കൊച്ചി: ആരോഗ്യവകുപ്പ് ഗുണനിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്തെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 24 ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകളും 483 ആശുപത്രികളില്‍ നിലവാരം കുറവാണെന്ന് ചൂണ്ടിക്കാട്ടി മരവിപ്പിച്ച മരുന്നുകളും വിതരണം ചെയ്തതായും വി.ഡി സതീശന്‍ ആരോപിച്ചു.
മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനെതിരായി വന്ന സി.എ.ജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതും ആശങ്ക ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലൂടെ വിതരണം ചെയ്യുന്ന ഇത്തരം മരുന്നുകള്‍ സാധാരണക്കാരിലേക്കാണ് എത്തുന്നതെന്നും അത് കരള്‍, ആമാശയ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പറഞ്ഞു.
1610 ബാച്ച് മരുന്നുകള്‍ കാലാവധി സംബന്ധിച്ച നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്നും 14 വിതരണക്കാരുടെ മരുന്നുകള്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. അതായത് 46 ശതമാനം കാലാവധി കഴിഞ്ഞ മരുന്നുകള്‍ ആരോഗ്യവകുപ്പ് ആശുപത്രികളിലെത്തിച്ചിട്ടുണ്ടെന്ന് വി.ഡി സതീശന്‍ ഉന്നയിച്ചു.
100 കോടിയുടെ മരുന്ന് വാങ്ങിയാല്‍ അതില്‍ 60 കോടി കോഴയായി പോവുമെന്നും ആരോപണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ ഗോഡൗണുകളില്‍ തീപിടുത്തമുണ്ടായത് സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം മരുന്നുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെയും അറിവോടെയാണ് ആരോഗ്യവകുപ്പ് വാങ്ങിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നിക്ഷ്പക്ഷമായ ഒരു ഏജന്‍സിയെ കൊണ്ട് സര്‍ക്കാരിന്റെ കൊള്ള അടിയന്തരമായി അന്വേഷിപ്പിക്കണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
സപ്ലൈക്കോയില്‍ സാധങ്ങളുടെ അളവിലുണ്ടാകുന്ന കുറവ് പരിഹരിക്കുന്നതയിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വി.ഡി സതീശന്‍ ആരോപിച്ചു. സപ്ലൈക്കോ ഇ-ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ വിതരണക്കാര്‍ തയ്യാറാവാത്തതിന് കാരണം മുന്‍കാല കടങ്ങള്‍ നികത്തുന്നതില്‍ സര്‍ക്കാരിന് പിഴവ് സംഭവിച്ചതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി വിതരണക്കാര്‍ക്ക് 621 കോടി രൂപയും സെപ്റ്റംബര്‍, ഒക്ടോബര് മാസം കഴിയുന്നതോടെ അത് 1500 കോടിയിലേക്കും എത്തുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മാര്‍ക്കറ്റിലെ വിലവര്‍ധന നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ പരാജയപെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlight: V.D Satheesan alleges against the health department