കോഴിക്കോട്: ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി കലാപാഹ്വാനം നടത്തുമ്പോള്‍ സൗമ്യമായി സംസാരിക്കുന്ന തന്റെ ഭാഷയില്‍ പോലും മാറ്റമുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്വന്തം കേന്ദ്ര കമ്മിറ്റി അംഗം അഞ്ച് മിനിട്ട് കൂടുതല്‍ സംസാരിച്ചതിന് വിമര്‍ശിച്ച മുഖ്യമന്ത്രിയാണ് തന്നെ വിമര്‍ശിക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്നും അത് ഇനിയും തുടരണമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ പൊലീസിന്റെ ആക്രമണത്തില്‍ മത്സ്യത്തൊഴിലാളിയുടെ മകനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടുവെന്നും മറ്റൊരാള്‍ ഐ.സി.യുവിലായെന്നും ഹെല്‍മറ്റ് കൊണ്ടുള്ള ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കൈ ഒടിഞ്ഞതായും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഖദര്‍ ഇട്ടവരെയൊക്കെ കരുതല്‍ തടങ്കലിലാക്കാന്‍ പിണറായി രാജാവാണോയെന്നും അദ്ദേഹം ഇത് രാജഭരണ കാലമാണെന്നാണ് ധരിച്ചുവെച്ചിരിക്കുന്നതെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. ഒരു കാരണവും ഇല്ലാതെ കുട്ടികളെ കരുതല്‍ തടങ്കലില്‍ ആക്കിയതിനെതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകരെയാണ് പൊലീസ് ആക്രമിച്ചതെന്നും മുഖ്യമന്ത്രി ഇപ്പോള്‍ അസഹിഷ്ണുതയിലാണെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ്സ് വലിയ വിജയമാണെന്ന സര്‍ക്കാരിന്റെ അവകാശവാദത്തെ ‘ആണ്ടി വലിയ അടിക്കാരനാണ്, ആണ്ടി വലിയ സംഭവമാണെന്ന് ആണ്ടി തന്നെ പറയുന്നതു പോലെയാണ്’ എന്നാണ് വി.ഡി. സതീശന്‍ വിമര്‍ശിച്ചത്. നവകേരള സദസ്സില്‍ നാലു ദിവസത്തിനിടെ 42,000 പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
മെയ് രണ്ട് മുതല്‍ ജൂണ്‍ നാല് വരെ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ ലക്ഷക്കണക്കിന് പരാതികളാണ് ലഭിച്ചതെന്നും അതിന്റെ കെട്ട് ഇതുവരെ സര്‍ക്കാര്‍ അഴിച്ചിട്ടില്ലെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. ആ പരാതികള്‍ പരണത്ത് വെച്ചിട്ടാണ് ജനങ്ങളെ കബളിപ്പിക്കാന്‍ അശ്ലീല നാടകവുമായി പിണറായിയും കൂട്ടരും ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ്സിലേക്ക് മുഖ്യമന്ത്രിമാരും മന്ത്രിമാരും യാത്ര ചെയുന്ന വണ്ടി മ്യൂസിയത്തിലേക്ക് വെക്കാനുള്ളതാണെന്നും അത് ചെയ്യുന്നതിന് മുന്‍പേ അമേരിക്കയിലെ ടൈം സ്‌ക്വയറില്‍ മുഖ്യമന്ത്രി ഇരുന്ന ഇരുമ്പ് കസേരയാണ് മ്യൂസിയത്തില്‍ വെക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആ കാഴ്ച കാണാന്‍ വന്‍ ജനത്തിരക്കായിരിക്കുമെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കയ്യില്‍ അഞ്ച് പൈസയും ഇല്ലാതെയാണ് നവകേരള സദസ്സ് സര്‍ക്കാര്‍ നടത്തുന്നതെന്നും വയനാട്ടില്‍ നവകേരള ബസ് കുഴിയില്‍ വീണതായും വി.ഡി. സതീശന്‍ പറഞ്ഞു. ആദ്യം റോഡിലെ കുഴികളൊക്കെ അടക്കണം അല്ലെങ്കില്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉപയോഗിച്ചാണ് സി.പി.ഐ.എം പത്തനംതിട്ടയില്‍ തന്നെ 18ഓളം സീറ്റുകള്‍ പിടിച്ചെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. കെ. സുരേന്ദ്രന്റെ പരാതിയിലാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നതെന്നും വി.ഡി. ചൂണ്ടിക്കാട്ടി. സുരേന്ദ്രന്റെ പരാതിയില്‍ കേസെടുത്ത് ബി.ജെ.പിയും സി.പി.ഐ.എമ്മും സംയുക്തമായി കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എസ്.യുക്കാര്‍ക്കും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കുമെതിരെ മാത്രമല്ല മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും സര്‍ക്കാര്‍ അക്രമം അഴിച്ചുവിടുന്നുണ്ട്. സ്വയരക്ഷയ്ക്കുള്ള എന്തെങ്കിലും സംവിധാനം ഒരുക്കി നിങ്ങളും സൂക്ഷിച്ചു നിന്നോളൂ എന്നാണ് വി.ഡി. സതീശന്‍ കേരളീയരോട് പറഞ്ഞത്.
Content Highlight: V.D. Satheesan against the Chief Minister’s remarks and attacks against Youth Congress workers