| Saturday, 7th November 2020, 2:30 pm

രാഹുല്‍ ഗാന്ധിയെ 'ഊരുമൂപ്പന്‍' എന്ന് വിശേഷിപ്പിക്കുന്ന സി.പി.ഐ.എം സൈബര്‍ പോരാളികളുടെ അതേ മനോഭാവമാണ് വി അബ്ദുറഹ്മാന് ; വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വയനാടിന്റെ ജനപ്രതിനിധിയായത് കൊണ്ട് രാഹുല്‍ ഗാന്ധിയെ ‘ഊരുമൂപ്പന്‍’ എന്ന് വിശേഷിപ്പിക്കുന്ന സി.പി.ഐ.എം സൈബര്‍ പോരാളികളുടെ അതേ മനോഭാവമാണ് താനൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാനെന്ന് വി.ടി ബല്‍റാം എം.എല്‍. എ

ആദിവാസികള്‍ക്കിടയില്‍ നിന്നും വന്നവര്‍ ഞങ്ങളെ പഠിപ്പിക്കേണ്ടെന്ന എം.എല്‍.എയുടെ പരാമര്‍ശത്തിനെതിരായിരുന്നു വി.ടി ബല്‍റാമിന്റെ വിമര്‍നം.

താനൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാന്റെ വിവാദ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ക്ലാസെടുക്കാറുള്ള സി.പി.ഐ.എം പക്ഷ വയറ്റിപ്പിഴപ്പ് ജീവികള്‍ ഈ വിഷയം അറിഞ്ഞിട്ട് പോലുമില്ലെന്നും ബല്‍റാം പരിഹസിച്ചു.

സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ആദിവാസി, ഊരുമൂപ്പന്‍ എന്നതൊക്കെ ഇന്നും അധിക്ഷേപകരമായിരിക്കാമെന്നും ആ പുഴുത്തു നാറിയ ചിന്താഗതികളുമായി അവര്‍ നടന്നോട്ടെ. എന്നാല്‍ ചിന്തിക്കുന്ന കേരളത്തിന് അത്തരം ഐഡന്റിറ്റികളോട് പൂര്‍ണമായി ഐക്യപ്പെടാന്‍ കഴിയുന്നുണ്ട് എന്നത് തന്നെയാണ് പ്രതീക്ഷയെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

തിരൂര്‍ എം.എല്‍.എ സി. മമ്മൂട്ടിക്ക് എതിരെയായിരുന്നു താനൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാന്റെ വിവാദ പരാമര്‍ശം. ആദിവാസി ഗോത്രക്കാരില്‍ നിന്ന് വന്നവര്‍ തിരൂര്‍ക്കാരെ പഠിപ്പിക്കേണ്ടെന്നും ആദിവാസികളെ പഠിപ്പിച്ചാല്‍ മതിയെന്നുമാണ് വി. അബ്ദുറഹ്മാന്‍ പറഞ്ഞത്.

തിരൂര്‍ മണ്ഡലത്തിലെ വികസന പദ്ധതികളെക്കുറിച്ച് ഇടത് എം.എല്‍.എ അബ്ദുറഹ്മാനും മുസ്ലിം ലീഗ് എം.എല്‍.എ സി. മമ്മൂട്ടിയും തമ്മില്‍ പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.സര്‍ക്കാര്‍ തിരൂര്‍ മണ്ഡലത്തെ അവഗണിക്കുന്നെന്നായിരുന്നു സി. മമ്മൂട്ടി നേരത്തെ ആരോപിച്ചത്. .

ഇതിനെതിരെ വി.അബ്ദുറഹ്മാനും തിരിച്ച് മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച മലയാളം സര്‍വകലാശാല വിവാദമടക്കം പരാമര്‍ശിച്ച് സി. മമ്മൂട്ടി അബ്ദുറഹ്മാനെതിരെ വീണ്ടും രംഗത്തു വന്നു. ഇതിനെതിരെയായിരുന്നു അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ വിവാദ പ്രസ്താവന.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

വയനാടിന്റെ ജനപ്രതിനിധിയായതു കൊണ്ട് രാഹുല്‍ ഗാന്ധിയെ അധിക്ഷേപ സ്വരത്തില്‍ ‘ഊരുമൂപ്പന്‍’ എന്ന് വിശേഷിപ്പിക്കുന്ന സി.പി.ഐ.എം സൈബര്‍ പോരാളികളുടെ അതേ മനോഭാവം തന്നെയാണ് വയനാട്ടുകാരനായ തിരൂര്‍ എം.എല്‍.എ സി.മമ്മൂട്ടിക്കെതിരെയുള്ള പരാമര്‍ശത്തിലൂടെ താനൂരിലെ എല്‍.ഡി.എഫ് എം.എല്‍.എ അബ്ദുറഹിമാനും ആവര്‍ത്തിക്കുന്നത്.

ഇടതുപക്ഷത്തിന്റെ ലേബലണിഞ്ഞ് മറ്റുള്ളവരുടെ ഓരോ വാക്കും വാചകവും തലനാരിഴ കീറി പൊളിറ്റിക്കല്‍ കറക്റ്റ്‌നെസിന്റെ ക്ലാസെടുക്കാറുള്ള സി.പി.ഐ.എം പക്ഷ വയറ്റിപ്പിഴപ്പ് ജീവികള്‍ പലരും ഈ വിഷയം അറിഞ്ഞിട്ട് പോലുമില്ല എന്ന് തോന്നുന്നു. അതില്‍ ഒട്ടും അത്ഭുതമില്ല. വാളയാറില്‍ കേരളത്തിന്റെ നീതിബോധത്തിന് മുമ്പില്‍ ഇപ്പോഴും തൂങ്ങിയാടുന്ന രണ്ട് കുഞ്ഞുടുപ്പുകള്‍ അവര്‍ കാണില്ല, മയക്കുമരുന്ന് മാഫിയാ ഫാമിലിയിലേക്ക് മാത്രമേ അവരുടെ ബാലാവകാശക്കണ്ണ് എത്തുകയുള്ളൂ.

സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ആദിവാസി, ഊരുമൂപ്പന്‍ എന്നതൊക്കെ ഇന്നും അധിക്ഷേപകരമായിരിക്കാം. അതു കൊണ്ടാണല്ലോ മറ്റുള്ളവരെ ഇകഴ്ത്താന്‍ ഇത്തരം പ്രയോഗങ്ങള്‍ അവര്‍ കൊണ്ടുനടക്കുന്നത്. ആ പുഴുത്തു നാറിയ ചിന്താഗതികളുമായി അവര്‍ നടന്നോട്ടെ. എന്നാല്‍ ബാക്കി കേരളത്തിന്, ചിന്തിക്കുന്ന കേരളത്തിന്, അഭിമാനബോധമുള്ള കേരളത്തിന് അത്തരം ഐഡന്റിറ്റികളോട് പൂര്‍ണമായി ഐക്യപ്പെടാന്‍ കഴിയുന്നുണ്ട് എന്ന് തന്നെയാണ് ഈ ഘട്ടത്തില്‍ തിരിച്ചറിയുന്നത്. അത് തന്നെയാണ് പ്രതീക്ഷ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: V Abdurahman has the same attitude as the CPI (M) cyber fighters who call Rahul Gandhi ‘Urumooppan’; VT Balram

We use cookies to give you the best possible experience. Learn more