തൃശൂര്‍: മിത്ത് വിവാദം ബി.ജെ.പിയും സി.പി.ഐ.എമ്മും നടത്തുന്ന ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരേ സ്വരമാണെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വി. ഗോവിന്ദന്റെ പ്രസ്താവന ക്ലീഷേ ഡയലോഗാണെന്നും തൃശൂരില്‍ മാധ്യമങ്ങളെ കാണവെ സതീശന്‍ പറഞ്ഞു.
സ്പീക്കറുടെ കൈവെട്ടും എന്ന് പറഞ്ഞ ബി.ജെ.പി നേതാവിനെതിരെ കേസെടുക്കാത്ത
കേരളാ പൊലീസ് എന്തുകൊണ്ടാണ് എന്‍.എസ്.എസിന്റെ നാമജപ യാത്രക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം ചോദിച്ചു.
‘ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരേ സ്വരം എന്നുള്ളത് ക്ലീഷേ ഡയലോഗാണ്. കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കുമറിയാം. സ്വര്‍ണക്കള്ളക്കടെത്ത്, കുഴല്‍പ്പണക്കേസ്, ലാവ്‌ലിന്‍ കേസ് എന്നിവയിലൊക്കെ ഒത്തുതീര്‍പ്പ് നടന്നു. ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയെ വിമര്‍ശിച്ചതിന് എനിക്കെതിരെ ആര്‍.എസ്.എസിന്റ കേസുണ്ട് എന്നത് ഗോവിന്ദന്‍ മനസിലാക്കണം.
സ്പീക്കറുടെ കൈവെട്ടും എന്ന് പറഞ്ഞ ബി.ജെ.പി നേതാവിനെതിരെ കേരളാ പൊലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ല. നാമജപയാത്രക്കെതിരെ കേസ് എടുത്തിട്ടില്ലല്ലോ. ഇതൊക്കെ ഒരുതരം അഡ്‌ജെസ്റ്റ്‌മെന്റാണ്. ഇപ്പോള്‍ നടക്കുന്ന മിത്ത് വിവാദം ബി.ജെ.പിയും കോണ്‍ഗ്രസും നടത്തുന്ന ഗൂഢാലോചനയാണോ എന്ന് സംശയിച്ചാല്‍, ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. രണ്ട് പേരും വര്‍ഗീയ ധ്രുവീകരണത്തിന് ആഗ്രഹിക്കുന്നു.