| Monday, 23rd December 2019, 10:06 pm

ഒരുമിച്ചിരുന്ന് സമരം ചെയ്താല്‍ ഇല്ലാതാകുന്നതാണോ സി.പി.ഐ.എമ്മും കോണ്‍ഗ്രസും തമ്മിലുള്ള അകലം ; മുല്ലപ്പള്ളിക്ക് മറുപടിയുമായി വി.ഡി സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുപക്ഷവുമായി യോജിച്ച് സമരം ചെയ്തതിനെ വിമര്‍ശിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് മറുപടിയുമായി വി.ഡി സതീശന്‍ എം.എല്‍.എ.

എല്‍.ഡി.എഫുമായി യോജിച്ച് സമരം നടത്തിയത് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ള നേതാക്കള്‍ ആലോചിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും ുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്ന് ഈ വിഷയം ഉയര്‍ത്തിയാല്‍ അത് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമവും എന്‍.ആര്‍.സിയും ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിനിടയില്‍ വലിയ ഉത്ക്കണ്ഠയും അരക്ഷിതത്വബോധവും ഉണ്ടാക്കിയിരുന്നു. അത് മാറ്റി അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു കൊടുക്കേണ്ട ചുമതല മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടായിരുന്നു. നമ്മള്‍ ആ സമയത്ത് ചേരികളിലായി നിന്ന് പോരടിച്ചാല്‍ അത് അവര്‍ക്കിടയില്‍ രാഷ്ട്രീയത്തോടു തന്നെ അവമതിപ്പുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രസ്താവനയിലും പത്രസമ്മേളനത്തിലും മാത്രമല്ല, നിയമസഭക്കകത്തും പുറത്തും പിണറായിയെയും സി.പി.ഐ.എമ്മിനെയും നേരിട്ടെതിര്‍ക്കുന്നവരാണ് തങ്ങളെന്നും അങ്ങനെ എതിര്‍ക്കുന്നവര്‍ എത്ര പേര്‍ നമുക്കിടയില്‍ ഉണ്ടെന്നു കൂടി മനസ്സിലാക്കിയാല്‍ നന്നായിരിക്കുമെന്നും സതീശന്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു.

ഗൗരവമായ ദേശീയ പ്രശ്‌നത്തില്‍ കോണ്‍ഗ്രസുകാര്‍ എന്ത് നിലപാടെടുക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി എടുക്കുന്ന നടപടികളെന്നും ഉമ്മന്‍ ചാണ്ടി സാറിനെ ഇക്കാര്യത്തില്‍ അഭിനന്ദിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.

വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

പൗരത്വ നിയമ പ്രശ്‌നത്തില്‍ എല്‍.ഡി.എഫും ആയി ചേര്‍ന്നുള്ള സമരത്തെ ഞാന്‍ എന്തു കൊണ്ട് പിന്‍തുണച്ചു?
1. പൗരത്വ നിയമവും എന്‍.ആര്‍.സിയും ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്ലീം സമുദായത്തിനിടയില്‍ വലിയ ഉത്ക്കണ്ഠയും അരക്ഷിതത്വബോധവും ഉണ്ടാക്കിയിരുന്നു. അത് മാറ്റി അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു കൊടുക്കേണ്ട ചുമതല മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടായിരുന്നു. നമ്മള്‍ ആ സമയത്ത് ചേരികളിലായി നിന്ന് പോരടിച്ചാല്‍ അത് അവര്‍ക്കിടയില്‍ രാഷ്ട്രീയത്തോടു തന്നെ അവമതിപ്പുണ്ടാക്കും.

2. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ള നേതാക്കള്‍ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്.

3. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്ന് ഈ വിഷയം ഉയര്‍ത്തിയാല്‍ അത് ദേശീയ ശ്രദ്ധ ആകര്‍ഷിക്കും

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

4 .അതോടെ തീവ്രവാദം പ്രചരിപ്പിക്കാനാഗ്രഹിക്കുന്ന ,കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഒറ്റപ്പെടും.തങ്ങളെ സംരക്ഷിക്കാന്‍ ആരുമില്ലെന്ന തോന്നലുണ്ടായാല്‍ പലരും ഇവരുടെ പുറകെ പോകും.
ഒരു ദിവസം ഉച്ചവരെ ഒരുമിച്ചിരുന്ന് സമരം ചെയ്താല്‍ ഇല്ലാതാകുന്നതാണോ സി.പി.ഐ.എമ്മും കോണ്‍ഗ്രസും തമ്മിലുള്ള അകലം?
അതിനര്‍ത്ഥം എല്ലാ ദിവസവും അവരുടെ കൂടെ സമരം ചെയ്യണമെന്നാണോ?

ഞങ്ങളൊക്കെ പിണറായിയെയും സി.പിഐ.എമ്മിനെയും നിയമസഭക്കകത്തും പുറത്തും നേരിട്ടെതിര്‍ക്കുന്നവരാണ്.( പ്രസ്താവനയിലും പത്രസമ്മേളനത്തിലും മാത്രമല്ലാ) അങ്ങിനെ എതിര്‍ക്കുന്നവര്‍ എത്ര പേര്‍ നമുക്കിടയില്‍ ഉണ്ടെന്നു കൂടി മനസ്സിലാക്കിയാല്‍ നന്നായിരിക്കും.

ഒരു ഗൗരവമായ ദേശീയ പ്രശ്‌നത്തില്‍ കോണ്‍ഗ്രസുകാര്‍ എന്ത് നിലപാടെടുക്കണമെന്നതിന്റെ ഉത്തമമായ ഉദാഹരണമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി എടുക്കുന്ന നടപടികള്‍.ഉമ്മന്‍ ചാണ്ടി സാറിനെ ഞാന്‍ അഭിനന്ദിക്കുന്നു. കാരണം അദ്ദേഹം എടുത്ത നിലപാടില്‍ ഉറച്ചു നിന്നു.

DoolNews Video

We use cookies to give you the best possible experience. Learn more