ജോര്‍ജും ഹസ്സനും ഒരേ തൂവല്‍ പക്ഷികള്‍: വി.ഡി. സതീശന്‍
Kerala
ജോര്‍ജും ഹസ്സനും ഒരേ തൂവല്‍ പക്ഷികള്‍: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th August 2012, 4:29 pm

കൊച്ചി : നെല്ലിയാമ്പതി എസ്റ്റേറ്റ് വനംഭൂമിയാക്കാന്‍ ചില രാഷ്ട്രീയക്കാരും സിനിമാക്കാരും തമിഴ്‌നാടില്‍ നിന്നും പണം വാങ്ങിയെന്ന പി.സി.ജോര്‍ജിന്റെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ ടി.എന്‍. പ്രതാപനും വി.ഡി. സതീശനും രംഗത്തെത്തി.

തങ്ങളുടെ പരിസ്ഥിതി സംരക്ഷണ നിലപാടുകള്‍ക്ക് രാഷ്ട്രീയ ചരിത്രം തെളിവാണെന്ന് പറഞ്ഞ വി.ഡി സതീശന്‍, പി.സി ജോര്‍ജും എം.എം ഹസ്സനും ഒരേ തൂവല്‍പക്ഷികളാണെന്നും പറഞ്ഞു.

ജോര്‍ജ് രാഷ്ട്രീയ നേത്യത്വത്തെ അപമാനിക്കുന്നതായി ടി.എന്‍. പ്രതാപന്‍ പറഞ്ഞു. രാഷ്ട്രീയക്കാരും ചില സിനിമാക്കാരും നെല്ലിയാമ്പതി എസ്റ്റേറ്റ് വനംഭൂമിയാക്കാന്‍ തമിഴ്‌നാടില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നായിരുന്നു ജോര്‍ജിന്റെ ആരോപണം. നെല്ലിയാമ്പതി വിഷയത്തില്‍ സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.[]

ഗ്രീന്‍ പൊളിറ്റിക്‌സിനോട് കോണ്‍ഗ്രസിന് എതിര്‍പ്പില്ല. എന്നാല്‍ സതീശന്റേതും പ്രതാപന്റേതും ഗ്രീന്‍ പൊളിറ്റിക്‌സ് അല്ല “ഗ്രീഡി പൊളിറ്റിക്‌സ്” ആണെന്നായിരുന്നു ഹസന്റെ വിമര്‍ശനം.

ടാറ്റയും മറ്റും വ്യാജരേഖകള്‍ ഉപയോഗിച്ച് ഏക്കര്‍ കണക്കിന് ഭൂമി കൈവശപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നപ്പോള്‍ എവിടെയായിരുന്നു ഇവരെന്നും നെല്ലിയാമ്പതിയില്‍ പോയ സതീശനും കൂട്ടരും മറ്റ് കൈയേറ്റങ്ങള്‍ കാണാത്തതെന്തെന്നും ഹസന്‍ ചോദിച്ചു. ധീവര സമുദായ അംഗമെന്ന് പറഞ്ഞതില്‍ പ്രതാപന്‍ ചൊടിക്കേണ്ടെന്നും ധീവര സമുദായ അംഗമെന്ന നിലയില്‍ മന്ത്രിയാക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ പ്രതാപന്‍ ചൊടിച്ചില്ലല്ലോയെന്നും ഹസന്‍ ചോദിച്ചു. എന്നാല്‍ ഹസനും പി.സി. ജോര്‍ജും ഒരേ തൂവല്‍പക്ഷികളാണെന്നായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം. ഹസന്റെ അഭിപ്രായത്തോടെ ഇതാണ് തെളിഞ്ഞിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് എതിരായി സംസാരിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഹസന്‍ വ്യക്തമാക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

ടാറ്റയുടെ കൈയേറ്റങ്ങള്‍ ഒരു ഡസനിലേറെ തവണ തങ്ങള്‍ നിയമസഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നിട്ടുണ്ടെന്നും. നിയമസഭയ്ക്കകത്തും പുറത്തും നടക്കുന്ന കാര്യങ്ങള്‍ അറിയാത്ത ആളാണോ വക്താവായി ഇരിക്കുന്നതെന്ന കാര്യം കോണ്‍ഗ്രസാണ് ചിന്തിക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു.

തനിക്കെതിരായ എം.എം. ഹസന്റെ വാക്കുകള്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായിട്ടായിരുന്നു ടി.എന്‍. പ്രതാപന്റെ പ്രതികരണം. ഒരു മതത്തിന്റെയും സമുദായത്തിന്റെയും പേരിലല്ല താന്‍ എം.എല്‍.എ ആയതെന്നും ഇത്തരത്തിലുള്ള പരിഗണനകള്‍ കണക്കിലെടുത്ത് ലഭിക്കുന്ന ഏത് സ്ഥാനവും ത്യജിക്കാനുള്ള ആര്‍ജവം തനിക്കുണ്ടെന്നും പ്രതാപന്‍ പറഞ്ഞു.

നെല്ലിയാമ്പതിയിലെ ഭൂമി കൈയേറ്റം പരിശോധിക്കാന്‍ യു.ഡി.എഫ് ഉപസമിതിയുടെ അധ്യക്ഷനായിരുന്ന ഹസന്‍ സതീശന്റെയും പ്രതാപന്റെയും നേതൃത്വത്തിലുള്ള എം.എല്‍.എ. മാരുടെ സംഘം സ്ഥലം സന്ദര്‍ശിച്ചതോടെ ഉപസമിതിയെ ആക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി അധ്യക്ഷസ്ഥാനം രാജിവെയ്ക്കുകയായിരുന്നു.