തിരുവനന്തപുരം: പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവും വില്‍പനയും തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇതേ പിണറായി വിജയന്‍ സര്‍ക്കാരാണ് 2020ല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയതെന്നും അവയില്‍ ഏതാണ് ഇന്ന് വിപണിയില്‍ ഇല്ലാത്തതെന്നും അദ്ദേഹം ചോദിച്ചു.
‘പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ആമയിഴഞ്ചാന്‍ തോടിനെ മലിനമാക്കിയതെന്ന തിരിച്ചറിവില്‍ നിന്നായിരിക്കും അനധികൃത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവും വില്‍പനയും തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതേ പിണറായി വിജയന്‍ സര്‍ക്കാരാണ് 2020ല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്.
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ചതോ പ്ലാസ്റ്റിക് കോട്ടിങ്ങ് ചെയ്തതോ ആയ പ്ലേറ്റുകള്‍, കപ്പുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, 500 മില്ലിലിറ്ററില്‍ താഴെയുള്ള പെറ്റ് ബോട്ടിലുകള്‍ എന്നിവയെല്ലാം സര്‍ക്കാര്‍ നിരോധിച്ചതാണ്. ഈ നിരോധിത ഉത്പന്നങ്ങളില്‍ ഏതാണ് വിപണിയില്‍ ഇല്ലാത്തത്?,’ വി.ഡി. സതീശന്‍ ചോദിച്ചു.
നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്‍പനയ്‌ക്കെതിരെ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. ബയോഡീഗ്രേഡബിള്‍ ഉത്പന്നങ്ങള്‍ക്ക് സി.പി.സി.ബി അംഗീകാരവും ക്യു ആര്‍ കോഡും വേണമെന്നിരിക്കെ പ്ലാസ്റ്റിക് കോട്ട് ചെയ്ത വ്യാജ ഉത്പന്നങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാണ്.
ചായ കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതും പാക്ക് ചെയ്യുന്നതും ആരോഗ്യത്തിന് ഭീഷണിയായ പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ള പാത്രങ്ങളിലും കപ്പുകളിലുമാണ്. ഇതൊക്കെ നിയന്ത്രിക്കേണ്ടത് സര്‍ക്കാരല്ലേയെന്നും അദ്ദേഹം ചോദിച്ചു. ദാരുണ സംഭവങ്ങളുണ്ടാകുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസ്താവനകള്‍ നടത്തുന്നതിന് പകരം ഇതിനെല്ലാം കൃത്യമായ റെഗുലേഷന്‍ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വരവ് പൂര്‍ണമായും തടയണം. നിലവാരമുള്ള ബയോഡീഗ്രേഡബിള്‍ ഉത്പന്നങ്ങള്‍ സംസ്ഥാനത്ത് തന്നെ ലഭ്യമായിരിക്കെ, അന്യസംസ്ഥാനങ്ങളില്‍ നിന്നും ഈ പേരിലെത്തുന്ന വ്യാജ ഉത്പന്നങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: V. D. Satheesan against Chief Minister’s announcement that stop the use and sale of plastic products