| Sunday, 28th January 2024, 12:08 pm

മമ്മൂട്ടിക്ക് എന്തുകൊണ്ട് പത്ഭൂഷണില്ല; കാൽ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നിൽക്കുകയാണ്: വി.ഡി. സതീശൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്രശോഭ ലഭിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . ചിരഞ്ജീവിക്ക് പത്മവിഭൂഷണും മിഥുൻ ചക്രവർത്തിക്ക് പത്മഭൂഷണും എന്ന വാർത്ത കേട്ടപ്പോൾ തന്റെ മനസിലേക്ക് ആദ്യം ഓർമ വന്നത് മമ്മൂട്ടിയുടെ പേരാണെന്നും വി.ഡി സതീശൻ പറഞ്ഞു. അദ്ദേഹത്തിന് 1998 ൽ പത്മശ്രീ കിട്ടിയതാണെന്നും കാൽ നൂറ്റാണ്ടിനിപ്പുറം അവിടെത്തന്നെ നിൽക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ താൻ വിസ്തരിക്കേണ്ടതില്ലെന്നും വി.ഡി. സതീശൻ  തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചു. പി.ഭാസ്കരൻ മാഷിൻ്റെയും ഒ.എൻ.വിയുടേയും സമകാലികനാണ് ശ്രീകുമാരൻ തമ്പിയെന്നും പുരസ്‌കാരത്തിന് അദ്ദേഹം എന്നേ അർഹനാണെന്നും വി.ഡി സതീശൻ പറഞ്ഞു.

‘ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭൻ, സാനു മാഷ്, സി. vi, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ,എം.എൻ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്. വിജയൻ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളിൽ നിന്ന് ഇപ്പോഴും അകന്ന് നിൽക്കുകയാണ് പത്മ പുരസ്കാരങ്ങൾ. പ്രവർത്തന മേഖലകളിൽ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.

ചിരഞ്ജീവിക്ക് പത്മവിഭൂഷൺ, മിഥുൻ ചക്രവർത്തിക്ക് പത്മഭൂഷൺ എന്ന വാർത്ത കഴിഞ്ഞ ദിവസം പത്രങ്ങളിൽ വായിച്ചപ്പോൾ ഞാൻ ആദ്യം ഓർത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998ൽ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാൽ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നിൽക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിൻ്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാൻ വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ തർക്കമില്ല.

പി.ഭാസ്കരൻ മാഷിൻ്റെയും ഒ.എൻ.വിയുടേയും സമകാലികനാണ് ശ്രീകുമാരൻ തമ്പി. പത്മ പുരസ്ക്കാരത്തിന് എന്നേ അർഹൻ. എന്താണ് പുരസ്കാര പട്ടികയിൽ ആ പേരില്ലാത്തത്? രാജ്യം നൽകുന്ന ആദരമാണ് പത്മ പുരസ്കാരങ്ങൾ. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കൽപ്പത്തെ കൂടുതൽ ഉജ്വലമാക്കുന്നതാവണം രാജ്യം നൽകുന്ന ആദരം. എല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ,’ വി.ഡി. സതീശൻ  കുറിച്ചു.

Content Highlighgt: V.D Satheesan about the padmashree award discrimination

 
We use cookies to give you the best possible experience. Learn more