തിരുവന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരിന്റെ ഈ നിലപാട് കാരണം സിനിമാ മേഖലയിലെ നല്ലവരായ ആളുകള്‍ പോലും സമൂഹത്തിന് മുന്നില്‍ കുറ്റക്കാരയിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
അതിനാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് തങ്ങള്‍ക്ക് ഈ വിഷയത്തില്‍ സര്‍ക്കാരിനോട് അഞ്ച് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നും അതിന് മറുപടി ലഭിക്കണമെന്നും ആവശ്യപ്പെട്ടു.
‘സര്‍ക്കാര്‍ ഈ കാര്യത്തില്‍ വലിയ ഒളിച്ചുകളി നടത്തുന്നുണ്ട്. കുറ്റവാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഈ ഒളിച്ചുകളി കാരണം നിരപരാധികളായവരും പ്രതിസ്ഥാനത്ത് നില്‍ക്കുകയാണ്. ഇപ്പോള്‍ സിനിമാ രംഗത്ത് ഉള്ളവരെല്ലാം കുഴപ്പക്കാരാണെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകാനുള്ള കാരണവും സര്‍ക്കാരാണ്.
എത്രയോ നല്ല മനുഷ്യര്‍ സിനിമയിലുണ്ട്, അതില്‍ തന്നെ ഒരു ന്യൂനപക്ഷം ആള്‍ക്കാര്‍ മാത്രമാണ് കുഴപ്പക്കാര്‍. എന്നിട്ടും നിരപരാധികളായവരും സര്‍ക്കാരിന്റെ ഈ ഒളിച്ചുകളി കാരണം പ്രതിസ്ഥാനത്ത് നില്‍ക്കുകയാണ്. ഈ കാര്യത്തില്‍ സര്‍ക്കാര്‍ പരിഹാരം കണ്ടേ മതിയാകൂ. എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയുമെല്ലാം മൗനം പാലിക്കുകയാണ്.
എനിക്ക് സര്‍ക്കാരിനോട് ഇതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ഇതിന് ഉത്തരം കിട്ടിയാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.
1.എന്തുകൊണ്ടാണ് ഒരുപാട് കുറ്റകൃത്യങ്ങള്‍ നടന്നു എന്ന് ഉറപ്പുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ല?
2.ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 176/1 വകുപ്പും ഭാരതീയ ന്യായ സംഹിതയുടെ 199(c) വകുപ്പും അതുപോലെ പോക്‌സോ ആക്ടിന്റെ 21-ാം വകുപ്പിന്റെയും നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. ഈ നിയമലംഘനം സര്‍ക്കാര്‍ എന്തിന് വേണ്ടി നടത്തുന്നു?
3.വിവരാവകാശ കമ്മീഷന്‍ പുറത്ത് വിടാം എന്ന് പറഞ്ഞതിനേക്കാള്‍ കുറവ് ഭാഗങ്ങള്‍ ആരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ വെട്ടി മാറ്റിയത്?
4.എന്തിനാണ് ഇരകളേയും ആരോപണവിധയരേയും ഉള്‍പ്പെടുത്തിക്കൊണ്ട് സിനിമാ കോണ്‍ക്ലേവ് നടത്തണമെന്ന് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് ഇരകളെ അപമാനിക്കുന്നതിന് തുല്ല്യമല്ലേ?
5.എന്തുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ ഒരു സ്ത്രീവിരുദ്ധ സര്‍ക്കാരായി മാറുന്നത്?