[]ന്യൂദല്‍ഹി: ചത്തീസ്ഗഡില്‍ മാവോവാദി ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വി.സി ശുക്ല അന്തരിച്ചു. കഴിഞ്ഞ മാസം അവസാനത്തിലായിരുന്നു വി.സി ശുക്ലക്കെതിരെ മാവോവാദി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.[]
മാവോവാദി ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്‍മ, പി.സി.സി. പ്രസിഡന്റ് നന്ദ് കുമാര്‍ പട്ടേല്‍ , മകന്‍ ദിനേശ്, മുന്‍ എം.എല്‍.എ ഉദയ് മുദലിയാര്‍ എന്നിവരടക്കം 27 പേരും നേരത്തെ കൊല്ലപ്പെട്ടിരുന്നു.
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് റാലിക്കിടെ നേതാക്കന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം മാവോവാദി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ബസ്തറിലെ ധാരാഘട്ടിലായിരുന്നു സംഭവം നടന്നിരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്ന പരിവര്‍ത്തന്‍ യാത്ര കഴിഞ്ഞ് കെഷ്‌ലൂറില്‍നിന്ന് സുക്മയിലേക്ക് മടങ്ങുകയായിരുന്ന നേതാക്കള്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരേയാണ് ആക്രമണമുണ്ടായത്.
മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന രവിശങ്കര്‍ ശുക്ലയുടെ മകനാണ് അന്തരിച്ച വി.സി ശുക്ല. അടിയന്തരാവസ്ഥ കാലത്ത് പാര്‍ലമെന്റിലെ ധനമന്ത്രിയായിരുന്നു ശുക്ല.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വി.സി ശുക്ലയെ റായ്പൂരില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി ദല്‍ഹിയില്‍ എത്തിച്ചിരുന്നു. ഇതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതോടെ മരണം സംഭവിക്കുകയായിരുന്നു.
1967 ലാണ് ശുക്ല ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടേയും, നരസിംഹ റാവു മന്ത്രി സഭകളിലും അദ്ദേഹം മന്ത്രിയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് വാര്‍ത്താവിനിമയ മന്ത്രിയായിരുന്നു. ഇതിന് പുറമേ പ്രതിരോധ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.
9 തവണ ലോക്‌സഭാംഗമായിരുന്ന വി.സി ശുക്ല ചത്തീസ്ഗഡ് രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കെ വി.സി ശുക്ലയുടെ മരണം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.