| Thursday, 7th September 2023, 12:35 pm

ഗ്രോ വാസു തീവ്രവാദിയോ രാജ്യവിരുദ്ധനോ അല്ല, കേസ് പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് സതീശന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗ്രോ വാസു തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടയാളോ അല്ലയെന്നും സതീശന്‍ കത്തില്‍ പറഞ്ഞു.

ടി.പി. ചന്ദ്രശേഖരന്‍ വധം മുതല്‍ ആള്‍മാറാട്ട വ്യാജരേഖ നിര്‍മിതി ആരോപണങ്ങളോടും നിമയസഭാകേസിലുമുള്ള സര്‍ക്കാര്‍രിന്റെ നിലപാട് അടക്കം സൂചിപ്പിച്ചാണ് സതീശന്റെ കത്ത്.

വന്ദ്യവയോധികനായ ഗ്രോ വാസുവിന്റെ വായ് മൂടിക്കെട്ടുന്ന പൊലീസുകാരുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ കണ്ടു. 94കാരനായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുദ്രാവാക്യം വിളിക്കുന്നത് തടയാന്‍ അദ്ദേഹത്തിന്റെ കൈ ബലമായി പിടിച്ചു താഴ്ത്തുകയാണ് അങ്ങയുടെ പൊലീസ്. തൊപ്പി കൊണ്ട് ഗ്രോ വാസുവിന്റെ മുഖം മറയ്ക്കുന്നതും ഇതേ പൊലീസാണ്. മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന കാഴ്ചയാണത്.

എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്? തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടയാളോ അല്ല. മാവോയിസ്റ്റ് വേട്ടയെന്ന പേരില്‍ മനുഷ്യരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വെടിവച്ച് കൊന്നതിനെതിരെ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റം. 51 വെട്ടിന് മനുഷ്യ ജീവനെടുത്തവരും രാഷ്ട്രീയ എതിരാളികളെ അരുംകൊല ചെയ്തവരും ആള്‍മറാട്ടവും വ്യാജ രേഖാ നിര്‍മാണവും നടത്തുന്ന സി.പി.ഐ.എം ബന്ധുക്കളും പൊലിസ് കസ്റ്റഡിയിലും ജയിലിലും രാജകീയമായി വാഴുമ്പോഴാണ് ഒരു വന്ദ്യ വയോധികനോട് കേരള പൊലീസ് അങ്ങേയറ്റം മനുഷ്യത്തരഹിതമായി പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ അടിച്ചു തകര്‍ത്ത കേസ് അടക്കം പ്രമാദമായ എത്രയോ കേസുകള്‍ എഴുതിത്തള്ളാന്‍ വ്യഗ്രത കാട്ടിയ സര്‍ക്കാരാണ് അങ്ങയുടേത്. ഗ്രോ വാസുവിന്റെ പേരിലുള്ള കേസും പിന്‍വലിച്ചാല്‍ എന്താണ് കുഴപ്പം? ഗ്രോ വാസുവിന്റെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുള്ളവരുണ്ടാകാം. എന്നാല്‍ 94 വയസിലും അദ്ദേഹത്തിന്റെ ഉള്ളിലുള്ള പോരാട്ടവീര്യത്തെ അംഗീകരിച്ചേ മതിയാകൂ. നമ്മളില്‍ പലരുടേയും പ്രായത്തേക്കാള്‍ പൊതുപ്രവര്‍ത്തന പരിചയമുള്ളയാളാണ് വാസുവേട്ടന്‍.

അങ്ങനെയൊരാളിന്റെ വായമൂടി കെട്ടുന്ന, മുഖം മറയ്ക്കുന്ന, കൈ പിടിച്ച് ഞെരിക്കുന്ന പൊലീസ് സേനയെ കുറിച്ച് മുഖ്യമന്ത്രി എന്ന നിലയില്‍ അങ്ങേയ്ക്ക് മതിപ്പുണ്ടോ? അപമാനഭാരത്താല്‍ അങ്ങയുടെ തലതാഴ്ന്നു പോകുന്നില്ലേ? ഇതാണ് താങ്കള്‍ നയിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിലെ പൊലീസ് എന്നോര്‍ത്ത് ലോകം ലജ്ജിച്ച് തലതാഴ്ത്തുമെന്നും സതീശന്‍ കത്തില്‍ പറയുന്നു.

ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിച്ച് ജാമ്യത്തിനു നിയമപരമായ സാഹചര്യം ഉണ്ടാക്കണം. അദ്ദേഹത്തോടുളള പൊലീസിന്റെ പെരുമാറ്റത്തില്‍ മനുഷ്യത്തപരമായ സമീപനം വേണമെന്നും പ്രതിപക്ഷനേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

Content Highlight:  V.D. Satheesan’s letter to the Chief Minister Pinarayi Vijayan Gro Vasu issue 

Latest Stories

We use cookies to give you the best possible experience. Learn more