മാസപ്പടി വിവാദത്തില്‍ ഇ.ഡി അന്വേഷണം നടത്തിയോ? മുഖ്യമന്ത്രിയോട് വി.ഡി സതീശന്‍
Kerala News
മാസപ്പടി വിവാദത്തില്‍ ഇ.ഡി അന്വേഷണം നടത്തിയോ? മുഖ്യമന്ത്രിയോട് വി.ഡി സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th October 2023, 4:41 pm

കൊച്ചി: മാസപ്പടി വിവാദത്തില്‍ ഇ.ഡി അന്വേഷണം നടത്തിയോയെന്ന് മുഖ്യമന്ത്രിയോട് ചോദ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
സി.എം.ആര്‍.എലും എക്‌സാലോജികും തമ്മിലുള്ള കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍ എക്‌സാലോജിക്ക് പൂര്‍ത്തീകരിക്കാത്ത പക്ഷം കമ്പനിക്ക് ലഭിച്ച പണം കള്ളപ്പണമാണെന്നും അത് നിയമപരമാക്കന്‍ വേണ്ടിയാണ് നികുതി അടച്ചതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

ആദായനികുതി നടത്തിയ അന്വേഷണത്തില്‍ സി.എം.ആര്‍.എല്‍ ആവശ്യപെടുന്ന രീതിയിലുള്ള സോഫ്റ്റ് വെയറുകളോ സൗകര്യങ്ങളോ എക്‌സാലോജിക്കിന് നല്‍കാന്‍ സാധിച്ചിട്ടില്ലെന്ന് സി.എം.ആര്‍.എല്‍ പ്രതിനിധികള്‍ അറിയിച്ചതായി വി.ഡി സതീശന്‍ പറഞ്ഞു. അത്തരത്തില്‍ മികച്ച സൗകര്യങ്ങള്‍ സാധ്യമാക്കാന്‍ എക്‌സാലോജിക്കിന് കഴിയുകയില്ലെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

ഏതെങ്കിലും രീതിയിലുള്ള സംഭാവന നല്‍കാനാണെങ്കില്‍ മുഖ്യമന്ത്രിയുടെയോ പാര്‍ട്ടിയുടേയോ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നതല്ലേ നല്ലതെന്നും, അല്ലാതെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ അക്കൗണ്ടിലേക്ക് സംഭാവന അയക്കേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് കാലയളവില്‍ തന്നെ മുഖ്യമന്ത്രിക്ക് പ്രതിപക്ഷം പരാതി നല്‍കിയെന്നും വ്യക്തമായ മറുപടി ലഭിക്കാത്തതിനാലാണ് നിയമപരമായി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

അഴിമതി സംബന്ധമായി നിയമസഭയില്‍ സംസാരിക്കാനും അന്വേഷണം മുന്നോട്ട് കൊണ്ട് പോവുന്നതില്‍ ഇടപെടാനും മാത്യു കുഴല്‍നാടന് ചുമതല നല്‍കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി മാത്യുവിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

വിജിലെന്‍സിന്റെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കില്‍ മറ്റ് നടപടികളുമായി മുന്നോട്ട് പോവുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. കൂടാതെ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് മാനേജ്‌മെന്റിനായി 6,67290 രൂപ സര്‍ക്കാര്‍ ചെലവില്‍ ഉപയോഗിക്കുന്നതായി വി.ഡി സതീശന്‍ ആരോപിച്ചു.

20290 മുതല്‍ 70000 വരെ ശമ്പളം നല്‍കി 12 പേരെയാണ് ഉദ്യോഗസ്ഥരായി നിയമിച്ചിരിക്കുന്നതെന്നും, എന്നാല്‍ മുഖ്യമന്ത്രി ഒരു മാസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് വെറും 20 പോസ്റ്റുകള്‍ മാത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ചെലവില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിപക്ഷത്തെ അപമാനിക്കാന്‍ വേണ്ടിയാണ് ഇത്തരം പ്രഹസനങ്ങളെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

Content Highlight: V.D Satheesan and Congress gave full support to Mathew Kuzhalnadan in the G.ST controversy