| Monday, 14th March 2022, 11:12 am

ദിലീപിനെ ചിത്രത്തില്‍ നിന്ന് വെട്ടി വി.ഡി സതീശന്‍; സിദ്ദിഖിന്റെ മകന്റെ വിവാഹ വേദിയിലെ ഫോട്ടോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖിന്റെ വിവാഹം. മലയാളത്തിലെ താരങ്ങളെല്ലാം ഒത്തൊരുമിച്ച് പങ്കെടുത്ത വിവാഹചടങ്ങായിരുന്നു ഇത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ വിവാഹവേദിയില്‍ ഒന്നിച്ചെത്തിയത് വാര്‍ത്തയാകുകയും ചെയ്തിരുന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്ത ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എത്തിയിരുന്നു.

സിദ്ദിഖിന്റെ മകന്റെ വിവാഹ വേദിയില്‍ നിന്നും എടുത്ത ഒരു ഫോട്ടോ വി.ഡി സതീശന്‍ പങ്കുവെച്ചിരുന്നു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

‘ഇന്നലെ നടന്‍ സിദ്ദിഖിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സിദ്ദിഖ് എന്നിവരോടൊപ്പം’ എന്ന ക്യാപ്ഷനിലായിരുന്നു മോഹന്‍ലാലിനും മമ്മൂട്ടിക്കും നടുവിലായി ഇരിക്കുന്ന ചിത്രം വി.ഡി. സതീശന്‍ പങ്കുവെച്ചത്.

എന്നാല്‍ ഈ ചിത്രത്തിന്റെ ഒറിജിനല്‍ ഫോട്ടോ പങ്കുവെച്ചാണ് വി.ഡി സതീശന്റെ നടപടിയെ സോഷ്യല്‍ മീഡിയയില്‍ പലരും അഭിനന്ദിക്കുന്നത്. സിദ്ദിഖിന് തൊട്ടടുത്തായി ഇരിക്കുന്ന നടന്‍ ദിലീപിനെ ഫോട്ടോയില്‍ നിന്ന് കട്ട് ചെയ്താണ് വി.ഡി പ്രസ്തുത ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

‘ ക്രിയേറ്റിവ് എഡിറ്റിങ് പൊളിറ്റിക്‌സ്’ എന്നു പറഞ്ഞുകൊണ്ടാണ് ചിലര്‍ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ഫോട്ടോയില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയത് നന്നായി, ഉചിതമായ നടപടിയെന്നാണ്’ മറ്റൊരു കമന്റ്.

ദിലീപിനെ നൈസ് ആയി ഒഴിവാക്കിയത് നന്നായി, അതും ഒരു നിലപാടാണ് എന്നാണ് മറ്റൊരു കമന്റ്, ഈ ഫോട്ടോയില്‍ സിദ്ദിഖിന്റ അപ്പുറത്ത് ദിലീപ് ഉണ്ട്, അത് നൈസായി വെട്ടി മാറ്റിയല്ലേ, ബുദ്ധിയുള്ള പ്രതിപക്ഷ നേതാവ്, എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

‘പേട്ടനെ വെട്ടി മാറ്റിയതില്‍ ഫെന്‍സ് അസ്വസ്ഥര്‍ ആണെന്നും’ ‘കോവാല്‍ജീയെ കളഞ്ഞത് മോശം ആയി പോയി, ആലുവ സബ് ജയില്‍ ഇളകുമെന്നു’ള്ള തരത്തിലുള്ള കമന്റുകളുമുണ്ട്.

പേട്ടനെ നൈസായി ഒഴിവാക്കിയ വി.ഡിയുടെ കാഞ്ഞബുദ്ധിയെ നമിക്കുന്നു എന്നാണ് മറ്റൊരു കമന്റ്. ഇതില്‍ മമ്മൂട്ടിയേതാണെന്ന് ചോദിച്ച് വി.ഡിയെ കളിയാക്കുന്ന കമന്റുകളും ഉണ്ട്.

അതേസമയം ദിലീപിനെ ഫോട്ടോയില്‍ നിന്ന് കട്ട് ചെയ്ത് മാറ്റിയതിനെ വിമര്‍ശിക്കുന്ന ചിലരുമുണ്ട്. ഇലക്ഷന്‍ വരുമ്പോള്‍ വോട്ട് കുറയുമെന്ന് ഭയന്നാണ് ഫോട്ടോയില്‍ നിന്ന് ദിലീപിനെ മാറ്റിയതെന്നാണ് ചില കമന്റ്. നടിയെ ആക്രമിച്ച കേസിലെ യഥാര്‍ത്ഥ ഇര ദിലീപാണെന്നും കേരള സര്‍ക്കാരും മുഴുവന്‍ മാധ്യമങ്ങളും ദിലീപിനെ ഇരയാക്കുകയാണെന്നുമായിരുന്നു ഇവരുടെ വാദം.

‘സാധാരണ ഷാഫി പറമ്പില്‍, വി.ടി, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങി തുച്ഛം കോണ്‍ഗ്രസുകാരാണ് അങ്ങയുടെ പോസ്റ്റിന് പ്രതികരണവുമായി വരിക, ഇതിപ്പോ ഒത്തിരി ലൈക്കും കമന്റും ഉണ്ടല്ലോ സതീശേട്ടാ ?ഞാന്‍ കരുതി കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റെന്ന്.. ചിത്രം കണ്ടപ്പോഴല്ലേ കാര്യം മനസ്സിലായത്,’ തുടങ്ങിയുള്ള കമന്റുകളും ഫോട്ടോക്ക് വരുന്നുണ്ട്.

Content Highlight: V.D Satheesan Picture with Mohanlal and Mammootty Crop Dileep

We use cookies to give you the best possible experience. Learn more