുന്ന കര്‍ണാടകയിലെ ബി.ജെ.പി നേതാവിന്റെ പ്രതികരണം പങ്കുവെച്ചായിരുന്നു സുധാകരന്റെ പ്രതികണം.
‘ക്രിസ്ത്യാനികളെ എവിടെ കണ്ടാലും തല്ലണം എന്നാണ് കര്‍ണാടകയിലെ ബി.ജെ.പി നേതാവ് പറഞ്ഞത്. തല്ലിയിട്ട് വരുന്നവരെ സംരക്ഷിക്കാം എന്നും ബി.ജെ.പി ഉറപ്പു നല്‍കി.
ഈ പാര്‍ട്ടിയെ രക്ഷകരായി തെറ്റിദ്ധരിച്ചിരിക്കുന്ന ചെറിയൊരു വിഭാഗം ക്രിസ്തുമത വിശ്വാസികള്‍ കേരളത്തിലുമുണ്ട്. വെളുത്ത ചിരിയുമായി ബി.ജെ.പി നേതാക്കള്‍ നിങ്ങളെ സമീപിക്കുന്നുണ്ടെങ്കില്‍ അത് ചെകുത്താന്റെ ചിരിയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക,’ കെ. സുധാകരന്‍ പറഞ്ഞു.

Content Highlight: V. D. Satheesan said that BJP leaders in Kerala visiting the Bishop’s Houses in the state to wish Easter wishes are duplicitous and ridiculous