തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതിയില്‍ ഗുരുതര ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഉപയോഗിച്ചിരിക്കുന്നത് ഗുണമേന്മയില്ലാത്ത ചൈനീസ് കേബിളുകളാണെന്നും നിബന്ധനകള്‍ ലംഘിച്ചുവെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘പ്രധാനമായും മൂന്ന് നിബന്ധനകള്‍ ലംഘിച്ചാണ് കേബിള്‍ ഇടുന്നത്. ഈ കേബിള്‍ ചൈനയില്‍ നിന്നാണ്. ഇതിന്റെ ഗുണമേന്മയില്‍ ഒരു ഉറപ്പുമില്ല. ഉപയോഗിക്കുന്നത് വിലകുറഞ്ഞ കേബിളുകളാണ്. എത്ര കണക്ഷന്‍ കൊടുത്തുവെന്ന് സര്‍ക്കാര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല.
നാല് കോടിയിലേറെയാണ് ഉദ്ഘാടന മഹാമഹത്തിന് സര്‍ക്കാര്‍ ചെലവാക്കുന്നത്. ഈ അഴിമതിക്ക് ജനങ്ങള്‍ പണം നല്‍കേണ്ടി വരും. ജനത്തെ കൊള്ളയടിക്കുകയാണ്. കെ ഫോണിലും എ.ഐ ക്യാമറയിലും നിയമനടപടി സ്വീകരിക്കും. രേഖകള്‍ ശേഖരിക്കുന്നുണ്ട്,’ പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഒപ്ടിക്കല്‍ ഗ്രൗണ്ട് വയര്‍ കേബിള്‍ സ്ഥാപിച്ചതിലും, പോയിന്റ് ഓഫ് പ്രസന്‍സ് (P.O.P) പ്രീ ഫാബ്രിക്കേഷന്‍ സ്ട്രക്ച്ചറിനെക്കുറിച്ചും, എത്ര കണക്ഷന്‍ കൊടുത്തു എന്നതിലുമാണ് പ്രധാനമായും വി.ഡി. സതീശന്‍ ഇന്ന് ആരോപണങ്ങള്‍ ഉന്നയിച്ചത്.
‘പോയിന്റ് ഓഫ് പ്രസന്‍സ് എന്ന പദ്ധതി ലഭിച്ചിരിക്കുന്നത് പ്രസാഡിയ കമ്പനിക്കാണ്, മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ്. അവരും ഈ പ്രീ ഫാബ്രിക്കേഷന്‍ സ്ട്രക്ച്ചറില്‍ മാറ്റം വരുത്തി ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നുമൊക്കെയാണ് സാധനങ്ങള്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്. അവര്‍ക്ക് ഈ ചെയ്തിരിക്കുന്ന സ്ഥലത്ത് മുഴുവന്‍ ചോര്‍ച്ചയാണ് ഇപ്പോള്‍. കാട് മൂടി കിടക്കുകയാണ്. അതും ഒരു ക്വാളിറ്റിയില്ലാത്ത സംഭവമാണ്,’ സതീശന്‍ പറഞ്ഞു.
10,000 പേര്‍ക്ക് നല്‍കിയെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ‘ജില്ല തിരിച്ച് കണക്ഷന്‍ നല്‍കിയതിന്റെ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം. കണക്ഷനുകള്‍ സംബന്ധിച്ച് 20 ലക്ഷം എന്ന കണക്കാണ് ആദ്യം പറഞ്ഞിരുന്നത്.
പിന്നീടിത് വെട്ടിക്കുറച്ച് 14 ആയും, ശേഷം പത്തായും കുറച്ചു. എന്നാല്‍ 10,000 പേര്‍ക്ക് ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ പുറത്തുവിടണം.
എത്ര സര്‍ക്കാര്‍ ഓഫീസില്‍ കൊടുത്തു എന്നും വെളിപ്പെടുത്തണം. എസ്.ഡബ്ല്യു.എ.എന്‍ (S.W.A.N) പദ്ധതി നടപ്പാക്കുന്നതും, കെ ഫോണ്‍ കൊണ്ടുവരുന്നതും കറക്ക് കമ്പനിയായ എസ്.ആര്‍.ഐ.ടി (S.R.I.T) ആണ്,’ സതീശന്‍ പറഞ്ഞു.