തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അട്ടപ്പാടിയില്‍ നടക്കുന്നത് ശിശുമരണങ്ങളല്ല കൊലപാതകങ്ങളാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ ഏകോപനമില്ലെന്നും അമ്മമാര്‍ക്ക് പോഷകാഹാരം ലഭിക്കാത്തതിന് കാരണം സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശിശുമരണത്തിന് കാരണം സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയെന്ന് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു. സര്‍ക്കാരിനെ ഒന്നാം പ്രതിയാക്കി നരഹത്യക്ക് കേസെടുക്കണമെന്നും കുടുബംങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണം. നേരത്തേ മരണങ്ങള്‍ നടന്ന അവസരങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടും അവ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരവീഴ്ച വരുത്തിയെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ നാല് ദിവസത്തിനിടെയുണ്ടായ നാല് കുട്ടികളുടെ മരണം ഒഴിവാക്കാമായിരുന്നു. ഈ വര്‍ഷം ഇത് വരെ 11 മരണം റിപ്പോര്‍ട്ട് ചെയ്തത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അട്ടപ്പാടിയില്‍ മാത്രം നാല് ദിവസത്തില്‍ നാല് കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവ് മൂലം മരിച്ചത്. ഇതിന് പിന്നാലെ അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
ആര്യോഗ്യമന്ത്രിയും പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രിയും സ്ഥലം സന്ദര്‍ശിച്ചു. ശിശുമരണവുമായി ബന്ധപ്പെട്ട് പരിഹാരമാര്‍ഗ്ഗങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം, ഡി.എം.ഒ എന്നിവരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അട്ടപ്പാടിയിലെ ശിശുമരണം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും പോഷകാഹാരക്കുറവുണ്ടോയെന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു.
അട്ടപ്പാടിക്കായി കര്‍മപദ്ധതി തയ്യാറാക്കുമെന്ന് പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു. നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം ആദിവാസികളിലെത്തണം. ആദിവാസികളെ എക്കാലത്തും ഫീഡ് ചെയ്യേണ്ടവരാക്കി നിര്‍ത്തരുത്. അവരെ സ്വയംപര്യാപ്തരാക്കണം. കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കൊടുക്കണമെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.