| Saturday, 22nd May 2021, 3:18 pm

2011ല്‍ മന്ത്രി സ്ഥാനം ലഭിച്ചില്ല, കോണ്‍ഗ്രസ് മാറ്റം ആവശ്യപ്പെടുന്ന സമയത്ത് പ്രതിപക്ഷ നേതൃപദവിയിലേക്ക്; വി.ഡി. സതീശനിലെ പ്രതീക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വലിയ ചര്‍ച്ചകള്‍ക്കും നീണ്ട അന്വേഷണങ്ങള്‍ക്കുമൊടുവില്‍ പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്റ് തെരഞ്ഞടുത്തിരിക്കുകയാണ്. മികച്ച വിജയം നേടി ചരിത്രത്തിലാദ്യമായി തുടര്‍ ഭരണം നേടിയിട്ടും, വലിയ മാറ്റത്തോടെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയായിരുന്നു ഇടതുമുന്നണി സര്‍ക്കാര്‍ രൂപീകരിച്ചത്. ഈ മാറ്റത്തെ നേരിടാന്‍ കൂടിയാണ് രമേശ് ചെന്നിത്തല അടക്കമുള്ള സീനിയര്‍ നേതാക്കളെ ഒഴിവാക്കി നിലവില്‍ എ.ഐ.സി.സി സെക്രട്ടറിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.ഡി. സതീശനെ കോണ്‍ഗ്രസ് നേതൃത്വം പ്രതിപക്ഷത്തിന്റെ തലവനാക്കുന്നത്.

2011ല്‍ യു.ഡി.എഫ് അധികാരത്തില്‍ എത്തിയപ്പോള്‍ വി.ഡി സതീശന് മന്ത്രിസഭയില്‍ ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 2011 മുതല്‍ ഇതുവരെ നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. വി.ഡി സതീശന്റെ ഈ പ്രകടനം തന്നെയാണ് കേരളത്തിലെ യു.ഡി.എഫും കോണ്‍ഗ്രസും വലിയൊരു മാറ്റം ആവശ്യപ്പെടുന്ന ഈ സമയത്ത് നായകനായി നേതൃസ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിച്ചത്.

കാര്യങ്ങള്‍ പഠിച്ച് വ്യക്തതയോടെ അവതരിപ്പിക്കാനുള്ള സതീശന്റെ മിടുക്ക് പ്രതിപക്ഷത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സി.പി.ഐ.എമ്മിലടക്കം രാഷ്ട്രീയത്തിനതീതമായി നിരവധി സൗഹൃദങ്ങളുള്ള ആളാണ് അദ്ദേഹം.

ആന്റണി, ആന്റണിക്ക് ശേഷം ഉമ്മന്‍ചാണ്ടി, ഉമ്മന്‍ ചാണ്ടിക്ക് ശേഷം രമേശ് ചെന്നിത്തല ഇങ്ങനെ അയിരുന്നു കരുണാകരനു ശേഷം കോണ്‍ഗ്രസിലെ നേതൃമാറ്റം. 1991ല്‍ കരുണാകരന്‍. 96ല്‍ ആന്റണി. 2006ലും 2011ലും ഉമ്മന്‍ചാണ്ടി, 2016ല്‍ രമേശ് ചെന്നിത്തല എന്നിങ്ങനെയായിരുന്നു ആ മാറ്റം.

ഈ നിരയിലേക്കാണിപ്പോള്‍ വി.ഡി സതീശന്റെ വരവ്. എന്നാല്‍ കാര്യശേഷിയുള്ള നേതാവിനെ പ്രതിപക്ഷത്തിനും കോണ്‍ഗ്രസിനും ആവശ്യമുള്ള സമയത്താണ് പുതിയമാറ്റം തന്നിലേക്ക് വരുന്നതെന്ന അധിക ഉത്തരവാദിത്തം ഇപ്പോള്‍ സതീശനുണ്ട്.

‘സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരുപാധിക പിന്തുണ, വര്‍ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത നിലപാട്’ എന്നാണ് ആദ്യത്തെ തന്റെ വാര്‍ത്താ സമ്മേളനത്തില്‍ വി.ഡി സതീശന്‍ പറഞ്ഞത്.

നിലവില്‍ എ.ഐ.സി.സി സെക്രട്ടറിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.ഡി. സതീശന്‍ പറവൂരില്‍ നിന്നുള്ള നിയുക്ത എം.എല്‍.എയാണ്. 2001ലെ കന്നി തെരഞ്ഞെടുപ്പില്‍ പറവൂരില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. 2006ലും 2011ലും 2016ലും വിജയം ആവര്‍ത്തിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഇടതു തരംഗത്തെ അതിജീവിച്ച് മികച്ച വിജയം നേടിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.

പരേതനായ വടശ്ശേരി കെ. ദാമോദരന്റെയും വിലാസിനിയമ്മയുടെയും മകനായി 1963 മെയ് 31 ന് ജനിച്ച വി.ഡി. സതീശന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. സേക്രഡ് ഹാര്‍ട് കോളേജില്‍ നിന്ന് ബിരുദവും രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. 1986 ല്‍ എം.ജി. സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് എല്‍.എല്‍.ബിയും തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിന്ന് എല്‍.എല്‍.എമ്മും നേടി. തുടര്‍ന്ന് കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി കുറച്ച് കാലം പ്രാക്ടീസ് ചെയ്യുകയും ചെയ്തു.

2010 ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് ലോട്ടറി വിവാദത്തില്‍ നടത്തിയ ഇടപെടലിലൂടെയാണ് വി.ഡി. സതീശന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഹരിത എം.എല്‍.എമാര്‍ എന്നറിയപ്പെട്ട സംഘത്തിലെ പ്രമുഖനായിരുന്നു അദ്ദേഹം. 2011ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം മന്ത്രിയാകുമെന്ന് ഏറെ പേരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് മസാല മബോണ്ട്, കിഫ്ബി വിവാദങ്ങളില്‍ അന്ന് ധനമന്ത്രിയായിരുന്ന തോമസ് എസകുമായി ഏറ്റുമുട്ടിയതിലൂടെയും വി.ഡി. സതീശന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വര്‍ണക്കടത്ത് വിവാദങ്ങളെത്തുടര്‍ന്ന് ഒന്നാം പിണറായി സര്‍ക്കാറിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ അത് സഭയില്‍ അവതരിപ്പിച്ചതും വി.ഡി. സതീശനായിരുന്നു. മികച്ച എം.എല്‍.എയ്ക്കുള്ള 25 ലേറെ അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS :V.D. in Satheesan’s  position of Leader of the Opposition when Congress demands change

We use cookies to give you the best possible experience. Learn more