തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനത്തിനെതിരെ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷനേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അഞ്ച് പാര്‍ട്ടികളില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ ഉപദേശിക്കേണ്ടെന്നും സതീശന്‍ പറഞ്ഞു. ഗവര്‍ണര്‍ ചെയ്തത് ഭരണഘടന ലംഘനമാണെന്നും ഗവര്‍ണര്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഗവര്‍ണറുടെ അനാവശ്യ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു. കേരളത്തില്‍ ബി.ജെ.പി നേതാക്കളുടെ ആവശ്യം ഇല്ലാതായി. അവരുടെ പണി ഗവര്‍ണറാണ് ചെയ്യുന്നത്. നയപ്രഖ്യാപനം നടത്തിയില്ലായിരുന്നെങ്കില്‍ ഗവര്‍ണര്‍ക്ക് രാജിവെക്കേണ്ടി വന്നേനെ. മുഖ്യമന്ത്രി ഗവര്‍ണറെ രക്ഷിക്കുകയാണ് ചെയ്തതെന്നും സതീശന്‍ പറഞ്ഞു.
സ്ഥിരതയില്ലാതെ സംസാരിക്കുന്ന ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ അപമാനകരമാണ്. സര്‍ക്കാരിനെ തോക്കിന്‍മുനയില്‍ നിര്‍ത്തുകയായിരുന്നു ഗവര്‍ണര്‍. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ ബലിയാടാക്കുകയായിരുന്നു സര്‍ക്കാരെന്നും സതീശന്‍ ആരോപിച്ചു.
വെള്ളിയാഴ്ച നയപ്രഖ്യാപനപ്രസംഗത്തിന് മുമ്പേ പ്രതിഷേധിച്ചതിനും ‘ആര്‍.എസ്.എസ് ഗവര്‍ണര്‍ ഗോ ബാക്ക്’ എന്ന് മുദ്രാവാക്യം വിളിച്ചതിനും ബാനറുകള്‍ ഉയര്‍ത്തിയതിനും രൂക്ഷമായ ശകാരമാണ് ഗവര്‍ണര്‍ പ്രതിപക്ഷത്തിന് നേരെ ചൊരിഞ്ഞത്.
ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് വി.ഡി. സതീശന്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ടുപഠിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
തനിക്ക് ഉത്തരം പറയേണ്ട ബാധ്യത രാഷ്ട്രപതിയോട് മാത്രമാണെന്നും രാജ്ഭവനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വരേണ്ടതില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇതിനുപിന്നാലെയും സര്‍ക്കാരിനെതിരെ വീണ്ടും തുറന്ന പോരുമായി മുന്നോട്ടുപോവുകായാണ് ഗവര്‍ണര്‍. സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തെയാണ് ഗവര്‍ണര്‍ വിമര്‍ശിച്ചത്.
പേഴ്സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടി റിക്രൂട്ട്മെന്റ് നടത്തുകയാണെന്നും സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു. രണ്ട് വര്‍ഷം കഴിയുമ്പോള്‍ സ്റ്റാഫുകളെ മാറ്റുകയാണ്. 20ല്‍ അധികം പേരെ ഓരോ മന്ത്രിമാരും സ്റ്റാഫുകളായി വെക്കുന്നു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത രീതി ഇവിടെ തുടരുന്നു. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കുന്നു. പെന്‍ഷനും ശമ്പളവും അടക്കം വന്‍ സാമ്പത്തിക ബാധ്യതയാണ് ഇതുവഴി സംസ്ഥാനത്തിന് ഉണ്ടാകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
Opposition leader V.D. Satheesan Responding to Governor Arif Mohammad Khan’s criticism