പി.ജെ ജോസഫിന്റെ സീറ്റ് അട്ടിമറിച്ചത് ജോസ് കെ മാണിയും നിഷ ജോസ് കെ മാണിയുമെന്ന് വി.സി ചാണ്ടി
D' Election 2019
പി.ജെ ജോസഫിന്റെ സീറ്റ് അട്ടിമറിച്ചത് ജോസ് കെ മാണിയും നിഷ ജോസ് കെ മാണിയുമെന്ന് വി.സി ചാണ്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th March 2019, 1:10 pm

കോട്ടയം: പി.ജെ ജോസഫിന്റെ സ്ഥാനാര്‍ഥിത്വം അട്ടിമറിച്ചത് ജോസ് കെ മാണിയും നിഷ ജോസ് കെ മാണിയും ചേര്‍ന്നാണെന്ന് കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗം വി.സി ചാണ്ടി. പാര്‍ട്ടിയില്‍ നടക്കുന്നത് ഏകാധിപത്യ ഭരണമാണെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവനെ സഹായിക്കാനാണ് തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും വി.സി ചാണ്ടി ആരോപിച്ചു.

പി.ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് കേരളാ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത്. ജോസഫിന് സീറ്റ് നിഷേധിച്ചത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ജോര്‍ജ്, കണ്ണൂര്‍ ജില്ല സെക്രട്ടറി റോജസ് സെബാസ്‌റ്യന്‍ എന്നിവര്‍ രാജിവെച്ചിരുന്നു.


തോമസ് ചാഴികാടനു വേണ്ടി ജോസ് കെ മാണിയും വി.എന്‍ വാസവനും രഹസ്യ കരാര്‍ ഉണ്ടാക്കിയെന്ന് പി.സി ജോര്‍ജും പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയ്ക്ക് വി.എന്‍ വാസവനുമായി രഹസ്യ കച്ചവടമുണ്ടായിരുന്നു. ആ രഹസ്യ കച്ചവടത്തിലൂടെ ജോസ് കെ മാണിയ്ക്ക് ലാഭം കിട്ടിയിട്ടുമുണ്ട്. ആ ലാഭത്തിന് പ്രത്യുപകാരം ചെയ്യുക എന്ന നിലയില്‍ത്തന്നെയാണ് സ്ഥിരം തോല്‍വിക്കാരനായ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്നായിരുന്നു പി.സി ജോര്‍ജിന്റെ പ്രസ്താവന.

പാര്‍ട്ടിയുടെ വര്‍ക്കിംങ് പ്രസിഡന്റ് ആവശ്യപ്പെട്ടാല്‍ സീറ്റ് കൊടുക്കുകയെന്നുള്ളതാണ് മര്യാദയെന്നും അത് കൊടുക്കാതെയാണ് ഇപ്പോള്‍ സ്ഥിരം തോല്‍ക്കുന്ന ഒരു ആളെപ്പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോട്ടയത്ത് തോമസ് ചാഴികാടനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞിരുന്നു. ജോസഫ് വികാരപരമായ തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് കെ.എം മാണിയുടെ പ്രതികരണം.


അതേസമയം, കോട്ടയത്ത് വിമതനായി മത്സരിക്കാനുള്ള നീക്കങ്ങള്‍ പി.ജെ.ജോസഫ് നടത്തുന്നുവെന്ന് സൂചനയുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ വേണ്ടി വന്നാല്‍ ഇടപെടുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്നും അറിയിച്ചിരുന്നു.

കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് മുന്നണി നേതൃത്വം കാണുന്നതെന്നും കോട്ടയം സീറ്റില്‍ ഒരു പാളിച്ചയുണ്ടാകാന്‍ അനുവദിക്കില്ലെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞിരുന്നു.