| Wednesday, 27th March 2024, 9:19 pm

മലപ്പുറം കത്തി, കൊടുവാള്‍; ഇ.ഡി അന്വേഷണം സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളി: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തങ്ങള്‍ തമ്മില്‍ പോരിലാണെന്ന് കാണിക്കാന്‍ വേണ്ടിയുള്ള പ്രകടനത്തിന്റെ ഭാഗമാണ് വീണക്കെതിരെയുള്ള ഇ.ഡി കേസെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

സി.പി.ഐ.എമ്മും ബി.ജെ.പിയും എല്ലായിടങ്ങളിലും ഒത്തുകളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് ചൂണ്ടിക്കാട്ടി. അന്വേഷണം നടക്കുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ മുമ്പ് നടന്നതുപോലെ ഇടനിലക്കാരെ വെച്ച് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന് ശ്രമിക്കുന്നതെങ്കില്‍ ഇതിലൊന്നും അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം കത്തി, കൊടുവാള്‍, ഇപ്പൊ ശരിയാക്കും എന്നൊക്കെ പറഞ്ഞ് എത്ര അന്വേഷണം നടന്നു. ആ അന്വേഷണങ്ങള്‍ എല്ലാം ഒരു സുപ്രഭാതത്തില്‍ ഇല്ലാതായി. ഇപ്പോള്‍ നടക്കുന്നത് ഇവര്‍ തമ്മില്‍ പോരിലാണെന്ന് കാണിക്കാനുള്ള ശ്രമങ്ങളാണ്. ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ തമ്മില്‍ ബിസിനസ് പാർട്ണർഷിപ്പിലാണ് എത്തിനില്‍ക്കുന്ന അന്തരീക്ഷത്തിലാണ് കേസ് അന്വേഷണം വരുന്നത്,’ എന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കേരളത്തിലെ സ്വര്‍ണക്കടത്ത് കേസ്, ലൈഫ് മിഷന്‍ കേസ്, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് തുടങ്ങിയ കേസുകള്‍ എല്ലാം ഇ.ഡി അന്വേഷിച്ചതാണ്. ഈ കേസുകളിലെല്ലാം എന്തെങ്കിലും പുരോഗതി ഉണ്ടായോയെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് ചോദിച്ചു.

ബുധനാഴ്ചയാണ് മാസപ്പടിആരോപണത്തില്‍ വീണ വിജയനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. ഇ.ഡി കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരുന്നതിനിടെ ആണ് ഇ.ഡി കേസെടുത്തത്. നേരത്തെ ഇത് സംബന്ധിച്ച പ്രാഥമിക വിവര ശേഖരണം ഉള്‍പ്പടെ ഇ.ഡി നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇ.ഡി ഇ.സി.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പ്രതിപ്പട്ടികയിൽ ആരൊക്കെ ഉണ്ടെന്ന വിവരം ഇ.ഡി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെടെ മാസപ്പടി കേസില്‍ നേരത്തെ ആരൊക്കെ ഉണ്ടായോ അവരൊക്കെ ഇ.ഡി അന്വേഷണത്തിന്റെ പരിധിയില്‍ വരും.

Content Highlight: V.D. Satheesan responded to the E D case against Veena Vijayan

We use cookies to give you the best possible experience. Learn more